ട്രംപിന് സുപ്രീം കോടതിയുടെ ഇരുട്ടടി;

0
3

വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തിന് സുപ്രീം കോടതിയുടെ തിരിച്ചടി. വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരിക്കെ അവസാന നിമിഷം നൽകിയ ഹർജി കോടതി തള്ളി. ഇതോടെ വർഷങ്ങളായി തുടരുന്ന അതേ രീതിയിൽ തന്നെ സംസ്ഥാനങ്ങൾക്ക് പോസ്റ്റൽ വോട്ടുകൾ അയക്കാൻ സാധിക്കും.

അമേരിക്കൻ തെരഞ്ഞെടുപ്പുകളിലെ ആകെ വോട്ടുകളുടെ മൂന്നിലൊന്നും പോസ്റ്റൽ വോട്ടുകളാണ്. പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്നും അതിനാൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും ട്രംപ് നിരന്തരം വാദിച്ചിരുന്നു. എന്നാൽ ഇതിന് യാതൊരു തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇത് ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത്.

അടിയന്തര ഹർജികളിൽ സാധാരണയായി ചെയ്യാറുള്ളത് പോലെ സുപ്രീം കോടതി ഭൂരിപക്ഷ വിധിക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നാൽ ജഡ്ജിമാരായ സാമുവൽ അലിറ്റോ, ക്ലാരൻസ് തോമസ് എന്നിവർ ഈ ഉത്തരവിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. തപാൽ സംവിധാനങ്ങളെ നിയന്ത്രിക്കാൻ പോസ്റ്റൽ സർവീസിന് വിശാലമായ അധികാരമുണ്ടെന്നും ട്രംപിൻ്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അവർക്ക് കഴിയുമെന്നുമാണ് സാമുവൽ അലിറ്റോ തൻ്റെ വിയോജനക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബ്രെറ്റ് കവനോയും സമ്മതിച്ചു. എന്നാൽ ഭാവിയിൽ ഈ വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നാൽ ട്രംപ് ഭരണകൂടത്തിന് അനുകൂലമായി താൻ വിധിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോസ്റ്റൽ വോട്ടുകൾ അയച്ചുതുടങ്ങി

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വോട്ടെടുപ്പ് പ്രക്രിയയിൽ പൂർണമായ മാറ്റം വരുത്തുക അസാധ്യമാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതിന് മുൻപ് തന്നെ അലബാമ, നോർത്ത് കരോലിന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ വോട്ടർമാർക്ക് പോസ്റ്റൽ വോട്ടുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്. പൂർണമായും തപാൽ വഴി വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഭരണകൂടത്തിൻ്റെ പുതിയ നീക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ അപ്രായോഗികമായ നിബന്ധനകൾ പാലിക്കാതെ തന്നെ സുരക്ഷിതവും കൃത്യവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് വാഷിങ്ടൺ സ്റ്റേറ്റ് സെക്രട്ടറിയും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ സ്റ്റീവ് ഹോബ്സ് പ്രതികരിച്ചു.

പോസ്റ്റൽ വോട്ടുകൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു സംസ്ഥാനമായ അരിസോണയിലെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയാൻ ഫോണ്ടെസും വിധിയെ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പിലെ സുരക്ഷയും വോട്ട് ചെയ്യാനുള്ള സൗകര്യവും രണ്ടും രണ്ടാണെന്ന വാദം തള്ളിക്കളയേണ്ടത് അനിവാര്യമാണെന്ന് ഡെമോക്രാറ്റിക് നേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ തീരുമാനം വന്നതോടെ 2026ലെ തെരഞ്ഞെടുപ്പ് സാധാരണ നിലയിൽ നടക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പായതായി യൂട്ടാ ലെഫ്റ്റനൻ്റ് ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ ഡെയ്ഡ്രെ ഹെൻഡേഴ്സൺ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം കോടതി വിധിയോട് പ്രതികരിക്കാൻ വൈറ്റ് ഹൗസ് ഇതുവരെ തയാറായിട്ടില്ല.

സംസ്ഥാനങ്ങൾ ഒരേ മാതൃകയിലുള്ള കവറുകൾ ഉപയോഗിക്കണമെന്നും അർഹരായ വോട്ടർമാരുടെ പട്ടിക ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കണമെന്നുമായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന നിർദേശം. ഇത് പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് പോസ്റ്റൽ വോട്ടുകൾ വിതരണം ചെയ്യുന്നത് തടയാൻ പോസ്റ്റൽ സർവീസിന് അധികാരം നൽകുന്നതായിരുന്നു പുതിയ പദ്ധതി.

എതിർപ്പുമായി സംസ്ഥാനങ്ങളും അവകാശ സംഘടനകളും

എന്നാൽ പോസ്റ്റൽ സംവിധാനത്തിലെ പുതിയ നിബന്ധനകൾ കാരണം ദശലക്ഷക്കണക്കിന് വോട്ടുകൾ അയക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് ഒരു വിസിൽബ്ലോവർ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പൂർണസജ്ജമല്ലാത്ത ഓൺലൈൻ പോർട്ടലിലെ ചെറിയൊരു ബാർകോഡ് പിഴവ് പോലും ആയിരക്കണക്കിന് വോട്ടുകൾ അസാധുവാകാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് നേതാക്കളും വോട്ടവകാശ സംഘടനകളും കോടതിയെ സമീപിച്ചത്. ഒരു പ്രധാന തെരഞ്ഞെടുപ്പിൻ്റെ തലേദിവസം പോസ്റ്റൽ വോട്ടിങ് ഇല്ലാതാക്കുന്ന തരത്തിൽ നിയമങ്ങൾ മാറ്റാൻ പ്രസിഡൻ്റിന് ഭരണഘടനാപരമായ അധികാരമില്ലെന്ന് അവർ വാദിച്ചു.

ഈ വാദം അംഗീകരിച്ച കീഴ്‌ക്കോടതികൾ ട്രംപിൻ്റെ പദ്ധതി തടയുകയായിരുന്നു. പ്രസിഡൻ്റ് തന്നെ നാമനിർദേശം ചെയ്ത ഒരു ജഡ്ജി ഉൾപ്പെടെയാണ് പദ്ധതിക്ക് ഇടക്കാല സ്റ്റേ നൽകിയത്. എന്നാൽ പോസ്റ്റൽ സർവീസിൻ്റെ നിയന്ത്രണം ഫെഡറൽ സർക്കാരിനായതിനാൽ പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ നിയമങ്ങൾ കൊണ്ടുവരാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീം കോടതിയിൽ ഫെഡറൽ സർക്കാരിന് തുടക്കത്തിൽ ചില അനുകൂല നടപടികൾ ലഭിച്ചിരുന്നെങ്കിലും പദ്ധതിയുടെ നിയമസാധുതയെക്കുറിച്ച് ജഡ്ജിമാർ കൃത്യമായ തീരുമാനം എടുത്തിരുന്നില്ല.

പോസ്റ്റൽ വോട്ടിങ് സംവിധാനത്തെ കാലങ്ങളായി എതിർക്കുന്ന വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. 2020ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോട് താൻ പരാജയപ്പെടാൻ കാരണം പോസ്റ്റൽ വോട്ടുകളാണെന്ന് അദ്ദേഹം വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ വർഷം ഉൾപ്പെടെ സ്വന്തം വോട്ട് രേഖപ്പെടുത്താൻ ട്രംപ് പലപ്പോഴും ഇതേ പോസ്റ്റൽ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here