ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം;

0
4

ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി എന്നിവരുമായാണ് ഹൈദരാബാദ് ഹൗസിൽ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കുന്നു
2024 ജനുവരിയിലാണ് ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം യുഎഇയും ബ്രിക്സിൽ പൂർണ അംഗമായത്. 2025 ജനുവരിയിൽ ഇന്തോനേഷ്യയും പൂർണ അംഗത്വം നേടി. വ്യാപാരം, ഊർജ സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ കൂടിക്കാഴ്ച.

സാമ്പത്തിക, വ്യാപാര പങ്കാളിത്തം വിപുലീകരിക്കാനും ആഗോള വിപണികളിൽ സാന്നിധ്യം ശക്തമാക്കാനുമുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ബ്രിക്സ് അംഗത്വം കരുത്തേകുമെന്ന് യുഎഇ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. വ്യാപാരത്തിനും നിക്ഷേപത്തിനും ഊർജ സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.

എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയും ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. കൂടിക്കാഴ്ചയ്ക്കായി എത്തിയ എത്യോപ്യൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ഊഷ്മളമായി സ്വീകരിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്താണ് സ്വീകരിച്ചത്. കഴിഞ്ഞ ജൂണിൽ നടന്ന എത്യോപ്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച അബി അഹമ്മദ് അലിയെയും അദ്ദേഹത്തിൻ്റെ പ്രോസ്പെരിറ്റി പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ബ്രിക്സ് പങ്കാളിത്ത രാജ്യം എന്ന നിലയിലാണ് മലേഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇതിനായി സെപ്റ്റംബർ 11-നാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയത്. 2026 ഫെബ്രുവരിയിൽ നരേന്ദ്ര മോദി നടത്തിയ മലേഷ്യൻ സന്ദർശനത്തിൻ്റെ തുടർച്ചയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൻ്റെ പുരോഗതി നേതാക്കൾ വിലയിരുത്തി. ആഗോള ഭരണം, സുസ്ഥിര വികസനം, സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഏറ്റവും ഉയർന്ന വേദിയാണ് ബ്രിക്സ് ഉച്ചകോടിയെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഉച്ചകോടിയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള വളർച്ചയ്ക്കായുള്ള ഭാവി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ദേശീയ പ്രസ്താവന അൻവർ ഇബ്രാഹിം അവതരിപ്പിക്കും. വികസന വെല്ലുവിളികൾ നേരിടുന്നതിലും സാമ്പത്തിക അവസരങ്ങൾ വിപുലീകരിക്കുന്നതിലും ബ്രിക്സ് അംഗങ്ങളും പങ്കാളിത്ത രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിൻ്റെ പ്രാധാന്യം മലേഷ്യ ഊന്നിപ്പറയുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാങ്കേതിക മുന്നേറ്റത്തിൻ്റെയും നവീകരണത്തിൻ്റെയും നേട്ടങ്ങൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടും. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൻ്റെ ഭാഗമായി അൻവർ ഇബ്രാഹിം കേരളവും സന്ദർശിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, പ്രാദേശിക കണക്റ്റിവിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ടാണ് കേരള സന്ദർശനം.

18-ാമത് ബ്രിക്സ് ഉച്ചകോടി
സെപ്റ്റംബർ 12, 13 തീയതികളിലാണ് ന്യൂഡൽഹിയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. പ്രതിരോധം, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക എന്നതാണ് ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം. വികസനം, സുസ്ഥിരത, നവീകരണം എന്നീ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. വികസ്വര സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഏകോപനത്തിനും ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ ഗ്ലോബൽ സൗത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന വേദിയായി ബ്രിക്സ് മാറിയിട്ടുണ്ട്. വികസനം, ധനകാര്യം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയവയാണ് പ്രധാന അജണ്ടകൾ.

നിലവിൽ ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ 11 രാജ്യങ്ങളാണ് ബ്രിക്സിലെ പൂർണ അംഗങ്ങൾ. നൈജീരിയ, ബെലാറസ്, ബൊളീവിയ, ക്യൂബ, കസാഖ്സ്ഥാൻ, മലേഷ്യ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ 10 രാജ്യങ്ങൾ പങ്കാളിത്ത രാജ്യങ്ങളായും പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here