കേരളത്തിന് പുതിയ വന്ദേ ഭാരത്; കണ്ണൂർ – ബെംഗളൂരു സർവീസിന് സാധ്യത,

0
3

കോഴിക്കോട്: എറണാകുളം വന്ദേ ഭാരതിന് പുറമെ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭരത് സർവീസിന് കളമൊരുങ്ങുന്നു. ഉത്തരമലബാറിൽ നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യമാണ് റെയിൽവേ ബോർഡിന് മുന്നിലേക്ക് എത്തുന്നത്. സർവീസ് ആവശ്യം റെയിൽവേ ബോർഡിന് മുന്നിൽ ഉന്നയിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) കോഴിക്കോട് എംപി എംകെ രാഘവന് ഉറപ്പ് നൽകി.

പുതിയ പ്രതിദിന വന്ദേ ഭാരത് സ്ലീപ്പർ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്ന കാര്യവും റെയിൽവേ ബോർഡിന് മുൻപാകെ ഉന്നയിക്കാമെന്നാണ് ഡിആർഎം ഉറപ്പ് നൽകിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള യാത്രാ റൂട്ടാണ് ബെംഗളൂരുവിലേക്കുള്ളത്. നിലവിൽ എറണാകുളത്ത് നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ഒരു വന്ദേ ഭാരത് സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഏക സെമി ഹൈസ്പീഡ് ട്രെയിൻ ഇതാണ്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കണമെന്ന ആവശ്യം റെയിൽവേ ബോർഡിന് മുന്നിലുണ്ട്. ഇതിന് പിന്നാലെയാണ് കണ്ണൂർ – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ വേണമെന്ന ആവശ്യവും ഉയർന്നിരിക്കുന്നത്. ഉത്തരമലബാറിൽനിന്ന് പാലക്കാടുവഴി ബെംഗളൂരുവിലേക്ക്‌ വന്ദേ ഭാരത് സ്ലീപ്പറോ എക്സ്പ്രസ് ട്രെയിനോ വേണമെന്നാണ് ആവശ്യം. നിലവിലെ യാത്രാ തിരക്കിൻ്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് ഹിറ്റാകുമെന്ന് ഉറപ്പാണ്.

നേരത്തെ പരിഗണിച്ചിരുന്ന ഗോവ – മംഗളൂരു വന്ദേ ഭാരത് ട്രെയിൻ കോഴിക്കോടേക്ക് നീട്ടുന്ന കാര്യം റെയിൽവേ ബോർഡിന് മുന്നിൽ ഉന്നയിക്കുമെന്നും എംകെ രാഘവൻ എംപിയ്ക്ക് ഡിആർഎം മധുകർറോട്ട് ഉറപ്പ് നൽകി. സംസ്ഥാനത്ത് നിലവിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം – കാസർകോട്, മംഗളൂരു – തിരുവനന്തപുരം – എറണാകുളം – ബെംഗളൂരു എന്നിവ. വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ ഇറങ്ങുമ്പോൾ കേരളത്തിന് പുതിയ സർവീസ് ലഭിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ബെംഗളൂരു വന്ദേ ഭാരത് യാഥാർഥ്യമാകാൻ സാധ്യതകളേറെയാണ്.

ഇതിനൊപ്പം പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരുവിനെ പശ്ചിമ റെയിൽവേയിലേക്ക് മാറിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 24 കോച്ചുകൾ പരിപാലിക്കാൻ ശേഷിയുള്ള പിറ്റ്‌ലൈൻ സ്ഥാപിക്കാനും കല്ലായിൽ ലിമിറ്റഡ് യൂസ് സബ്‌വേ അനുവദിക്കുന്നതിന്‌ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്നും ഡിആർഎം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here