റേഷൻ വീട്ടുപടിക്കലെത്തിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായവും തേടും; ‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു

0
4

കൊച്ചി: കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ‘ ഒപ്പം പദ്ധതി ’ വിപുലീകരിക്കാൻ ഭക്ഷ്യവിതരണ വകുപ്പ്. ഗുണഭോക്താക്കളുടെ എണ്ണം കൂട്ടി ഭക്ഷ്യവിതരണം കൂടുതൽ കാര്യക്ഷമമാക്കും. കിടപ്പ് രോഗികൾക്ക് വീട്ടിൽ റേഷൻ എത്തിക്കുക എന്നത് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്നതാണ്.

ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ളവരുടെ സഹായത്തോടെ റേഷൻ വീട്ടിലെത്തിക്കുന്ന പരിപാടി നടപ്പിലാക്കാനണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ സന്നദ്ധ സംഘടനകളുടെയും സഹായം തേടും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാൻ കഴിയുമെങ്കിൽ ആ നിലയ്ക്കും നടപ്പാക്കും.

കിടപ്പു രോഗികകളില്‍ സഹായം ആവശ്യമുള്ളവരായി നിലവിൽ 2669 പേരെയാണ് തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നത്. 23968 പേരാണ് ആകെ കിടപ്പു രോഗികളുള്ളതെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഇവരിൽ റേഷൻ കടയിൽ എത്താൻ ഒരു വഴിയുമില്ലാത്തവരായി 2669 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഒപ്പം പദ്ധതിയിൽ കോഴിക്കോട് ജില്ലയില്‍ മാത്രം 427 ഗുണഭോക്താക്കളുണ്ട്. തിരുവനന്തപുരത്ത് 183 ഗുണഭോക്താക്കളുണ്ട്. കോട്ടയത്ത് 66 പേർ. കൊല്ലം 321, പത്തനംതിട്ട 73, ആലപ്പുഴ 203, ഇടുക്കി 211, എറണാകുളം 184, തൃശ്ശൂർ 231, പാലക്കാട് 172, മലപ്പുറം 342, വയനാട് 77, കണ്ണൂർ 92, കാസർകോട് 87 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

അതെസമയം കിടപ്പുരോഗികൾക്ക് ഏതുതരം കാർഡുകളാണ് എന്നതിനെ ആശ്രയിച്ചായിരിക്കും റേഷൻ ലഭ്യത. സംപ്തംബർ മാസത്തെ റേഷൻ വിഹിത കണക്കുകൾ പ്രകാരം അന്ത്യോദയ അന്ന യോജന കാർഡിൽ 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമാണ്. എഎവൈ കാർഡിൽ 3 പായ്കറ്റ് ആട്ട 7 രൂപാ നിരക്കിൽ കിട്ടും. മുൻഗണനാ വിഭാഗം കാർഡിലാണെങ്കിൽ കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി വീതം സൗജന്യമാണ്. 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഈ കാർഡിൽ ആട്ട പായ്ക്കറ്റിന് 9 രൂപാ നിരക്കിൽ ലഭിക്കും. സെപ്തംബറിൽ അധികവിഹിതമായി കാർഡിന് 3 കിലോ അരി ഒരു കിലോയ്ക്ക് 26 രൂപാ നിരക്കിൽ നൽകുന്നുണ്ട്.

സൗജന്യ അരി ഈ രണ്ട് കാർഡുകളിലാണ് ലഭിക്കുന്നത്. പൊതു വിഭാഗം സബ്‌സിഡി റേഷൻ കാർഡിൽ ഓരോ കാർഡ് അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപാ നിരക്കിൽ നൽകുന്നുണ്ട്. ഈ മാസം സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പുമുണ്ട്. വില കിലോയ്ക്ക് 8.70 രൂപ. അധിക വിഹിതമായി കാർഡിന് 10 കിലോ അരി വീതവും നൽകുന്നു. ഇത് കിലോയ്ക്ക് 26 രൂപയ്ക്കാണ് നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here