കെഎസ്ഇബി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടും പവര്‍കട്ട് മുന്നറിയിപ്പ് സന്ദേശം കിട്ടിയില്ല?

0
3

കൊച്ചി: പവർ‌കട്ട് സംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശം എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് കഴിഞ്ഞ ദിവസം പാലിക്കപ്പെട്ടില്ല. വാട്സാപ്പിലൂടെയും, എസ്എംഎസ് സംവിധാനത്തിലൂടെയും കറന്റ് പോകുന്ന കാര്യം മുൻകൂട്ടി അറിയിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. സെപ്തംബർ 10ന് വൈകീട്ട് മുതൽക്ക് ഈ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പതിവുപോലെ പവർകട്ട് ഉണ്ടായെങ്കിലും സന്ദേശം ലഭിച്ചത് വളരെ കുറച്ച് പേർക്ക് മാത്രമാണ്.

അതെസമയം, കഴിഞ്ഞ ദിവസം സന്ദേശമയക്കലിന്റെ പരീക്ഷണം നടത്തുകയായിരുന്നു കെഎസ്ഇബി എന്നും വിവരമുണ്ട്. തിരുവനന്തപുരത്തെ ചില മേഖലകളിൽ മാത്രമായി ടെസ്റ്റിങ് പരിമിതപ്പെടുത്തിയിരുന്നു. ഇന്നും നാളയും മുതൽക്ക് എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണ സന്ദേശങ്ങൾ എത്തിത്തുടങ്ങും.

കെഎസ്ഇബിയുടെ ആപ്പിലെ ‘വിത്ത് യൂ’ എന്ന സൗകര്യത്തിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം സന്ദേശം എത്തും. കൺസ്യൂമർ നമ്പറിലെ രജിസ്‌ട്രേഡ് ഫോൺ നമ്പറിലേക്കാണ് പവർകട്ട് സമയം സന്ദേശമായി വരിക. 6.30 മുതൽ രാത്രി 12.45 വരെയാണ് കേരളത്തിൽ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലായി നടക്കുന്നത്. ഇക്കാരണത്താൽ ഈ സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം നടപ്പാക്കുക.

രാജ്യത്താകെ വൈദ്യുതി ആവശ്യകത വർധിച്ചുവെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇക്കാരണത്താൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല. പവർ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതി കുറഞ്ഞിരിക്കുകയാണ്. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറവാണ്. മൺസൂൺ മഴയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് സർക്കാർ വിശദീകരിക്കുന്നു. അതെസമയം ഇന്നലെ മുൻ ദിവസങ്ങളിലേതിനെ അപേക്ഷിച്ച് 95 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം വർദ്ധിച്ചു.

എന്നാൽ എൽ നിനോയും, മഴക്കുറവും പുതിയ പ്രതിഭാസമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. പ്രശ്നം സർക്കാരിന് ഏകോപനം നടത്താനുള്ള നേതൃത്വശേഷിയില്ല എന്നതാണെന്ന് പ്രതിപക്ഷ നേതാക്കൾ വിമര്‍ശിക്കുന്നു. മുൻ വൈദ്യുതി വകുപ്പ് മന്ത്രിമാരായ എംഎം മണിയും, കെ കൃഷ്ണൻകുട്ടിയും ഈ വിമർശനം ഉന്നയിച്ചിരുന്നു. വൈദ്യുതി മന്ത്രിക്കും ഉദ്യോഗസ്ഥർക്കും വൈദ്യുതി ലഭ്യമാകുന്ന സ്ഥലത്തു നിന്ന് എത്തിക്കാനുള്ള കഴിവുകേടാണ് ദൃശ്യമാകുന്നത് എന്നാണ് വിമർശനം. ഇതിനായി മന്ത്രിക്ക് ഏകോപനം സാധിക്കുന്നില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. അണക്കെട്ടുകളിൽ 63 ശതമാനം മാത്രം വെള്ളമേയുള്ളൂ എന്ന ന്യായത്തിൽ കഴമ്പില്ല. 31 ശമാനം മാത്രം വെള്ളമുള്ള വർഷങ്ങളിലും വൈദ്യുതി മുടങ്ങാതെ നോക്കാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു എന്ന് കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണ് ഈ സർക്കാരിന്റെ കാലത്ത് വൈദ്യുതി ഇല്ലാത്തതെന്ന് കെ കൃഷ്ണൻകുട്ടി സമ്മതിച്ചു എന്നായിരുന്നു മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here