സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത,

0
2

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിൻ്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴയെത്തുന്നത്. സെപ്റ്റംബർ 10 മുതൽ 13 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അലർട്ട് നൽകിയിട്ടുള്ളത്. 11ന് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും 12ന് പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

തുടരുന്ന ഉയർന്ന താപനില
മഴയ്ക്കുള്ള സാധ്യതകൾക്കിടയിലും സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.2 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. കോട്ടയത്ത് 34.6 ഡിഗ്രി സെൽഷ്യസും കൊച്ചിയിൽ 34 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരത്ത് 33.6 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പം വർധിച്ചുനിൽക്കുന്നതും ജനങ്ങളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

വില്ലനായി എൽ നിനോ പ്രതിഭാസം
എൽ നിനോ പ്രതിഭാസം കേരളത്തിൻ്റെ കാലാവസ്ഥയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സമീപവർഷങ്ങളിൽ കാണാത്ത കടുത്ത ചൂടാണ് ഈ സെപ്റ്റംബറിൽ അനുഭവപ്പെടുന്നത്. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷത്തിൽ 25 ശതമാനത്തിൻ്റെ കുറവുണ്ടായത് ഏറെ ആശങ്കപ്പെടുത്തുന്നു. വയനാട് ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതിപോലും ഇവിടെ ലഭിച്ചിട്ടില്ല. 52 ശതമാനം മഴക്കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് കാർഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം.

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് കേരളത്തിലെ മൺസൂൺ മഴയെ ദുർബലപ്പെടുത്തുകയും അങ്ങേയറ്റത്തെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പസഫിക്കിലെ താപനില വർധന അന്തരീക്ഷ താപനില ഉയർത്തുന്നതിനൊപ്പം കേരളത്തിൽ മഴയുടെ അളവിൽ ശരാശരി 21 മുതൽ 22 ശതമാനം വരെ കുറവുണ്ടാക്കും. ഇതിനുപുറമെ തീവ്രമഴയും മിന്നൽ പ്രളയങ്ങളും മാറിമാറി വരുന്ന പ്രതിഭാസത്തിനും ഇത് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ ശക്തി പ്രാപിക്കുന്ന സൂപ്പർ എൽ നിനോയുടെ പ്രഭാവം 2027 ഫെബ്രുവരി വരെ നീളാൻ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥ സംഘടന നൽകുന്ന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here