പയ്യന്നൂർ: പയ്യന്നൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നേപ്പാളിലേക്ക് വിനോദയാത്ര പോയ 37 പേർ പ്രളയത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്നു. മിന്നൽപ്രളയത്തെ തുടർന്ന് മുന്നോട്ട് പോകാനോ തിരികെ വരാനോ സാധിക്കാതെ കുടുങ്ങി കിടക്കുകയാണ് ഇവരെന്ന് പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പയ്യന്നൂർ സ്വദേശികൾ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ആളുകൾ ഇപ്പോഴുള്ള ലൊക്കേഷൻ, ഫോൺ നമ്പറുകൾ എന്നിവ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗത്തിൽ ആവശ്യമായി ഇടപെടൽ നടത്തി മുഴുവൻ ആളുകളെയും നാട്ടിലെത്തിക്കാൻ സാധിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച വിവരം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഒന്നുകൊണ്ടും പേടിക്കേണ്ട സാഹചര്യം നിലവിലില്ല. യാത്ര പോയ എല്ലാ ആളുകളും സുരക്ഷിതരാണ്, അവരോട് സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. വി കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. അതേസമയം നേപ്പാളിൽ 250ലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ ഉള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഇന്നലെ രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ ജലനിരപ്പുയരുകയും പ്രളയജലം ഇരച്ചെത്തുകയുമായിരുന്നു. രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയിട്ടുണ്ട്.
അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. 150ലേറെ മരണം സ്ഥിരീകരിച്ചു. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിയാളുകളെ കാണാതായെന്ന് നേപ്പാൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചിട്ടുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ പ്രളയത്തിൽ തകർന്നെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടിയന്തര സഹായവുമായി ഇന്ത്യ
മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യ അടിയന്തരസഹായം അയച്ചു. താത്കാലിക ടെൻ്റുകൾ, കമ്പിളി , ശുചിത്വ കിറ്റുകൾ , സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചെന്നും ഇന്ത്യ നേപ്പാളിനൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും സഹായങ്ങളുമായും നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.
ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ
ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലും രംഗ്തതെത്തി.ദുരിതാശ്വാസത്തിൻ്റെ ഭാഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.






