ആന്ധ്രാപ്രദേശിൽ കാൻസർ രോഗികൾ കൂടുന്നു; പ്രതിരോധിക്കാൻ പുതിയ കർമപദ്ധതിയുമായി സർക്കാർ

0
6

ആന്ധ്രാപ്രദേശിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർധന. സംസ്ഥാനത്തെ കാൻസർ ബാധിതരിൽ 70 ശതമാനവും 40 മുതൽ 69 വരെ പ്രായമുള്ളവരാണെന്ന് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു.

2020 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്ത് പുതിയ കാൻസർ കേസുകളുടെ വർധനവിൻ്റെ ദേശീയ ശരാശരി 12.8 ശതമാനമാണ്. എന്നാൽ ആന്ധ്രാപ്രദേശിൽ ഇത് 39.5 ശതമാനമായി ഉയർന്നുവെന്നത് ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ 4.73 ലക്ഷം കാൻസർ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യം നേരിടാൻ കൃത്യമായ മെഡിക്കൽ തന്ത്രം നടപ്പാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിന് പകരം, നേരത്തെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിനായി ‘ബയോഫൗണ്ടറി ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചു.

അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാൻസറിനെ നേരിടാനുള്ള പദ്ധതികളാണ് ഈ ടാസ്ക് ഫോഴ്സ് തയ്യാറാക്കുന്നത്. ബയോപ്സി സാമ്പിളുകൾ ദീർഘകാലം സൂക്ഷിക്കുന്നതിനായി ഡിജിറ്റൽ ഹിസ്റ്റോപത്തോളജിയും ഇലക്ട്രോണിക് റെക്കോർഡുകളും സംയോജിപ്പിച്ച് സംസ്ഥാനതലത്തിൽ ബയോബാങ്ക് സ്ഥാപിക്കും. കാൻസർ ഗവേഷണത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻ്റഗ്രേറ്റീവ് ബയോളജി (സിഎസ്ഐആർ-ഐജിഐബി), സെൻ്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി) എന്നിവയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

സേവനങ്ങൾ വിപുലീകരിക്കാൻ കർമപദ്ധതി
കാൻസർ കേസുകൾ നിയന്ത്രിക്കുന്നതിനും ആരോഗ്യ പരിരക്ഷ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ സർക്കാർ കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമായി പ്രാദേശിക മെഡിക്കൽ സേവനങ്ങൾ വിപുലീകരിക്കും. ഇതിലൂടെ രോഗികൾ ചികിത്സയ്ക്കായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കാനാകും. ആദ്യഘട്ടത്തിൽ ഗുണ്ടൂർ, വിശാഖപട്ടണം, കർണൂൽ, കടപ്പ എന്നിവിടങ്ങളിൽ നാല് സമഗ്ര കാൻസർ കേന്ദ്രങ്ങൾ (സിസിസി) സ്ഥാപിച്ചു.

23 ജില്ലകളിലായി 17 ഓങ്കോളജി യൂണിറ്റുകളും ജില്ലാ ഡേ കെയർ കീമോതെറാപ്പി കേന്ദ്രങ്ങളും (ഡിസിസിസി) സജ്ജമാക്കിയിട്ടുണ്ട്. എൻടിആർ വൈദ്യസേവാ ട്രസ്റ്റ് വഴി ഓങ്കോളജി വിഭാഗത്തിനുള്ള ഫണ്ട് വർധിപ്പിച്ചു. പ്രതിവർഷം 746 കോടി രൂപയാണ് ഇതിനായി ചെലവാക്കുന്നത്. കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 3.45 ലക്ഷം പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിൻ നൽകി.

രോഗബാധിതരിൽ കൂടുതലും സ്ത്രീകൾ
സംസ്ഥാനത്ത് പ്രതിവർഷം 76,000 പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ 40,000ത്തിലധികം പേർ രോഗം ബാധിച്ച് മരിക്കുന്നതായാണ് സർക്കാരിൻ്റെ കണ്ടെത്തൽ. കാൻസർ ബാധിതരായ സ്ത്രീകളിൽ 59 മുതൽ 61 ശതമാനം വരെ പേർ സ്തനാർബുദവും ഗർഭാശയഗള കാൻസറും ബാധിച്ചവരാണ്.

പുരുഷന്മാരിൽ വായ, ശ്വാസകോശ കാൻസറുകളിൽ 1.7 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ക്രീനിങ് സമയത്ത് രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരിൽ 88.2 ശതമാനം പേരും തുടർ പരിശോധനകൾ നടത്താൻ മടികാണിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗം മൂർച്ഛിച്ച് ജീവൻ അപകടത്തിലാകുന്ന അവസ്ഥയിലാണ് പലരും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. ഇത് മരണനിരക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്. ജനങ്ങൾക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തി പരിശോധനകൾ പ്രോത്സാഹിപ്പിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here