രണ്ട് വര്‍ഷത്തോളം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടുവെന്നും അതില്‍ നിന്നും താന്‍ സുഖപ്പെട്ടുവരുന്നുവെന്നും നടി അനുപമ പരമേശ്വരന്‍. നാര്‍സിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അനുപമ തന്നെ പങ്കുവച്ച അഭിമുഖത്തിലാണ് താന്‍ കടന്നുപോയ അനുഭവങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.തന്നെപ്പോലെ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് തുറന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അനുപമ തന്റെ ദുരനുഭവങ്ങള്‍ വിശദീകരിച്ചത്.
ഒരു നാര്‍സിസിസ്റ്റുമായുള്ള ബന്ധം ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും ജോലിയേയും മറ്റ് ബന്ധങ്ങളേയും ബാധിക്കുന്നുവെന്ന് അനുപമ പറയുന്നു. നമ്മള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന്, പരിഗണിക്കപ്പെടുന്നുവെന്ന്, മറ്റാരുമായും പങ്കുവച്ചിട്ടില്ലാത്ത സംഭാഷണങ്ങള്‍ വരെ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരിക. സ്‌നേഹത്തിന്റെ ലഹരിയില്‍ നമ്മളെ കീഴ്‌പ്പെടുത്തി കഴിയുമ്പോഴാണ് വളരെ മൃദുവായി നമ്മില്‍ അധികാരം പ്രയോഗിച്ച് തുടങ്ങുക. ആദ്യമൊന്നും അത് തിരിച്ചറിയാനാകില്ല. നമ്മുടെ വസ്ത്രത്തെക്കുറിച്ചുള്ള ചെറിയ അഭിപ്രായങ്ങളില്‍ തുടങ്ങി ഈ അധികാര പ്രയോഗം വളരെ രൂക്ഷമാകും.
ഈ സ്‌നേഹത്തിന്റെ പിടിയില്‍ നിന്ന് അത്രവേഗം മോചിതയാകാനും സാധിക്കില്ല. പിന്നീട് ഈ നിയന്ത്രണം കാരണം താന്‍ ജോലിയില്‍ അണ്‍പ്രൊഫഷണല്‍ ആകാന്‍ തുടങ്ങി. സ്വന്തം അനിയനോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ പോലും ഭയന്ന് തുടങ്ങി. പാനിക് അറ്റാക്കുകള്‍ സ്ഥിരമായി. സംസാരിക്കാനുള്ള ഭയം മൂലം മൗനം പാലിക്കാന്‍ തുടങ്ങി. അത് ഭീകര അവസ്ഥയായിരുന്നുവെന്നും അനുപമ പറഞ്ഞു. ഒരു ആരോഗ്യകരമായ ബന്ധം നമ്മളെ വളരാന്‍ സഹായിക്കും. ഇത്തരം ടോക്‌സിക് ബന്ധങ്ങള്‍ നമ്മുടെ ചൈതന്യം നശിപ്പിക്കുമെന്നും നമ്മളെ സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് ഇത് തിരിച്ചറിയാനാകുമെന്നും അനുപമ പറഞ്ഞു.
ഒരു ദിവസം അമ്പി ആണെങ്കില്‍ ഉടനടി അന്യന്‍ ആയതുപോലെയാകും അവരുടെ പെരുമാറ്റം. നാര്‍സിസിസ്റ്റുകള്‍ സ്വയം നന്നായി സ്‌നേഹിക്കുന്നവരെന്നാണ് എല്ലാവരുടേയും ധാരണ. പക്ഷേ വല്ലാത്ത ഇന്‍സെക്യൂരിറ്റിയില്‍ ജീവിക്കുന്നവരാണ് അവര്‍. അവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തിന്റെ നിയന്ത്രണമാണ് ആവശ്യം. അവരുടെ ഇന്‍സെക്യൂരിറ്റികളുടെ പഴി പോലും നമ്മില്‍ ചാരി വച്ച് അവര്‍ നമ്മളെ ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്യും. മറ്റുള്ളവരോട് കരുണയോടെ പെരുമാറുന്നവരാകാം ഇവര്‍. പക്ഷേ ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാനാകൂ. അവരുടെ അധികാര പ്രയോഗവും നമ്മില്‍ ഏല്‍പ്പിക്കുന്ന ആഘാതവും ലൗഡ് ആയിരിക്കില്ല.
അത് അടിത്തട്ടില്‍ വൈകാരിക തലത്തില്‍ സംഭവിക്കുന്ന ഒന്നാകും. അതിനാല്‍ തന്നെ അത് തിരിച്ചറിയാന്‍ പോലും വൈകും. ഇത്തരം ട്രോമാ ബോണ്ടിങ്ങില്‍ നിന്ന് പുറത്തുകടക്കുന്നത് എളുപ്പവുമല്ലെന്നും അനുപമ പറഞ്ഞു.നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് സ്ത്രീകള്‍ ഉയര്‍ത്തുന്ന ഒരു ആരോപണമാണെന്നും ഒരു ഫെമിനിസ്റ്റ് താല്‍പര്യം മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മനസിലാക്കുന്നവരുണ്ടെന്ന് അനുപമ പറഞ്ഞു.
എന്നാല്‍ ഇത് ഒരു ലിംഗപദവിയുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതല്ല. നാര്‍സിസിസ്റ്റിക് അബ്യൂസിന് ജെന്‍ഡറില്ല. താന്‍ ഉയര്‍ന്ന തലത്തിലുള്ള ആളുകളെ തേടിപ്പിടിക്കുന്ന ഒരു ഗോള്‍ഡ് ഡിഗ്ഗറാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ബന്ധത്തിന്റെ ആദ്യ സമയത്ത് തന്നെ വിവാഹനിശ്ചയത്തിന് ശ്രമം നടന്നപ്പോള്‍ താനാണ് അതില്‍ നിന്ന് ഒഴിഞ്ഞത്. വിവാഹം നടന്നിരുന്നെങ്കിലും വിവാഹമോചനം നേടേണ്ടി വന്നേനെയെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.








