ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ;

0
8

കൊച്ചി: ഇത്തവണ ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് എംപി നിവേദനം നൽകി. വിഷയം ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകി.

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന മലയാളികൾക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ ഇടപെടൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ യാത്രാദുരിതം കൂടുതൽ ഗുരുതരമാണെന്നും എംപി ചൂണ്ടിക്കാട്ടി.

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള അധികവും പ്രത്യേകവുമായ സർവീസുകൾ ഓണക്കാലത്ത് അനുവദിക്കണം. ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികളും ആവശ്യമായ സ്ലോട്ടുകളും ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

അതോടൊപ്പം ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഓണക്കാലത്തെ യാത്രാ ആവശ്യകത മുതലെടുത്ത് അന്യായമായി വിമാനക്കൂലി വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ DGCA നിരക്കുകളും സീറ്റ് ലഭ്യതയും കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടൽ നടത്തുകയും വേണമെന്ന ആവശ്യവും എംപി ഉന്നയിച്ചിട്ടുണ്ട്.

ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികളെയും സാധാരണക്കാരെയും അമിത വിമാനക്കൂലി ബുദ്ധിമുട്ടിലാക്കരുത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് കേരളത്തിലേക്കുള്ള, പ്രത്യേകിച്ച് ഗൾഫ് – കേരള സെക്ടറുകളിലെ വിമാന സർവീസുകൾ വർധിപ്പിക്കുകയും അമിത വിമാനക്കൂലി നിയന്ത്രിക്കുകയും ചെയ്യണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here