എറണാകുളം പിറവത്ത് ആരാധനയെ ചൊല്ലി ഉണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചതിനെത്തുടർന്ന് വൈദികടക്കം നാലുപേർക്ക് പരിക്ക്. പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
പരിക്കേറ്റ ഫാ. എബിൻ ഏബ്രഹാം, യാക്കോബായ സഭാ വികാരി ഫാ. ലാൽമോൻ പട്ടരുമഠം, സഭാംഗങ്ങളായ ദാനിയൽ സി.ജോൺ, പൗലോസ് ചുനയംമാക്കിൽ എന്നിവർ ആശുപത്രികളിൽ ചികിത്സ തേടി.
ഓർത്തഡോക്സ് വൈദികർ ഞാറയാഴ്ച പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് തർക്കമുണ്ടായത്. അവകാശ തർക്കത്തിൽ മൂവാറ്റുപുഴ സബ് കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ് ഓർത്തഡോക്സ് വൈദികർ എത്തിയത്. പള്ളിയിൽ ഓർത്തഡോ ക്സ് സഭാ വികാരിയുടെ ചുമതലയുള്ള ഫാ.എബിൻ ഏബ്രഹാം പ്രവേശിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്.ഞായറാഴ്ച പുലർച്ചെ കുർബാനയ്ക്കു മുന്നോടിയായി യാക്കോബായ സഭാംഗങ്ങൾ വികാരി ഫാ. ലാൽമോൻ പട്ടരുമഠത്തിന്റെ കാർമികത്വത്തിൽ പ്രാർത്ഥന ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഓർത്തഡോക്സ് സഭാംഗങ്ങൾ ഫാ.എബിൻ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ പള്ളിയിലെത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ സഭാംഗങ്ങൾ തടഞ്ഞു. തർക്കത്തിനൊടുവിൽ അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ പള്ളിയ്ക്ക് പുറത്താക്കി. പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് രാമമംഗലം പൊലീസ് അറിയിച്ചു.








