പാകിസ്ഥാനിൽ ലഷ്കറെ തൊയ്ബ കമാൻഡറുടെ ദുരൂഹ മരണം

0
21
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തൊയ്ബ (എൽ.ഇ.ടി) എന്ന ഭീകര സംഘടനയുടെ മുതിർന്ന കമാൻഡർ ഇസ്ലാമാബാദിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.ഖാരി സയീദ് അബ്ദുൽ അസീസാണ് മരിച്ചത്. പാകിസ്ഥാനിലും പാകിസ്ഥാൻ അധീന ജമ്മു കശ്മീറിലുമായി സംഘടനയുടെ 30-ലധികം അംഗങ്ങൾ ‘അജ്ഞാതരുടെ’ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മറ്റൊരു മുതിർന്ന ഭീകരൻ അവകാശപ്പെട്ട് ദിവസങ്ങൾക്കകമാണ് ഈ സംഭവം നടക്കുന്നത്.
എൻ.ഡി.ടി.വി റിപ്പോർട്ട് അനുസരിച്ച്, ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇസ്ലാമാബാദിലെ ഖുബാ പള്ളിയുടെ കവാടത്തിൽവെച്ച് ഖാരി സയീദ് അബ്ദുൽ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തിയതായിരുന്നു അദ്ദേഹം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന ലഷ്കറിന്റെ ഒരു വിഭാഗവുമായി അസീസ് ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ പെട്ടെന്ന് ഉണ്ടായ മരണം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ദുരൂഹ കൊലപാതകങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.നിരോധിക്കപ്പെട്ട സംഘടനയുടെ 30-ലധികം അംഗങ്ങൾ കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ കൊല്ലപ്പെട്ടതായി മുതിർന്ന ലഷ്കർ പ്രവർത്തകനായ റിസ്‌വാൻ ഹനീഫ് അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പുതിയ സംഭവം. പെഷവാർ, കറാച്ചി, റാവൽപിണ്ടി തുടങ്ങിയ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലും പാക് അധീന കശ്മീരിലെ റാവലാകോട്ട്, മുസഫറാബാദ് എന്നിവിടങ്ങളിലുമാണ് കൊലപാതകങ്ങൾ നടന്നതെന്ന് ഹനീഫ് പറയുന്നു.
ആക്രമണങ്ങൾ നടത്തിയത് “അജ്ഞാതരായ വ്യക്തികളാണ്” എന്ന് ഹനീഫ് അവകാശപ്പെട്ടു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യ ഈ ആരോപണം തള്ളിക്കളഞ്ഞിട്ടുണ്ട്.ഇന്ത്യക്കെതിരെ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള പ്രധാന ഭീകര സംഘടനകളിലൊന്നാണ് ലഷ്കർ-ഇ-തൈബ. 2008-ലെ മുംബൈ ഭീകരക്രമണത്തിന് പിന്നിൽ ഈ സംഘടനയായിരുന്നു. അൽ-ഖ്വയ്ദ, താലിബാൻ എന്നിവയുമായുള്ള ബന്ധത്തിന്റെ പേരിൽ 2005-ൽ ഐക്യരാഷ്ട്രസഭ ലഷ്കറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഹനീഫിന്റെ വീഡിയോയുടെ ആധികാരികത ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതിർന്ന ലഷ്കർ ഭീകരനാണ് അദ്ദേഹമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഹനീഫിന്റെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലാത്തതോടൊപ്പം, കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here