കണ്ണൂര്‍: കേരളത്തിനുള്ളിൽ സ്ഥിതി ചെയ്‌തിട്ടും കേരളത്തിൻ്റെ ഭാഗമല്ലാത്ത ഒരിടം… വടക്കൻ മലബാറിൽ കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശം, അതാണ് മാഹി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ നിറയെ മലയാളികളാണ്. അതിനാൽ തന്നെ കേരളത്തിൻ്റെ ആഘോഷങ്ങള്‍ മാഹിയ്‌ക്കും സ്വന്തമാണ്. അതിപ്പോള്‍ ഓണമായാലും വിഷുആയാലും എല്ലാം അങ്ങനതന്നെ.
എന്നാൽ ഇക്കഴിഞ്ഞ മുന്ന് വർഷമായി മാഹിയിൽ ഓണത്തിൻ്റെ ഓളങ്ങളൊന്നും കാണുന്നില്ല. മലയാളികള്‍ ഉള്ളിടത്തെല്ലാം ഓണാഘോഷം പൊടിപൊടിക്കാറുണ്ടെങ്കിലും മാഹിയില്‍ ഓണാഘോഷത്തിൻ്റെ ചലനങ്ങളൊന്നും വന്ന് തുടങ്ങിയിട്ടില്ല. വടക്കും തെക്കുമുളള കണ്ണൂര്‍-കോഴിക്കോട് ജില്ലകളില്‍ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ തലങ്ങളില്‍ മേളകള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമായി. എന്നാൽ മാഹിയെ കഴിഞ്ഞ മുന്ന് വർഷമായി അവഗണിക്കുന്നുവെന്നാണ് പരാതി. മാഹി ഈ ഓണക്കാലത്തും ഉറക്കം തൂങ്ങുകയാണ്.
മാഹിപള്ളിക്ക് സമീപമുളള മൈതാനം ഓണക്കാലത്ത് ആയിരങ്ങളെ ആകര്‍ഷിച്ച കാലമുണ്ടായിരുന്നു. അതെല്ലാം ഇന്ന് ഓര്‍മ്മകളായി അവശേഷിക്കുകയാണ്. പുതുച്ചേരി ഖാദി ഗ്രാമവ്യവസായ ബോര്‍ഡിൻ്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ഖാദി മേള ഓണക്കാലത്തെ മാഹിയിലെ പ്രത്യേക ആകര്‍ഷണമായിരുന്നു. മിതമായ നിരക്കില്‍ ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ പര്യാപ്‌തമായ കാലമായിരുന്നു.
നാൽപത് ശതമാനം വരെ റിബേറ്റ് നല്‍കി ഖാദി തുണിത്തരങ്ങളും മറ്റും വില്‍പ്പന നടത്തിയിരുന്നൂ.
2018 ലെ ഖാദി മേളയില്‍ 80 ലക്ഷം രൂപയുടെ ഖാദി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തി പുതുച്ചേരി സംസ്ഥാനത്ത് റെക്കോര്‍ഡ് സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ മാഹിയോട് പുതുച്ചേരി സര്‍ക്കാരും ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും കാട്ടുന്ന അവഗണനയാണ് ഓണം ഉള്‍പ്പെടെയുള്ള ആഘോഷകാലത്തെ മേളകള്‍ നടത്തുന്നതിന് തടസമാവുന്നത്. പുതുച്ചേരി ഖാദി ഗ്രാമവ്യവസായ ബോര്‍ഡിൻ്റെ മാഹിയിലുളള വില്‍പ്പന കേന്ദ്രം അടച്ചു പൂട്ടിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.
തുറക്കാത്ത സ്ഥാപനത്തിൻ്റെ ബോര്‍ഡ് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. പുതുച്ചേരി സംസ്ഥാന വിവേഴ്‌സ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ ‘പോണ്ടക്‌സ്’ ഷോറൂം ഏറെക്കാലം മാഹിയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന് താഴിട്ടത് അടുത്ത കാലത്താണ്. സര്‍ക്കാര്‍ വിലാസമുളള സ്ഥാപനങ്ങള്‍ക്കെല്ലാം മാഹിയില്‍ ഷട്ടര്‍ അടയുകയാണ്. മാഹിയില്‍ കെട്ടികിടക്കുന്ന ഖാദി ഉത്പ്പന്നങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്നു. 18 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.
നാൽപതിനായിരത്തോളം വരുന്ന മാഹിയിലെ ജനങ്ങള്‍ ഓണത്തിന് കേരളത്തിലെ സമീപജില്ലകളില്‍ പോയി വേണം ഓണം മേളകള്‍ കാണാനും വിപണനം നടത്താനും. അതിന് അൽപമെങ്കിലും ആശ്വാസം പകരാന്‍ മാഹിയിലെ വ്യാപാരി സമൂഹം സര്‍ക്കാര്‍ സഹായമില്ലാതെ തങ്ങള്‍ക്ക് ആവും വിധം ഓണം മേള നടത്താന്‍ ഒരുങ്ങുന്നുണ്ട്.
ഖാദി ധരിക്കുന്ന മാഹിയിലെ ഉപഭോക്താക്കള്‍ കേരളത്തില്‍ നിന്നും ഖാദി ഉത്പന്നങ്ങള്‍ എത്തിച്ച് വിപണനം നടത്താനും ശ്രമിക്കുന്നുണ്ട്. പുതുച്ചേരിയില്‍ ഖാദി ബോര്‍ഡിന് ഏറ്റവും അധികം ലാഭം നേടിക്കൊടുത്ത വിപണന മേളയായിരുന്നു മാഹിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്നത്. മാഹിയിലെ ഉദ്യോഗസ്ഥരും ജനങ്ങളും രണ്ട് തട്ടില്‍ നില്‍ക്കുന്ന അവസ്ഥയാണ് ഈ ഓണക്കാലത്ത് കാണാന്‍ കഴിയുന്നത്.






