തിരുവനന്തപുരത്ത് യുവമോർച്ച മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

0
31

തിരുവനന്തപുരത്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ നിയമന പ്രശ്നത്തിനും പിഎസ്സി ക്രമക്കേടുകൾക്കുമെതിരെ പിന്തുണ പ്രഖ്യാപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം. 4 റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറിച്ചിടാൻ ശ്രമം ഉണ്ടായി. പൊലീസ് ലാത്തി ചർച്ച് നടത്തി. വനിതാ പ്രവർത്തകർ ഉൾപ്പടെ ബാരിക്കേഡിന് മുകളിൽ കയറി. പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.വി മുരളീധരൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്‌തു. ബിജെപി ജില്ലാ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

പി.എസ്സി ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ പുറത്താക്കുക, അന്വേഷണം അടിയന്തരമായി കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, തടഞ്ഞുവെച്ച ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർക്ക് നീതി ലഭിക്കുന്നതുവരെ യുവമോർച്ചയുടെ പ്രതിഷേധം തുടരുമെന്നും, ഉദ്യോഗാർഥികളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ സംഘടന പിന്നോട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം അർഹമായ നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം അതിതീവ്രമായ പ്രതിഷേധത്തിലേക്ക്. സമരം 34-ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെന്നാരോപിച്ച് ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചു. നേരത്തെ മണ്ണുതിന്നും നിരാഹാരം കിടന്നും പ്രതിഷേധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ് സമരക്കാരുടെ ആരോപണം.

സെക്രട്ടേറിയറ്റ് നടയിൽ തുടരുന്ന സമരപ്പന്തലിലാണ് ഉദ്യോഗാർഥികൾ തങ്ങളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കിയത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ച് പുല്ലുതിന്നുന്ന ഉദ്യോഗാർഥികൾ രോഷത്തോടെ കണ്ണീരൊഴുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അർഹതപ്പെട്ട ജോലി ലഭിക്കുന്നതിനായി തെരുവിലിറങ്ങി ഇത്തരം പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം അതീവ വേദനാജനകമാണെന്നും സമരക്കാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here