മൂവാറ്റുപുഴയിൽ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വൻ മണ്ണിടിച്ചിൽ;

0
6

എറണാകുളം: മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപമുള്ള ഉപയോഗശൂന്യമായ കൂറ്റൻ പാറമടയിൽ വൻ മണ്ണിടിച്ചിൽ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയോട് ചേർന്നുള്ള കുന്നിൻ്റെ ഒരു ഭാഗം വലിയ ശബ്‌ദത്തോടെ ഇടിഞ്ഞുതാഴ്ന്ന് താഴെയുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. ആളപായമില്ല.

അപകടസമയത്ത് സമീപത്ത് ആളുകളില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. എന്നാൽ കൂറ്റൻ പാറക്കഷ്‌ണങ്ങളും ടൺ കണക്കിന് മണ്ണുമാണ് താഴേക്ക് ഇടിഞ്ഞുവീണത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അധികൃതർ പ്രദേശത്ത് കർശനമായ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് നാടിനെ വിറപ്പിച്ച സംഭവമുണ്ടായത്. ഭീതിയുളവാക്കുന്ന തരത്തിലുള്ള ഇതിൻ്റെ ദൃശ്യങ്ങൾ വെള്ളിയാഴ്‌ച രാവിലെയാണ് പുറത്തുവന്നത്.

അപകട ഭീഷണി
ഈ മേഖലയിൽ അപകട ഭീഷണി നിലനിൽക്കുകയാണന്ന് മാറാടി പഞ്ചായത്ത് പ്രസിഡൻ്റ് ശാൻ്റി എബ്രഹാം ഇടിവി ഭാരതിനോട് പറഞ്ഞു. ക്വാറിയോട് ചേർന്നുളള കുന്ന് ഇടിഞ്ഞ് ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. സമീപത്ത് നിരവധി ക്വാറികൾ ഉണ്ട്. ഇവിടങ്ങളിൽ സമാനമായ മണ്ണിടിച്ചിൽ ഉണ്ടായാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും അവർ വ്യക്തമാക്കി. റവന്യു വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ആർഡിഒ, തഹസിൽദാർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോടും സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുകൾ ഭാഗത്തുള്ള വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികൾ തകർന്നാൽ സംഭവിക്കുക വലിയ ദുരന്തമായിരിക്കുമെന്ന ആശങ്കയും പഞ്ചായത്ത് പ്രസിഡൻ്റ് പങ്കുവച്ചു.

ആശങ്കയിൽ നാട്ടുകാർ
അപകടം നടന്ന പാറമടയ്ക്ക് സമീപത്തായി സമാന രീതിയിലുള്ള നിരവധി ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും നാട്ടുകാർ പറയുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇത്തരം ക്വാറികളുടെ വശങ്ങൾ ഇനിയും ഇടിഞ്ഞുവീണാൽ അത് സമീപത്തെ ജനവാസ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ക്വാറികളുടെ അശാസ്ത്രീയമായ പ്രവർത്തനവും മഴവെള്ളം ഇറങ്ങി സംഭവിക്കുന്ന ബലക്ഷയവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തകർച്ചാ ഭീഷണിയിലായ മറ്റ് പാറമടകളിലും അടിയന്തര സുരക്ഷാ പരിശോധനകൾ നടത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരും പ്രാദേശിക ഭരണകൂടവും ഉടൻ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

ജില്ലയിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ നാലോടെയാണ് പ്രഖ്യാപനം ഉണ്ടായത്. ഇതേത്തുടർന്ന് ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. രാത്രി നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും കനത്ത മഴ പെയ്യുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്‌തതോടെയാണ് നടപടി.

ജില്ലയിൽ കാര്യമായ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എങ്കിലും കുസാറ്റ് കാമ്പസിൽ വ്യാഴാഴ്‌ച രാത്രി മരം കടപുഴകിവീണ് വൈദ്യുതി പോസ്‌റ്റുകൾക്കും കമ്പികൾക്കും കേടുപാടുകൾ സംഭവിച്ചു. ഇത് ഗതാഗതം തടസപ്പെടുത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. മലയോര തീരദേശ മേഖലകളിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here