കണ്ണൂർ: മയക്കുമരുന്ന് കടത്തിനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്കുമായി വ്യാജരേഖകൾ ചമച്ച് ബാങ്ക് അക്കൗണ്ടുകൾ നിർമിച്ച കേസിൽ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.കാസർകോട് മൊഗ്രാൽ സ്വദേശി അബ്ദുൽ റഹ്മാൻ(39), എറണാകുളം പള്ളുരുത്തി സ്വദേശി കെ എം റിഷാദ്(41) എന്നിവരാണ് വ്യാജ അക്കൗണ്ട് നിർമാണവുമായി ബന്ധപ്പെട്ട് പിടിയിലായത്. സംസ്ഥാനത്ത് ലഹരി ഉപയോഗവും കടത്തും തടയുന്നതിനായി കേരള പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ലഹരി സംഘങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് നീങ്ങുന്നത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും തലശ്ശേരി എഎസ്പി ഡോ. എം നന്ദഗോപൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതികളിൽനിന്ന് 100ൽ അധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വിവിധ വ്യാജ സർട്ടിഫിക്കറ്റുകൾ, മൊബൈൽ ഫോണുകൾ, വ്യാജ സീലുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ലഹരിക്കടത്തും വ്യാജ അക്കൗണ്ടുകളും
എംഡിഎംഎ കേസിൽ പ്രതിയായ തലശ്ശേരി ചിറക്കര സ്വദേശി മുജ്തബ എന്ന താബുവിനെ(28) അടുത്തിടെ ബെംഗളൂരുവിൽനിന്ന് പിടികൂടിയതോടെയാണ് വ്യാജ അക്കൗണ്ട് നിർമാണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കണ്ണൂർ, തലശ്ശേരി ഡാൻസാഫ് സംഘങ്ങളും തലശ്ശേരി എഎസ്പി സ്ക്വാഡും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. മുജ്തബയെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് വ്യാജരേഖ ചമച്ചവരിലേക്ക് പൊലീസിനെ എത്തിച്ചത്.
മരിച്ച മൈസൂരു സ്വദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടാണ് മുജ്തബ ലഹരി ഇടപാടുകൾക്കായി പ്രധാനമായും ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തെരുവിൽ അലഞ്ഞുതിരിയുന്നവരുടെയും വീടില്ലാത്തവരുടെയും വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ വ്യാജ ബാങ്ക് അക്കൗണ്ടുകൾ നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ഇവർക്ക് ചെറിയ തുകകൾ പ്രതിഫലമായി നൽകിയിരുന്നതായും സൂചനയുണ്ട്. ഇത്തരം അക്കൗണ്ടുകൾ ആവശ്യമുള്ള ലഹരി സംഘങ്ങൾക്കും തട്ടിപ്പുകാർക്കും രേഖകളും മറ്റ് സഹായങ്ങളും നൽകിയത് അബ്ദുൽ റഹ്മാനും റിഷാദുമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
തുടരന്വേഷണം ഊർജിതം
വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തിയും ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് എഎസ്പി നന്ദഗോപൻ വ്യക്തമാക്കി. പ്രതികൾക്ക് പിന്നിൽ വലിയൊരു ലഹരി-തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ മാസം ന്യൂമാഹിയിൽനിന്ന് 0.86 ഗ്രാം എംഡിഎംഎ പിടികൂടിയതോടെയാണ് ഈ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചത്. തുടർന്ന് ജൂൺ 11ന് തലശ്ശേരി ചിറക്കരയിൽനിന്ന് 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രധാന പ്രതിയായ മുജ്തബയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിലെ തുടരന്വേഷണമാണ് ഇപ്പോൾ വ്യാജരേഖ ചമയ്ക്കുന്ന സംഘത്തിൻ്റെ അറസ്റ്റിലേക്ക് നയിച്ചത്.







