ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം

0
48
പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വെർച്വൽ പത്രസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനും അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസന്റെ മഗുരയിലെ വീടിന് നേരെ ആക്രമണവും തീവെപ്പ് ശ്രമവും. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
ബംഗ്ലാദേശ് മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, രാത്രി ഒമ്പത് മണിയോടെ മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘം അക്രമികൾ വീടിന്റെ ഒരു വശത്തുള്ള ഇരുമ്പ് ഗേറ്റിന് മുകളിലേക്ക് പെട്രോൾ ബോംബ് പോലുള്ള സ്ഫോടകവസ്തു എറിയുകയായിരുന്നു. എന്നാൽ, അയൽവാസികൾ ഉടൻതന്നെ ഇടപെട്ട് തീ അണച്ചതിനാൽ വൻ ദുരന്തവും വലിയ നാശനഷ്ടങ്ങളും ഒഴിവാക്കാനായി.
സംഭവസമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്ന് മഗുര സദർ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അബ്ദുള്ള അൽ മാമുൻ വ്യക്തമാക്കി. ഇത് പെട്രോൾ ബോംബ് തന്നെയാണോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും, പ്രദേശത്ത് മുൻകരുതലിന്റെ ഭാഗമായി പോലീസിനെ വിന്യസിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.2024-ൽ അവാമി ലീഗ് സർക്കാരിന് അധികാരം നഷ്ടപ്പെടുന്നതിന് മുൻപ് മഗുര-1 മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നയാളാണ് ഷാക്കിബ് അൽ ഹസൻ. ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗത്തിനിടെ ഷാക്കിബ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഈ ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2024-ലെ ജനകീയ പ്രക്ഷോഭങ്ങളെ തന്റെ സർക്കാർ നേരിട്ട രീതിയെ ന്യായീകരിച്ചുകൊണ്ടും നിലവിലെ നേതൃത്വത്തിനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുമായിരുന്നു ഷെയ്ഖ് ഹസീന ഓൺലൈനിലൂടെ സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here