കശ്‌മീരില്‍ തീർഥാടകരുടെ ബസ് മറിഞ്ഞ് 40ഓളം പേര്‍ക്ക് പരിക്ക്

0
4

ശ്രീനഗർ: ജമ്മുകശ്‌മീരിലെ ഗന്ധേർബാൽ ജില്ലയിലെ കങ്കണ്‍ പ്രദേശത്ത് അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 40 പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് തെന്നിമാറി വീടിന് മുകളിൽ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ഗുണ്ട് മേഖലയിലെ ഹരിഗണിവാനിലെ എസ്-മോഡ് പ്രദേശത്തിന് സമീപമാണ് അപകടം നടന്നത്.

പരിക്കേറ്റ എല്ലാ തീർഥാടകരെയും ദുരന്തബാധിതമായ ബസിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്ത് ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. AR11 D5655 എന്ന രജിസ്ട്രേഷൻ നമ്പറോടു കൂടിയ ബസ് ഒരു വളവിൽ സഞ്ചരിക്കുന്നതിനിടെ തെന്നിമാറി പരിസരത്തുള്ള വീടിന് മുകളിലേയ്‌ക്ക് വീഴുകയായിരുന്നു. വീട് സാരമായി തകർന്നെങ്കിലും ബസ് സിന്ധ് നദിയിലേക്ക് മറിഞ്ഞ് വീഴാത്തത് വൻ അപകടം ഒഴിവാക്കി.

വിവരം ലഭിച്ചയുടനെ, ഗുണ്ട് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സുരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തുന്ന ദൃശ്യങ്ങളിൽ തകർന്ന വീടിന് മുകളിൽ ബസിൻ്റെ ഒരു ഭാഗം കിടക്കുന്നതായി കാണാം. അമർനാഥിലെ പുണ്യ ഗുഹാക്ഷേത്രത്തിൽ ആരാധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന 40 തീർഥാടകർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

എസ്എച്ച്ഒ റയീസ് അഹമ്മദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഐടിബിപി, സിആർപിഎഫിൻ്റെ 118 ബറ്റാലിയൻ, 2 അസം റൈഫിൾസ്, 21 രാഷ്ട്രീയ റൈഫിൾസ്, യാത്ര പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

രാവിലെ പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു വലിയ ശബ്‌ദം കേട്ടതായി കങ്കനിൽ നിന്നുള്ള പ്രദേശവാസി ഇടിവി ഭാരതിനോട് പറഞ്ഞു. “ഞങ്ങൾ ബസ് അപകടത്തിൽപ്പെട്ടത് കണ്ട് ഇവിടേയ്‌ക്ക് ഓടിയെത്തി, തീർഥാടകരിൽ ചിലരെ രക്ഷപ്പെടുത്തി ആംബുലൻസിൽ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സുരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി എല്ലാവരെയും രക്ഷിക്കാൻ സഹായിച്ചു” അദ്ദേഹം പറഞ്ഞു.

ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയെന്നും തീർഥാടകരെ രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വീടിൻ്റെ ഉടമയായ ദിൻ മുഹമ്മദ് ആ സമയത്ത് കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നുവെന്നും ഇതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന സ്ഥലം ‘എൽ’ ആകൃതിയിലുള്ള വളവാണെന്നും മുമ്പ് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും മറ്റൊരു പ്രദേശവാസി പറഞ്ഞു. ബസിലുണ്ടായിരുന്ന മിക്ക തീർഥാടകർക്കും നിസാര പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലെഫ്റ്റനൻ്റ് ഗവർണർ (എൽജി) മനോജ് സിൻഹ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചു. “ഗന്ധേർബാലിലെ ഗണിവാനിൽ ഇന്ന് പുലർച്ചെയുണ്ടായ നിർഭാഗ്യകരമായ റോഡപകടത്തിൽ പരിക്കേറ്റ ശ്രീ അമർനാഥ് തീർഥാടകരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ, ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ചു. ബാബ ബർഫാനിയുടെ ദർശനം കഴിഞ്ഞ് മടങ്ങുന്ന 39 തീർത്ഥാടകർക്ക് പരിക്കേറ്റു, നിലവിൽ സ്‌കിംസിൽ ചികിത്സയിലാണ്,” സിൻഹ എക്‌സിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here