ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ഐടിആര്‍) ഫയൽ ചെയ്യാനുള്ള അവസാന തീയതി വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. വ്യക്തിഗത നികുതിദായകർക്ക് ജൂലൈ 31, 2026 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ പ്രൊഫഷണൽ, ബിസിനസ് വരുമാനമുള്ളവർക്ക് (ഓഡിറ്റിങ് ആവശ്യമില്ലാത്ത കേസുകളിൽ) ഓഗസ്റ്റ് 31, 2026 വരെയും, മറ്റുള്ളവർക്ക് ഒക്ടോബർ 31, 2026 വരെയും സമയം ലഭിക്കും.
ആരെൊക്കെയാണ് ഐടിആര്‍ ഫയൽ ചെയ്യേണ്ടത്?
നിങ്ങളുടെ നികുതി ബാധ്യതയുള്ള വരുമാനം അടിസ്ഥാന ഇളവ് പരിധിയേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ഐടിആര്‍ ഫയൽ ചെയ്യണം.
- പുതിയ നികുതി വ്യവസ്ഥ : 4 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല.
- പഴയ നികുതി വ്യവസ്ഥ : 2.5 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ് പരിധി.
സെക്ഷൻ 87A പ്രകാരമുള്ള നികുതി ഇളവ് ക്ലെയിം ചെയ്യാനാണെങ്കിൽ പോലും, ഈ പരിധിക്ക് മുകളിൽ വരുമാനമുള്ളവർ റിട്ടേൺ സമർപ്പിച്ചിരിക്കണം. ഇതുകൂടാതെ താഴെ പറയുന്ന സാഹചര്യങ്ങളിലും ഐടിആര്‍ ഫയലിങ് നിർബന്ധമാണ്:
- ഒരു വർഷത്തെ കറൻ്റ് ബിൽ തുക 1 ലക്ഷം രൂപയോ അതിൽ കൂടുതലോ ആകുക.
- വിദേശയാത്രകൾക്കായി 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുക.
ജൂലൈ 31 സമയപരിധി തെറ്റിച്ചാൽ എന്ത് സംഭവിക്കും?
നിശ്ചിത തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ സാമ്പത്തിക നഷ്ടങ്ങൾക്കൊപ്പം പല നികുതി ആനുകൂല്യങ്ങളും നിങ്ങൾക്ക് നഷ്ടമാകും.
- നഷ്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ല :വീട്ടുവാടകയിൽ നിന്നുള്ള നഷ്ടം ഒഴികെയുള്ള മറ്റ് ബിസിനസ്സ്/മൂലധന നഷ്ടങ്ങൾ തുടർന്നുള്ള വർഷങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.
- നികുതി വ്യവസ്ഥ മാറാൻ കഴിയില്ല:പുതിയ നികുതി വ്യവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. സമയപരിധി കഴിഞ്ഞാൽ പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കില്ല.
- വൈകിയ വേളയിലെ റിട്ടേൺ:നിശ്ചിത തീയതി കഴിഞ്ഞവർക്ക് 2026 ഡിസംബർ 31 വരെ വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ ഇതിന് 5,000 രൂപ വരെ ലേറ്റ് ഫീ നൽകേണ്ടി വരും (വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ ലേറ്റ് ഫീ 1,000 രൂപയാണ്).
- പിഴപ്പലിശ:അടയ്ക്കാനുള്ള നികുതി തുകയ്ക്ക് മേൽ യഥാർത്ഥ അവസാന തീയതി മുതൽ മാസം 1% നിരക്കിൽ പിഴപ്പലിശ ഈടാക്കും.
പരിഷ്‌കരിച്ച റിട്ടേണുകൾ
ഫിനാൻസ് ആക്ട് 2026 പ്രകാരം ടാക്സ് റിട്ടേണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾ ഫയൽ ചെയ്ത ഒറിജിനൽ അല്ലെങ്കിൽ വൈകിയുള്ള റിട്ടേണിൽ എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ സാമ്പത്തിക വർഷം അവസാനിച്ച് 12 മാസത്തിനുള്ളിൽ (2027 മാർച്ച് 31-നകം) അത് തിരുത്തി സമർപ്പിക്കാം. ഇതിനായി നിശ്ചിത ലേറ്റ് ഫീ (5,000 / 1,000) നൽകേണ്ടതുണ്ട്.
നിങ്ങൾ ലേറ്റ് ഫീ നൽകി ഫയൽ ചെയ്യാനുള്ള സമയവും (ബിലേറ്റഡ് ഐടിആര്‍) തെറ്റിക്കുകയാണെങ്കിൽ, പിന്നീട് അഡീഷണൽ ടാക്സ് പെനാൽറ്റിയോടെ അപ്ഡേറ്റഡ് റിട്ടേൺ (ITR-U) സമർപ്പിക്കാനുള്ള അവസരവും ലഭ്യമാണ്. അവസാന നിമിഷത്തെ തിരക്കുകളും സാങ്കേതിക തടസ്സങ്ങളും പിഴകളും ഒഴിവാക്കാൻ എത്രയും വേഗം നിങ്ങളുടെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുക.
ITR ഫയൽ ചെയ്തില്ലെങ്കിൽ 2 വർഷം വരെ തടവുശിക്ഷ! അപ്ഡേറ്റഡ് റിട്ടേൺ (ITR-U) വഴി രക്ഷപെടാൻ വഴിയുണ്ടോ?
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയും (ജൂലൈ 31), വൈകി ഫയൽ ചെയ്യാനുള്ള സമയവും (Belated Return – December 31) കഴിഞ്ഞുപോയാൽ പിന്നീട് എന്ത് ചെയ്യും? ആശങ്കപ്പെടേണ്ടതില്ല, അഡീഷണൽ ടാക്സ് പെനാൽറ്റി നൽകിക്കൊണ്ട് റിട്ടേൺ പുതുക്കാനും സമർപ്പിക്കാനും അപ്ഡേറ്റഡ് റിട്ടേൺ (ITR-U) എന്നൊരു വഴി കൂടിയുണ്ട്. എന്നാൽ, ഇതൊന്നും ചെയ്യാതെ റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ നിയമനടപടികളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
അപ്ഡേറ്റഡ് റിട്ടേൺ (ITR-U): സമയപരിധിയും അഡീഷണൽ നികുതിയും
ബന്ധപ്പെട്ട അസസ്മെൻ്റ് വർഷം അവസാനിക്കുന്നത് മുതൽ താഴെ പറയുന്ന കാലയളവിനുള്ളിൽ നിങ്ങൾക്ക് ITR-U ഫയൽ ചെയ്യാവുന്നതാണ്. ഇതിനായി അടയ്ക്കാനുള്ള നികുതിക്കും പലിശയ്ക്കും പുറമെ അഡീഷണൽ ടാക്സ് കൂടി നൽകേണ്ടതുണ്ട്.
| സമയപരിധി (അസസ്മെൻ്റ് വർഷം കഴിഞ്ഞുള്ള മാസങ്ങൾ) | നൽകേണ്ട അധിക നികുതി |
| 12 മാസം വരെ | 25% |
| 12 മാസം മുതൽ 24 മാസം വരെ | 50% |
| 24 മാസം മുതൽ 36 മാസം വരെ | 60% |
| 36 മാസം മുതൽ 48 മാസം വരെ | 70% |
ശ്രദ്ധിക്കുക: നേരത്തെ ക്ലെയിം ചെയ്ത നഷ്ടങ്ങൾ കുറയ്ക്കുന്നതിനായി മാത്രമേ അപ്ഡേറ്റഡ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കൂ. ITR-U വഴി റീഫണ്ട്ക്ലെയിം ചെയ്യാൻ സാധിക്കില്ല.
ITR ഫയൽ ചെയ്തില്ലെങ്കിൽ നേരിടേണ്ടി വരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ
റിട്ടേൺ സമർപ്പിക്കാതിരിക്കുന്നത് കേവലം ഒരു അശ്രദ്ധയായി തള്ളിക്കളയാൻ കഴിയില്ല.
- ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്: നിങ്ങളുടെ ഫോം 26AS/AIS എന്നിവ വഴി വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ, റിട്ടേൺ ഫയൽ ചെയ്യാത്തതിൻ്റെ കാരണം ചോദിച്ച് ടാക്സ് അതോറിറ്റിയിൽ നിന്ന് നോട്ടീസ് ലഭിക്കും.
- റീഫണ്ട് നഷ്ടപ്പെടും: നിങ്ങളിൽ നിന്ന് അമിതമായി ഈടാക്കിയ ടി.ഡി.എസ് (TDS) തുക തിരികെ ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടും.
- പഴയ അക്കൗണ്ടുകൾ വീണ്ടും പരിശോധിക്കും: നിങ്ങൾ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിലും, നികുതി വെട്ടിച്ചിട്ടുണ്ടെന്ന സംശയത്തിൽ മുൻവർഷങ്ങളിലെ അക്കൗണ്ടുകൾ വീണ്ടും തുറന്ന് പരിശോധിക്കാൻ അധികാരികൾക്ക് നിയമപരമായ അധികാരമുണ്ട്.
- ബെസ്റ്റ് ജഡ്ജ്മെൻ്റ് അസസ്മെൻ്റ്: നികുതിദായകൻ നിരന്തരം നിയമം ലംഘിക്കുകയാണെങ്കിൽ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ നികുതി നിശ്ചയിക്കും. ഇത് പലപ്പോഴും വലിയ ബാധ്യതയ്ക്ക് കാരണമാകാം.
- 2 വർഷം വരെ ജയിൽ ശിക്ഷ: ബോധപൂർവ്വം ITR ഫയൽ ചെയ്യാതിരുന്നാൽ 6 മാസം മുതൽ 2 വർഷം വരെ കഠിനതടവും ഒപ്പം പിഴയും ശിക്ഷയായി ലഭിക്കാം
ITR എങ്ങനെ ഫയൽ ചെയ്യാം?
ഓൺലൈനായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഔദ്യോഗിക ഇ-ഫയലിങ് പോർട്ടൽ വഴി നിങ്ങൾക്ക് ഇത് സ്വന്തമായി ചെയ്യാൻ സാധിക്കും.
1. ആവശ്യമായ രേഖകൾ തയ്യാറാക്കുക
ഫയലിങ് ആരംഭിക്കുന്നതിന് മുൻപ് താഴെ പറയുന്ന രേഖകൾ കൈവശം കരുതുക…
- പാൻ കാർഡ്, ആധാർ കാർഡ്
- ഫോം 16 : ശമ്പള വരുമാനക്കാർക്ക് കമ്പനിയിൽ നിന്ന് ലഭിക്കുന്ന നികുതി വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റ്.
- AIS / TIS / Form 26AS: നിങ്ങളുടെ പോർട്ടലിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാവുന്ന, വർഷത്തിൽ നടന്ന വലിയ സാമ്പത്തിക ഇടപാടുകളുടെയും പിടിച്ചെടുത്ത TDS-ൻ്റെയും വിവരങ്ങൾ.
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ബാങ്ക് സ്റ്റേറ്റ്‌മെൻ്റും പലിശ വരുമാനത്തിൻ്റെ വിവരങ്ങളും.
- നിക്ഷേപ രേഖകൾ: (പഴയ നികുതി വ്യവസ്ഥയാണെങ്കിൽ) LIC, PPF, ഭവന വായ്പ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവയുടെ രസീതുകൾ.
2. ഇ-ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്യുക
- ആദ്യം ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: incometax.gov.in
- നിങ്ങൾക്ക് ഇതിനകം അക്കൗണ്ട് ഉണ്ടെങ്കിൽ‘Login’ക്ലിക്ക് ചെയ്യുക. (ഇല്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച്‘Register’ചെയ്യുക).
- നിങ്ങളുടെUser ID (പാൻ നമ്പർ),Passwordഎന്നിവ നൽകി ലോഗിൻ ചെയ്യുക.
3. ITR ഫയലിങ് ആരംഭിക്കുക
- ലോഗിൻ ചെയ്ത ശേഷം ഹോം പേജിലുള്ള‘e-File’എന്ന ടാബിൽ പോയി‘Income Tax Returns’->‘File Income Tax Return’എന്നത് തെരഞ്ഞെടുക്കുക.
- അസസ്മെൻ്റ് വർഷം:നിലവിലെ വർഷം തെരഞ്ഞെടുക്കുക (ഉദാഹരണത്തിന് FY 2025-26 സാമ്പത്തിക വർഷത്തേക്ക്AY 2026-27തെരഞ്ഞെടുക്കണം).
- ഫയലിംഗ് മോഡ്‘Online’എന്ന് നൽകി ‘Proceed’ ക്ലിക്ക് ചെയ്യുക.
- തുടർന്ന്‘Start New Filing’ക്ലിക്ക് ചെയ്യുക.
4. നികുതി വിഭാഗവും ഫോമും തെരഞ്ഞെടുക്കുക
നിങ്ങളുടെ സ്റ്റാറ്റസ് (വ്യക്തിഗത നികുതിദായകൻ) എന്ന് തെരഞ്ഞെടുക്കുക. നിങ്ങളുടെ വരുമാന സ്രോതസ് അനുസരിച്ച് ശരിയായ ITR ഫോം തെരഞ്ഞെടുക്കുക.
- ITR-1 (സഹജ്): ശമ്പളം, ഒരു വീട്, ബാങ്ക് പലിശ എന്നിവയിൽ നിന്ന് മാത്രം വരുമാനമുള്ളവർക്ക് (ആകെ വരുമാനം 50 ലക്ഷത്തിന് താഴെ ആയിരിക്കണം).
- ITR-2: ശമ്പളത്തിന് പുറമെ ഓഹരി വിപണിയിൽ നിന്നുള്ള ലാഭം, ഒന്നിലധികം വീടുകൾ എന്നിവയിൽ നിന്ന് വരുമാനമുള്ളവർക്ക്.
- ITR-3 / ITR-4: ബിസിനസ്സ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമുള്ളവർക്ക്.
5. വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുക
നിങ്ങളുടെ പേര്, വിലാസം, ശമ്പളം, ബാങ്ക് വിവരങ്ങൾ എന്നിവ AIS, ഫോം 16 എന്നിവ അടിസ്ഥാനമാക്കി സിസ്റ്റം സ്വയം പൂരിപ്പിച്ചിട്ടുണ്ടാകും.
- ഈ വിവരങ്ങൾ നിങ്ങളുടെ കൈവശമുള്ള രേഖകളുമായി ഒത്തുനോക്കുക.
- എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് തിരുത്തുകയോ പുതിയതായി ചേർക്കുകയോ ചെയ്യാം.
- പഴയ നികുതി വ്യവസ്ഥയാണോ പുതിയതാണോ എന്ന് ഇവിടെ തെരഞ്ഞെടുക്കാം.
6. ടാക്സ് കണക്കാക്കലും പേയ്‌മെൻ്റും
- എല്ലാ വിവരങ്ങളും നൽകിക്കഴിഞ്ഞാൽ സിസ്റ്റം നിങ്ങളുടെ നികുതി സ്വയം കണക്കാക്കും.
- നിങ്ങൾക്ക് ഇനിയും നികുതി അടയ്ക്കാനുണ്ടെങ്കിൽ ‘Pay Now’ ക്ലിക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ്/UPI വഴി ഓൺലൈനായി അടയ്ക്കാം.
- നിങ്ങൾക്ക് ടാക്സ് റീഫണ്ട് ലഭിക്കാനുണ്ടെങ്കിൽ അതും സ്ക്രീനിൽ കാണിക്കും.
- ശേഷം ‘Preview Return’ നൽകി എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
7. ഇ-വെരിഫിക്കേഷൻ (ഏറ്റവും പ്രധാനം!)
ITR സബ്മിറ്റ് ചെയ്തതുകൊണ്ട് മാത്രം പ്രക്രിയ അവസാനിക്കുന്നില്ല. അത് ഇ-വെരിഫൈ ചെയ്യേണ്ടത് നിർബന്ധമാണ്.
- സബ്മിറ്റ് ചെയ്ത ശേഷം ‘e-Verify Now’ തെരഞ്ഞെടുക്കുക.
- നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകി വളരെ എളുപ്പത്തിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാം.
- ഇ-വെരിഫിക്കേഷൻ വിജയകരമായി കഴിഞ്ഞാൽ നിങ്ങൾക്ക് ഇമെയിൽ വഴി ‘Acknowledgment’ (ITR-V) ലഭിക്കും.









