ടെൽ അവീവ്: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ്‌ച വൈറ്റ് ഹൗസില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അദ്ദേഹം വാഷിങ്‌ടണിലേക്ക് യാത്ര തിരിച്ചു. ഇറാനുമായുള്ള ഏറ്റുമുട്ടലും പ്രാദേശിക സുരക്ഷയും സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തും.
ടെഹ്‌റാനില്‍ നിന്നുള്ള ഭീഷണികളെ നേരിടുക എന്നതാണ് കൂടിക്കാഴ്‌ചയുടെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സ്വാഭാവികമായും രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയും സമാധാനം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു. വ്യക്തമായൊരു ലക്ഷ്യത്തോടെയാണ് താന്‍ കൂടിക്കാഴ്‌ചയ്‌ക്കൊരുങ്ങുന്നത്. ഇസ്രയേലിന്‍റെ സുരക്ഷ, ഭാവി എന്നിവ ഇതിലൂടെ ഉറപ്പാക്കും.
ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്‌ചയാണിത്. “തന്‍റെ സുഹൃത്തായ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്ക്കായി ഞാൻ വാഷിങ്‌ടണിലേക്ക് പോകുകയാണ്. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇത് എന്‍റെ എട്ടാമത്തെ കൂടിക്കാഴ്‌ചയാണ്. അദ്ദേഹത്തിന്‍റേതൊരു വലിയ പദവിയാണ്, അതൊരു വലിയ ഉത്തരവാദിത്തം കൂടിയാണ്. സങ്കീർണമായ സമയങ്ങളിൽ നാം വലിയ ദൃഢനിശ്ചയത്തോടെയും വലിയ ജ്ഞാനത്തോടെയും പ്രവർത്തിക്കണം. പ്രധാനമന്ത്രി എന്ന നിലയിലുള്ള എന്‍റെ അനുഭവത്തിൽ നിന്ന്, ഈ സങ്കീർണമായ സമയങ്ങളിൽ നാം വലിയ ദൃഢനിശ്ചയത്തോടെയും വലിയ ജ്ഞാനത്തോടെയും പ്രവർത്തിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
ലിൻഡ്സെ ഗ്രഹാമിന്‍റെ സംസ്‌കാര ചടങ്ങിനെത്തും
ഡൊണാള്‍ഡ് ട്രംപുമായി നാളെ നടക്കുന്ന കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്‍റെ സംസ്‌കാര ചടങ്ങിലും നെതന്യാഹു പങ്കെടുക്കും. ‘എന്‍റെയും ഇസ്രയേല്‍ രാജ്യത്തിന്‍റെയും യഥാര്‍ഥ സുഹൃത്തുമായ ലിൻഡ്സെ ഗ്രഹാമിന് താന്‍ ആദരാഞ്ജലികൾ അർപ്പിക്കുമെന്ന്’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
നെതന്യാഹു എത്തുമെന്ന് ട്രംപ്
വെള്ളിയാഴ്‌ച വൈറ്റ് ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷൻ ഡിന്നറിൽ നടത്തിയ പ്രസംഗത്തിനിടെ നെതന്യാഹുവിന്‍റെ യുഎസ് സന്ദർശനത്തെ കുറിച്ച് ട്രംപ് അറിയിച്ചിരുന്നു. ആഴ്‌ചകൾക്ക് മുമ്പ് ഇരു നേതാക്കളും തമ്മിൽ നടന്ന ഒരു ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ കൂടിക്കാഴ്‌ച. അമേരിക്ക സ്ഥാപിതമായതിന്‍റെ 250-ാം വാർഷികത്തിൽ നെതന്യാഹു ട്രംപിനെ അഭിനന്ദിക്കുകയും രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രശംസിക്കുകയും ചെയ്‌തു. കൂടാതെ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്‌കിയെയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇറാനിലെ യുദ്ധം, ലെബനനുമായുള്ള ചർച്ചകളിലെ പുരോഗതി, അബ്രഹാം ഉടമ്പടികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ട്രംപ് നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞു.






