ന്യൂഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകുന്ന സി.യു.ജി സിം കാർഡുകൾ വ്യക്തിഗത ബാങ്ക് വായ്പകൾക്കും സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ റെയിൽവെ. സിം കാർഡുകൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആശയവിനിമയ നയം കർശനമാക്കാൻ റെയിൽവെ തീരുമാനിച്ചത്.
ഒരേ സ്ഥാപനത്തിലെ ജീവനക്കാർക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പരസ്‌പരം വിളിക്കുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമായി നൽകുന്ന പ്രത്യേക മൊബൈൽ കണക്ഷനാണ് സി.യു.ജി അഥവാ ക്ലോസ്ഡ് യൂസർ ഗ്രൂപ്പ്. പുതിയ നിർദേശം അനുസരിച്ച്, ഔദ്യോഗിക സി.യു.ജി സിമ്മുകൾ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനോ ബാങ്ക് വായ്പകൾ എടുക്കാനോ മറ്റ് വ്യക്തിഗത സാമ്പത്തിക ഇടപാടുകൾ നടത്താനോ പാടില്ല. ഔദ്യോഗിക ആശയവിനിമയത്തിന് മാത്രമായി നൽകുന്ന സിമ്മുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.
സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ജീവനക്കാർ ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റെയിൽവെ ആവശ്യപ്പെട്ടു. റെയിൽവെ ആശയവിനിമയ സംവിധാനത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനും ഔദ്യോഗിക സൗകര്യങ്ങൾ അതിൻ്റെ യഥാർഥ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് പുതിയ നിർദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും.
സി.യു.ജി നമ്പർ വായ്പകൾക്കായി ഉപയോഗിക്കുകയും, തവണകൾ അടയ്ക്കാത്തതിൻ്റെ പേരിലോ മറ്റ് ബാങ്കിങ് തർക്കങ്ങളുടെ പേരിലോ ഓഫിസിൽ ബാങ്കിൽ നിന്ന് വിളിക്കുകയോ പരാതി ലഭിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ജീവനക്കാരനെതിരെ അച്ചടക്ക, അപ്പീൽ ചട്ടങ്ങൾ (ഡി ആൻഡ് എ) പ്രകാരം കർശന നടപടിയെടുക്കും. ഇതിൻ്റെ ഭാഗമായി എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. ജീവനക്കാർ എത്രയും വേഗം വിവരങ്ങൾ നൽകുന്നുണ്ടെന്ന് എല്ലാ വകുപ്പുകളും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ദുരിതമായി പഴയ നമ്പരുകൾ
പല റെയിൽവെ ജീവനക്കാർക്കും സർക്കാർ നൽകുന്ന സി.യു.ജി മൊബൈൽ നമ്പർ ഔദ്യോഗിക ആശയവിനിമയം സുഗമമാക്കാനാണെങ്കിലും ചിലർക്കെങ്കിലും ഇത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പഴയ ഉപയോക്താക്കൾ തിരികെ നൽകുന്ന സി.യു.ജി നമ്പരുകൾ പുതിയ ജീവനക്കാർക്ക് നൽകുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. പഴയ ഉപയോക്താവ് തൻ്റെ ബാങ്ക് അക്കൗണ്ടുകളുമായോ മറ്റ് സാമ്പത്തിക സേവനങ്ങളുമായോ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, പുതിയ ഉപയോക്താവിന് നിരന്തരം ബാങ്കുകളിൽ നിന്നും മറ്റും കോളുകൾ വരുന്നത് പതിവാണ്.
കഴിഞ്ഞ നാല് വർഷമായി താൻ ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവെ എസ് ആൻഡ് ടി മെയിൻ്റനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി അലോക് ചന്ദ്ര പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു. സി.യു.ജി നമ്പരുകൾ ബാങ്ക് അക്കൗണ്ടുകൾക്കും മറ്റ് വ്യക്തിഗത സേവനങ്ങൾക്കും ഉപയോഗിക്കുന്നത് റെയിൽവെ ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. തനിക്ക് ലഭിച്ച നമ്പറിൻ്റെ പഴയ ഉപയോക്താവിനെ അന്വേഷിച്ച് ദിവസവും കോളുകൾ വരാറുണ്ട്. നമ്പർ ഇപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി തനിക്ക് അനുവദിച്ചതാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പലരും അത് മനസ്സിലാക്കാതെ വീണ്ടും വിളിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിങ്, വ്യക്തിഗത ആവശ്യങ്ങൾക്കായി സി.യു.ജി നമ്പരുകൾ നൽകുന്നത് തടയാനുള്ള റെയിൽവെയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ആർ.എസ്.ടി.എം.യു ദേശീയ പ്രസിഡൻ്റ് നവീൻ കുമാറും റെയിൽവെയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഔദ്യോഗിക സി.യു.ജി സിം കാർഡുകളുടെ വ്യക്തിഗത ഉപയോഗം നിരുത്സാഹപ്പെടുത്താനുള്ള തീരുമാനം തൊഴിലിടങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച കാൽവെപ്പാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ചില ജീവനക്കാർ ഔദ്യോഗിക സിമ്മുകൾ ബാങ്കിങ് ആവശ്യങ്ങൾക്കും മറ്റ് വ്യക്തിഗത കാര്യങ്ങൾക്കും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
നമ്പരുകൾ പുതിയ ജീവനക്കാർക്ക് നൽകുമ്പോൾ ഇത് റെയിൽവെയുടെ ഔദ്യോഗിക ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നുണ്ട്. സി.യു.ജി നമ്പരുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ജീവനക്കാർ അവ വ്യക്തിഗത സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.യു.ജി സിമ്മുകളുടെ ഉപയോഗം ഔദ്യോഗിക ആശയവിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് പ്രവർത്തന തടസ്സങ്ങൾ കുറയ്ക്കാനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്നം കേവലം ഭരണപരമായ ബുദ്ധിമുട്ട് മാത്രമല്ല, ജീവനക്കാരുടെ ദൈനംദിന ജോലിയെയും ബാധിക്കുന്നുണ്ട്. 2020ൽ സ്ഥലംമാറ്റത്തിന് ശേഷം സി.യു.ജി സിം ലഭിച്ചപ്പോൾ മുതൽ റെയിൽവെ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കോളുകൾ വരാൻ തുടങ്ങിയതായി ലോക്കോ പൈലറ്റ് ചണ്ഡി പ്രസാദ് ഇടിവി ഭാരതിനോട് പറഞ്ഞു. തനിക്ക് ലഭിച്ച നമ്പർ നേരത്തെ ഉപയോഗിച്ചിരുന്ന വ്യക്തി വ്യക്തിഗത സാമ്പത്തിക സേവനങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. സിം ലഭിച്ചതുമുതൽ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളിൽ നിന്നും പഴയ ഉപയോക്താവിൻ്റെ ബന്ധുക്കളിൽ നിന്നും കോളുകൾ വരുന്നുണ്ട്.
ജോലി സമയത്ത് ഇത് വലിയ ശല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സി.യു.ജി സിമ്മുകളുടെ വ്യക്തിഗത ഉപയോഗം നിരോധിക്കാനുള്ള റെയിൽവെയുടെ തീരുമാനം ഭാവിയിൽ ജീവനക്കാർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക നമ്പരുകൾ ജോലിക്ക് മാത്രമായി നിലനിർത്തുന്നത് സുഗമമായ ആശയവിനിമയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.







