ന്യൂഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ജന്തര്‍മന്ദറില്‍ നടന്ന നീറ്റ് പ്രക്ഷോഭത്തിനിടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെതിരെ നടന്ന പൊലീസ് നരനായാട്ടില്‍ അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. അമിത് ഷായുടെ പ്രസ്‌താവന ആരംഭിച്ച് ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി.
ഇതോടെ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം രണ്ടാമത്തെ ആഴ്‌ചയിലും പ്രക്ഷുബ്‌ധമായിരിക്കുകയാണ്.
പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച് സ്‌പീക്കര്‍. ഓരോ എംപിമാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സഭയില്‍ മര്യാദ പാലിക്കണം. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും സ്‌പീക്കര്‍ ആവശ്യപ്പെട്ടു. നേരത്തെ പാര്‍ലമെന്‍റ് കവാടത്തില്‍ ഇന്ത്യാസഖ്യം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരുസഭകളും പന്ത്രണ്ട് മണി വരെ നിര്‍ത്തി വച്ചു. കേവലം ഒരു മിനിറ്റ് മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു ലോക്‌സഭയിലെ പ്രതിഷേധം. അമിത് ഷാ മറുപടി പറയും വരെ പ്രതിഷേധമെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. അമിത് ഷാ പ്രസ്‌താവന നടത്തും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
രാജി വച്ച വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ ബിജെപി എംപിമാര്‍ ഷാള്‍ അണിയിച്ചാണ് സഭാ കവാടത്തില്‍ വരവേറ്റത്. പ്രതിപക്ഷം പ്രധാനെതിരെ മുദ്രാവാക്യങ്ങളുമായി പാഞ്ഞെത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിരോധം തീര്‍ത്ത് പ്രധാനെ സഭയിലെത്തിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രധാന്‍ പാര്‍ലമെന്‍റിലെത്തിയത്. പ്രധാന്‍ രണ്ടാം നിരയിലാണ് ഇന്ന് ഇരുന്നത്. പ്രധാന്‍ പുറത്ത് പോയി. ഇനി അമിത് ഷായുടെ ഊഴമാണ് എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.
അതേസമയം ദേശവിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ രാജ്യം അടിയറവ് പറയാതിരിക്കാനാണ് താന്‍ രാജി വച്ചതെന്ന നിലപാടാണ് കഴിഞ്ഞ ദിവസം പ്രധാന്‍ സ്വീകരിച്ചത്. പ്രധാന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. കഴിഞ്ഞ ദിവസം അമിത് ഷാ അടക്കമുള്ള മന്ത്രിമാര്‍ പ്രധാന്‍റെ വീട്ടിലെത്തി അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മറ്റൊരു വകുപ്പ് നല്‍കി പ്രധാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കാന്‍ പിന്നാമ്പുറത്ത് ശ്രമം തുടരുന്നുണ്ട്. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും വിശ്വസ്‌തനാണ് പ്രധാന്‍.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അടക്കം ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷ ബഹളത്തില്‍ സഭ തടസപ്പെട്ടിരിക്കുന്നത്.








