മണ്‍സൂണില്‍ കരുത്തേകുന്ന ഔഷധക്കൂട്ട്, അറിയാം കര്‍ക്കടക കഞ്ഞിയുടെ ഗുണങ്ങള്‍

0
5

 

കണ്ണൂർ: മഴത്തുള്ളികൾ ഭൂമിയെ നനയ്ക്കുമ്പോൾ രോഗങ്ങളും അതോടൊപ്പം വാതിൽ തുറക്കുന്ന കാലമാണ് കർക്കടകം. ഈ സമയത്ത് ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയുകയും ദഹനശേഷി ക്ഷയിക്കുകയും ചെയ്യുമെന്നാണ് ആയുർവേദം പറയുന്നത്. അതുകൊണ്ടുതന്നെ മഴക്കാലത്തെ ആരോഗ്യസംരക്ഷണത്തിൽ തലമുറകളായി മലയാളികൾ വിശ്വസിച്ചുപോരുന്ന പ്രധാന ഭക്ഷണമാണ് കർക്കടകക്കഞ്ഞി. ഔഷധസസ്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി ശരീരത്തിന് പുതുജീവൻ നൽകുന്നതോടൊപ്പം കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.

കര്‍ക്കടകത്തിലെ ആരോഗ്യ സംരക്ഷണം ഇങ്ങനെ. 

മഴക്കാല ആരോഗ്യ സംരക്ഷണത്തിന് കർക്കടകക്കഞ്ഞി എന്തുകൊണ്ട്?

ആയുർവേദ വിധിപ്രകാരം മഴക്കാലത്ത് ശരീരത്തിലെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളിൽ അസന്തുലിതാവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഈ ഘട്ടത്തിൽ ജഠരാഗ്നി ക്ഷയിക്കുന്നതിനാൽ ദഹനപ്രക്രിയയും മന്ദഗതിയിലാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനുമാണ് കർക്കടകക്കഞ്ഞി ശുപാർശ ചെയ്യുന്നത്.

തവിടുകളയാത്ത ഞവരയരി അല്ലെങ്കിൽ കുത്തരി, ഉലുവ, ജീരകം, വിവിധ ഔഷധസസ്യങ്ങളുടെ നീര്, തേങ്ങാപ്പാൽ എന്നിവ ചേർത്താണ് സാധാരണയായി കഞ്ഞി തയ്യാറാക്കുന്നത്. ശരീരത്തെ അടുത്ത കാലാവസ്ഥയിലേക്ക് സജ്ജമാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.

കർക്കടകക്കഞ്ഞിയിലെ പ്രധാന ചേരുവകൾ

കരിക്കാടിയിൽ നിന്ന് കർക്കടകക്കഞ്ഞിയിലേക്ക്; പഴമയുടെ ആരോഗ്യപാഠം

പഴയകാലത്ത് ആരോഗ്യസംരക്ഷണത്തിനായി “കരിക്കാടി” കഴിക്കുന്ന പതിവും വ്യാപകമായിരുന്നു. തലേദിവസം ശേഷിച്ച ചോറ് മൺകലത്തിൽ വെള്ളമൊഴിച്ച് പുളിപ്പിച്ച ശേഷം പിറ്റേന്ന് രാവിലെ തൈര്, ചെറിയ ഉള്ളി, കാന്താരി, ഉപ്പ് എന്നിവ ചേർത്ത് കഴിക്കുന്ന ഈ ഭക്ഷണത്തിൽ ഇരുമ്പ്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇന്നും പല വീടുകളിലും കുത്തരി, ഉലുവ, മുതിര, ചെറുപയർ, തേങ്ങാപ്പാൽ എന്നിവ ചേർത്ത് കർക്കടകക്കഞ്ഞി വീട്ടിൽത്തന്നെ തയ്യാറാക്കുന്ന പതിവ് തുടരുന്നുണ്ട്.

പ്രമേഹരോഗികൾക്കും കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ

കർക്കടകക്കഞ്ഞി ഏത് പ്രായക്കാർക്കും ഉപയോഗിക്കാമെങ്കിലും ആരോഗ്യസ്ഥിതിക്ക്‌ അനുസരിച്ച് ചേരുവകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. പ്രമേഹമുള്ളവർ അരിക്ക് പകരം ബാർളി, തിന, ചാമ, ചെറുപയർ, ഉലുവ എന്നിവ ചേർത്ത കഞ്ഞി കഴിക്കുന്നതാണ് ഉത്തമമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു.

ആരൊക്കെ എങ്ങനെ കഴിക്കണം? 

 

കുട്ടികൾക്ക് രുചികരമാക്കാൻ അരിക്കൊപ്പം ശർക്കര, നെയ്യ്, തേങ്ങാപ്പാൽ എന്നിവ ചേർത്ത് കഞ്ഞി തയ്യാറാക്കാം. അഷ്‌ടചൂർണം കൂടി ചേർത്താൽ ദഹനശേഷി വർധിപ്പിക്കുന്നതിനും കൃമിനാശത്തിനും സഹായകമാകും. രോഗാവസ്ഥയിലുള്ളവർ സ്വന്തമായി പരീക്ഷിക്കുന്നതിന് പകരം ആയുർവേദ ഡോക്‌ടറുടെ നിർദേശപ്രകാരം കഞ്ഞി തയ്യാറാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

കർക്കടകക്കഞ്ഞിയുടെ ആരോഗ്യഗുണങ്ങൾ 

ആരോഗ്യ സംരക്ഷണം മരുന്നുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ടെന്നും ആയുർവേദ വിദഗ്‌ധർ ഓർമ്മിപ്പിക്കുന്നു. മഴക്കാലത്ത് ശരീരത്തിൻ്റെയും മനസിൻ്റെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാൻ കർക്കടകക്കഞ്ഞി പോലുള്ള പാരമ്പര്യ ഭക്ഷണങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here