ബോക്‌സ് ഓഫിസില്‍ വിജയ്‌യുടെ തേരോട്ടം! ജന നായകന്‍ ഒറ്റ ദിവസം കൊണ്ട് നേടിയത് വമ്പന്‍ കലക്ഷന്‍;

0
2

തിയേറ്ററുകളില്‍ ആവേശത്തിരയിളക്കികൊണ്ടാണ് ദളപതി വിജയ്‌ ചിത്രം ജന നായകന്‍ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിസന്ധികള്‍ക്കുമൊടുവില്‍ എത്തിയ ജന നായകനെ വലിയ ആര്‍പ്പുവിളിയോടെയും ആഘോഷത്തോടെയുമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ സ്വീകരിച്ചത്.

സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനൊപ്പമുള്ള വിജയിന്‍റെ വാക്കായിരുന്നു സിനിമാ ജീവിതത്തില്‍ ഇനി ഒരേയൊരു ചിത്രമെന്ന്. എച്ച് വിനോദ് സംവിധാനം ചെയ്‌ത ജന നായകന്‍ പൊങ്കല്‍ റിലീസായി ഈ വര്‍ഷം ജനുവരിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഏഴ് മാസത്തിനിപ്പുറമാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. അപ്പോഴേക്കും തമിഴ് സൂപ്പര്‍താരം എന്നതില്‍ നിന്ന് വിജയ് തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രി എന്ന പദത്തിലേക്ക് എത്തിയിരുന്നു. അതുകൊണ്ട് തന്നെ ജന നായകനെ ഒരു ഉത്സവം പോലെ ആഘോഷിക്കുകയാണ് ആരാധകര്‍.

പതിവ് വിജയ് ചിത്രങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്‌തമായി ‘ആദരണീയനായ തമിഴ്‌നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്’ എന്നാണ് ഇത്തവണ ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡില്‍ വിജയ്‌യുടെ പേര് തെളിഞ്ഞത്. വിജയ്‌യുടെ ഔദ്യോഗികവേഷത്തിലുള്ള ചിത്രവുമാണ് ടൈറ്റിൽ കാർഡിലുള്ളത്. അതോടെ തിയറ്റർ ഇളകി മറിഞ്ഞു. എന്നാല്‍ ആഗോളതലത്തില്‍ ജൂലൈ 23 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫിസിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്.

സിനിമ തിയേറ്ററുകളില്‍ ആദ്യ ദിവസം മുതല്‍ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആദ്യ ദിവസത്തില്‍ ആഗോളതലത്തില്‍78.27 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം ഒറ്റ ദിവസത്തില്‍ 48.27 കോടി രൂപയാണ് ഗ്രോസ് കലക്ഷന്‍. വിദേശത്ത് നിന്ന് മാത്രം 30.00 കോടി രൂപയും ചിത്രം നേടി. 41.00 കോടി രൂപയാണ് ഇന്ത്യയിലെ നെറ്റ് കലക്ഷന്‍. 13,067 ഷോകളില്‍ നിന്നാണ് ഒറ്റ ദിവസത്തില്‍ ഇത്രയും നേട്ടം കൊയ്‌തെടുത്തത്. തിയേറ്റര്‍ ഒക്യുപ്പന്‍സി 41.6 ശതമാനമായിരുന്നു.

തമിഴില്‍ നിന്ന് 43.07 കോടി രൂപ ഗ്രോസ് കലക്ഷനും 36.50 കോടി രൂപ നെറ്റ് കലക്ഷനുമാണ് നേടിയത്. 7,585 ഷോകളിലായാണ് ചിത്രം ഇത്രയും വരുമാനം നേടിയത്. തെലുഗുവില്‍ നിന്ന് നെറ്റ് കലക്ഷന്‍ 3.14 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത്. 2.75 കോടി രൂപയാണ് നെറ്റ് കലക്ഷന്‍ 1502 ഷോകളിലായാണിത്. ഹിന്ദിയില്‍ നിന്ന് ഗ്രോസ് കലക്ഷന്‍2.07 കോടി രൂപയും 1.75 കോടി രൂപ നെറ്റ് കലക്ഷനുമാണ് നേടിയത്. 3,980 ഷോകളിലാണുണ്ടായിരുന്നത്. രാജ്യത്തുടനീളവും വിദേശത്തുമായി 2500 തിയറ്ററുകളിലാണ് ചിത്രം ഒരേസമയം പ്രദർശനത്തിന് എത്തിയത്.

റിലീസിന് മുമ്പ് കഥ ചോർന്നെന്ന റിപ്പോർട്ടുകളും സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ എല്ലാ വെല്ലുവിളികളെയും മറികടന്ന് ബോക്‌സ് ഓഫീസിൽ ശക്തമായ തുടക്കമാണ് ചിത്രം കുറിച്ചിരിക്കുന്നത്.

സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിലും വലിയ നേട്ടമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജന നായകൻ’ ബ്ലോക്ക് സീറ്റുകൾ ഒഴിവാക്കി 15.44 കോടി രൂപയും ബ്ലോക്ക് സീറ്റുകൾ ഉൾപ്പെടെ 21.26 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്.

ചിത്രത്തിന്‍റെ ഏറ്റവും വലിയ കരുത്ത് തമിഴ് വിപണിയാണ്. തമിഴ് പതിപ്പിൽ മാത്രം 15.2 കോടിയിലധികം അഡ്വാൻസ് ഗ്രോസ് കലക്ഷന്‍ ലഭിച്ചു. എന്നാൽ ഹിന്ദി, തെലുഗു പതിപ്പുകളിൽ നിന്ന് ലഭിച്ച വരുമാനം 25 ലക്ഷത്തിൽ താഴെയായിരുന്നു.

വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ഈ ചിത്രം തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ്. വിജയ്‌യുടെയും മമിതയുടെയും പ്രകടനവും ഇരുവരും തമ്മിലുള്ള വൈകാരിക ബന്ധവും പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നുണ്ട്. ബോബി ഡിയോളിന്‍റെ അഭിനയത്തെ കുറിച്ചും പ്രേക്ഷകര്‍ പ്രശംസിക്കുന്നുണ്ട്. അനിരുദ്ധിന്‍റെ സംഗീതമാണ് സിനിമയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം. ആക്ഷന്‍ രംഗങ്ങളായും സിനിമ സമ്പന്നമാണ്.

അതേസമയം വിജയ്‌യുടെ അവസാന ചിത്രമെന്നതുകൊണ്ട് ആരാധകരെ ഒരേ സമയം ഇത് നിരാശപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇത് വിജയ്‌യുടെ അവസാന ചിത്രമല്ലെന്നും ഭാവിയിൽ അദ്ദേഹം വീണ്ടും അഭിനയിക്കുമെന്നുമുള്ള സംവിധായകൻ എച്ച് വിനോദിൻ്റെ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിവച്ചു. ഇതിനിടെ വിജയ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ആരാധകർ ഏറ്റെടുത്തിരുന്നു.

വിജയ്ക്കും മമിതയ്ക്കും ബോബി ഡിയോളിനും പുറമെ പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here