പുരി ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് സമാപനം

0
4

ഭുവനേശ്വർ: ഒഡിഷയിലെ പുണ്യനഗരമായ പുരിയെ ഭക്തിസാന്ദ്രമാക്കി ജഗന്നാഥ രഥയാത്രയ്ക്ക് ഇന്ന് സമാപനമാകും. ഗുണ്ടിച്ച ക്ഷേത്രത്തിൽ നിന്ന് ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നീ ദേവതകളെ വഹിച്ചുള്ള രഥങ്ങൾ ശ്രീമന്ദിരത്തിലേക്ക് മടങ്ങുന്ന ബഹുദ യാത്രയ്ക്കായി ആയിരക്കണക്കിന് ഭക്തരാണ് ബഡാ ദണ്ഡയിലേക്ക് (ഗ്രാൻഡ് റോഡ്) ഒഴുകിയെത്തുന്നത്.

മടക്കയാത്രയ്ക്ക് മുന്നോടിയായി ഗംഭീരമായ രഥങ്ങൾ ജഗന്നാഥ ക്ഷേത്രത്തിന് അഭിമുഖമായി തെക്കോട്ട് തിരിക്കുന്ന ദക്ഷിണ മോഡ ചടങ്ങ് പൂർത്തിയായി. പുലർച്ചെ നാല് മണിക്ക് മംഗള ആരതിയോടെയാണ് ഇന്നത്തെ ആചാരങ്ങൾക്ക് തുടക്കമായത്. തുടർന്ന് മൈലം, തദപ് ലഗി, റോഷ ഹോമം, അബാകാഷ് ആചാരം, സൂര്യപൂജ, ദ്വാരപാല പൂജ, ഗോപാൽ ബല്ലവ്, സകല ധൂപ, സേനാപതാ ലഗി, മംഗള അർപ്പണ തുടങ്ങിയ ചടങ്ങുകളും നടന്നു. 12 മണിയോടെ ദേവതകളെ അതത് രഥങ്ങളിലേക്ക് ആനയിക്കുന്ന പഹണ്ടി ആചാരങ്ങൾ ആരംഭിക്കും. വൈകിട്ട് നാല് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രഥങ്ങൾ വലിച്ചുതുടങ്ങുക.

ബഹുദ യാത്ര 2026

  • 4:00 AM മംഗൾ ആലടി
  • 4:15 AM മൈലം
  • 4:30 AM തദപ് ലഗി & റോഷ ഹോമം
  • 5:00 AM അബാകാഷ് ആചാരം
  • 5:15 AM സൂര്യപൂജ
  • 5:30 AM ദ്വാരപാല പൂജ & ബീശ സമാപനം
  • 5:45 AM – 6:45 AM ഗോപാൽ ബല്ലവ് & സകല ധൂപ
  • 7:00 AM – 11:30 AM സേനാപതാ ലഗി
  • 11:45 AM മംഗള അർപ്പണ
  • 12:00 PM – 2:30 PM ബഹുദ പഹന്ദി
  • 1:00 PM – 2:30 PM ബെഷ പൂർത്തീകരണം
  • 2:30 PM – 3:30 PM ചേര പഹൻറ
  • 3:00 PM – 4:00 PM ചരമല ഫിറ്റ
  • 4:00 PM മുതൽ രഥയാത്ര (തിരിച്ചുള്ള രഥം വലിക്കൽ) ആരംഭിക്കുന്നു

ആചാരപ്രകാരം ബലഭദ്ര ഭഗവാൻ്റെ രഥമായ താളധ്വജമാണ് ആദ്യം ശ്രീമന്ദിരത്തിലേക്ക് വലിക്കുന്നത്. തുടർന്ന് ദേവി സുഭദ്രയുടെ ദർപ്പദളനയും ജഗന്നാഥ ഭഗവാൻ്റെ നന്ദിഘോഷവും ഭക്തർ വലിച്ചുനീക്കും. മടക്കയാത്രയിൽ രഥങ്ങൾ മൗസി മാ ക്ഷേത്രത്തിന് മുന്നിൽ നിർത്തുന്നത് പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ്. ഭഗവാൻ്റെ മാതൃസഹോദരിയെ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് ഇവിടെ നിർത്തുന്നത്. ശ്രീമന്ദിരത്തിലേക്കുള്ള യാത്ര തുടരുന്നതിന് മുൻപ് ഭഗവാന് ഇവിടെവച്ച് പോഡ പിഠം സമർപ്പിക്കും. ഇത് വെറുമൊരു ആചാരമല്ലെന്നും മറിച്ച് ദിവ്യമായ കുടുംബബന്ധങ്ങളുടെ ആഘോഷമാണെന്നും ശ്രീമന്ദിരത്തിലെ സേവകർ വ്യക്തമാക്കി.

സുവർണാഭരണങ്ങൾ അണിഞ്ഞ് ദേവതകൾ
ദേവതകൾ ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയതിന് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണ് സുന ബേഷ. രഥയാത്രാ ഉത്സവത്തിനിടയിൽ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ സ്വർണാഭരണങ്ങൾ അണിയിക്കുന്ന വിശുദ്ധ ആചാരമാണിത്. ക്ഷേത്രത്തിൽ വീണ്ടും പ്രവേശിക്കുന്നതിന് മുൻപ് ജഗന്നാഥൻ സ്വർണ വസ്ത്രം ധരിക്കുന്നത് ഭക്തർക്ക് ആത്മീയ നിർവൃതി നൽകുന്ന കാഴ്‌ചയാണെന്ന് ഭക്തർ പറഞ്ഞു.

ഉത്സവത്തിൻ്റെ സമാപന ചടങ്ങായ നീലാദ്രി ബിജേയിൽ, ജഗന്നാഥൻ ക്ഷേത്രത്തിൽ നിന്ന് വളരെക്കാലം അകന്നു നിൽക്കുന്നതിലുള്ള അതൃപ്‌തി ലക്ഷ്‌മി ദേവി പ്രകടിപ്പിക്കുമെന്നാണ് വിശ്വാസം. ലക്ഷ്‌മി ദേവിയെ പ്രീതിപ്പെടുത്താനായി ദിവ്യസ്നേഹത്തിൻ്റെയും പുനഃസമാഗമത്തിൻ്റെയും പ്രതീകമായി ജഗന്നാഥൻ രസഗുള അർപ്പിക്കും. തുടർന്ന് പുരോഹിതന്മാർ സംസ്‌കൃത മന്ത്രോച്ചാരണങ്ങളോടെ ഭഗവാനെ ശ്രീമന്ദിരത്തിലേക്ക് ആചാരപരമായി സ്വാഗതം ചെയ്യുന്നതോടെ ചടങ്ങുകൾ അവസാനിക്കും.

പുരിയിൽ കർശന സുരക്ഷ
കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തമാണ് ഇത്തവണത്തെ ബഹുദ യാത്രയിലും സുന ബേഷയിലും പ്രതീക്ഷിക്കുന്നതെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി സൗമേന്ദ്ര പ്രിയദർശി വ്യക്തമാക്കി. ലക്ഷക്കണക്കിന് ഭക്തർ വാഹനങ്ങളിൽ പുരിയിൽ എത്തുമെന്നതിനാൽ ഗതാഗത നിയന്ത്രണം വലിയ വെല്ലുവിളിയാണ്. സുന ബേഷ ദർശിക്കുന്നതിനായി 10 ലക്ഷത്തിലധികം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി 8500 കാറുകള്‍ക്കും 30,000-ത്തിലധികം ഇരുചക്ര വാഹനങ്ങൾക്കുമായി 30 പാർക്കിങ് സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബസുകൾക്കായി മൂന്ന് പ്രത്യേക പാർക്കിങ് ഏരിയകളുമുണ്ട്. എസ്എംഎസ് അലേർട്ടുകൾ, എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, എഫ്എം റേഡിയോ, സമൂഹമാധ്യമങ്ങൾ, വാർത്താമാധ്യമങ്ങൾ എന്നിവയിലൂടെ ഗതാഗതത്തെക്കുറിച്ചും പാർക്കിങ്ങിനെക്കുറിച്ചും ഭക്തർക്ക് വിവരങ്ങൾ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുരി-ഭുവനേശ്വർ ദേശീയ പാത, പുരി-കൊണാർക്ക് റോഡ്, ജഗന്നാഥ് റോഡ് എന്നിവിടങ്ങളിൽ എൽഇഡി ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സുഗമവും തടസരഹിതവുമായ തീർഥാടനം ഉറപ്പാക്കാൻ പൊലീസ് നൽകുന്ന നിർദേശങ്ങളും ട്രാഫിക് അപ്‌ഡേറ്റുകളും എല്ലാവരും പാലിക്കണമെന്ന് എഡിജിപി അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here