വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് വൻ ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2028 ഓഗസ്റ്റ് മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. അമേരിക്കയിൽ തന്നെ മരുന്ന് ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 2026 ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് അമേരിക്കയിലേക്ക് കൊണ്ടുവരുന്ന എല്ലാ ജനറിക് മരുന്നുകൾക്കും നിലവിലുള്ളത് പോലെ പൂജ്യം ശതമാനം തീരുവ തന്നെയായിരിക്കും ഈടാക്കുക. എന്നാൽ രണ്ട് വർഷത്തിന് ശേഷം, അതായത് 2028 ഓഗസ്റ്റ് മുതൽ ഒരു വർഷത്തേക്ക് ഇത് നൂറ് ശതമാനമായി വർധിപ്പിക്കും. അതിനുശേഷം ഇറക്കുമതി തീരുവ ഇരുന്നൂറ് ശതമാനമായി ഉയർത്താനാണ് അമേരിക്കൻ ഭരണകൂടത്തിൻ്റെ തീരുമാനം.
അമേരിക്കയിൽ ഉത്പാദനം ലക്ഷ്യം
ജനറിക് മരുന്നുകളുടെ ഉത്പാദനം പൂർണമായും അമേരിക്കയിലേക്ക് മാറ്റുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അമേരിക്കയിൽ പ്ലാൻ്റുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ തയ്യാറാകാത്ത കമ്പനികൾക്ക് കനത്ത പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നയത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പേറ്റൻ്റ് ഉള്ളതും ബ്രാൻഡഡ് ആയതുമായ മരുന്നുകൾക്കും നൂതന മരുന്നുകൾക്കുമുള്ള നിലവിലെ നയം വളരെ വിജയകരമാണെന്നും അതിൽ മാറ്റങ്ങൾ വരുത്തില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് തിരിച്ചടി
അമേരിക്കയുടെ ഈ പുതിയ തീരുമാനം ഇന്ത്യയെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാൽ ലോകത്തിൻ്റെ ഫാർമസി എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2025ൽ മാത്രം 9.7 ബില്യൺ ഡോളറിൻ്റെ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയായ 25.8 ബില്യൺ ഡോളറിൻ്റെ മുപ്പത്തിയെട്ട് ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്.
രക്തസമ്മർദം, പ്രമേഹം, കാൻസർ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യൻ ജനറിക് മരുന്നുകൾ അമേരിക്കയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ മരുന്ന് നിർമാണ കമ്പനികൾക്ക് അമേരിക്കയിൽ നേരിട്ട് പ്ലാൻ്റുകൾ സ്ഥാപിക്കേണ്ടി വരും. അല്ലാത്തപക്ഷം വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിലെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്നതിൽ ഇന്ത്യൻ ജനറിക് മരുന്നുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ട്രംപിൻ്റെ പുതിയ തീരുമാനം അമേരിക്കൻ ജനതയുടെ ആരോഗ്യ പരിപാലന ചെലവുകൾ വർധിപ്പിക്കുമോ എന്ന ആശങ്കയും ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തെ സാരമായി ബാധിക്കുന്ന ഈ തീരുമാനത്തിൽ ഇന്ത്യൻ ഫാർമ മേഖല കടുത്ത ആശങ്കയിലാണ്.







