ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 ബുധനാഴ്ച ലോക്‌സഭ പരിഗണിക്കും. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് സുപ്രധാനമായ ഈ ബിൽ അവതരിപ്പിച്ച് പാസാക്കാൻ ശ്രമിക്കുന്നത്.
പ്രതിപക്ഷത്തിൻ്റെ കനത്ത പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കുമിടെ ജൂലൈ 20നാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇന്നത്തെ ലോക്‌സഭാ നടപടിക്രമങ്ങൾ പ്രകാരം, 1956ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ പരിഗണിക്കാനും പാസാക്കാനും മന്ത്രി അർജുൻ റാം മേഘ്‌വാൾ സഭയോട് ആവശ്യപ്പെടും. മെയ് 16ന് രാഷ്ട്രപതി പുറപ്പെടുവിച്ച സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ഓർഡിനൻസിനെ എതിർത്തുകൊണ്ട് എംപിമാരായ സൗഗത റോയ്, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവർ കൊണ്ടുവന്ന പ്രമേയത്തിനൊപ്പമാകും ഈ ബില്ലും സഭ പരിഗണിക്കുക.
മറ്റ് സഭാ നടപടികൾ
ഇതിന് പുറമെ, ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ പതിനേഴാമത് റിപ്പോർട്ട് കിരൺ റിജിജു, ഗൗരവ് ഗൊഗോയ് എന്നിവർ സഭയിൽ സമർപ്പിക്കും. കൽക്കരി, ഖനി, ഉരുക്ക് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയുടെ (2025-26) മൂന്ന് റിപ്പോർട്ടുകൾ എംപിമാരായ അനുരാഗ് സിങ് താക്കൂർ, മന്ന ലാൽ റാവത്ത് എന്നിവർ അവതരിപ്പിക്കും. ഉരുക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ട ‘ഉരുക്ക് മേഖലയിലെ ആത്മനിർഭരതയും മെയ്ക്ക് ഇൻ ഇന്ത്യ സ്റ്റീൽ ഉത്പാദനത്തിനായുള്ള മാർഗരേഖയും’ എന്ന 24-ാമത് റിപ്പോർട്ട് ഇതിൽ ഉൾപ്പെടുന്നു. കൽക്കരി മന്ത്രാലയത്തിൻ്റെ ധനാഭ്യർഥനകളിന്മേലുള്ള (2026-27) 18-ാമത് റിപ്പോർട്ടിലെ നിരീക്ഷണങ്ങളിലും ശിപാർശകളിലും സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന 25-ാമത് റിപ്പോർട്ടും, ഖനി മന്ത്രാലയത്തിൻ്റെ ധനാഭ്യർഥനകളിന്മേലുള്ള 19-ാമത് റിപ്പോർട്ടിലെ നടപടികൾ വ്യക്തമാക്കുന്ന 26-ാമത് റിപ്പോർട്ടുമാണ് മറ്റുള്ളവ.
റെയിൽവേ മന്ത്രാലയത്തിൻ്റെ ധനാഭ്യർഥനകളിന്മേലുള്ള (2026-27) സ്റ്റാൻഡിങ് കമ്മിറ്റിയുടെ എട്ടാമത് റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയതിൻ്റെ തൽസ്ഥിതി സംബന്ധിച്ച് റെയിൽവേ മന്ത്രി രവ്‌നീത് സിങ് പ്രസ്താവന നടത്തും. കോർപ്പറേറ്റ് നിയമ (ഭേദഗതി) ബിൽ 2026 സംബന്ധിച്ച സംയുക്ത സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം വർഷകാല സമ്മേളനത്തിൻ്റെ അവസാന ദിവസം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സുധീർ ഗുപ്ത, മുകേഷ്‌കുമാർ ചന്ദ്രകാന്ത് ദലാൽ എന്നിവർ കൊണ്ടുവരുന്ന പ്രമേയവും സഭ പരിഗണിക്കും. രാവിലെ 11ന് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ ആരംഭിക്കുക. തുടർന്ന് മന്ത്രിമാരായ ജിതേന്ദ്ര സിങ്, ചന്ദ്ര ശേഖർ പെമ്മസാനി, രവ്‌നീത് സിങ്, നിമുബെൻ ജയന്തിഭായ് ബംഭാനിയ എന്നിവർ വിവിധ രേഖകൾ സഭയുടെ മേശപ്പുറത്തുവയ്ക്കും.
രാജ്യസഭയിലെ നടപടിക്രമങ്ങൾ
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുപ്രധാന റിപ്പോർട്ടുകൾ രാജ്യസഭയും ഇന്ന് പരിഗണിക്കും. ധനുഷ് തോക്ക് സംവിധാനത്തിൻ്റെ ഉത്പാദനത്തിലുണ്ടായ കാലതാമസം, സൈന്യത്തിന് നൽകിയ തകരാറുള്ള വെടിക്കോപ്പുകൾ മാറ്റിനൽകിയതിലൂടെയുണ്ടായ 62.10 കോടി രൂപയുടെ നഷ്ടം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഉരുക്ക് മേഖലയിലെ സ്വയംപര്യാപ്തത, കൽക്കരി-ഖനി മന്ത്രാലയങ്ങളുടെ ധനാഭ്യർഥനകളിന്മേൽ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളും സഭയുടെ പരിഗണനയ്ക്ക് വരും.
കേന്ദ്രമന്ത്രിമാരായ നിത്യാനന്ദ് റായ്, ബി.എൽ വർമ, ബണ്ടി സഞ്ജയ് കുമാർ, സുകാന്ത മജുംദാർ, ഹർഷ് മൽഹോത്ര എന്നിവർ അതത് മന്ത്രാലയങ്ങൾക്ക് വേണ്ടി രേഖകൾ സഭയിൽ സമർപ്പിക്കും. ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ എന്നിവരും, സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് വേണ്ടി ബി.എൽ വർമയും രേഖകൾ സമർപ്പിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിനായി സുകാന്ത മജുംദാറും, റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനായി ഹർഷ് മൽഹോത്രയുമാണ് രേഖകൾ മേശപ്പുറത്തുവയ്ക്കുക.
2026-27 വർഷത്തേക്കുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നാല് റിപ്പോർട്ടുകളുടെ പകർപ്പുകൾ ബിജെപി എംപി കെ ലക്ഷ്മൺ, കോൺഗ്രസ് എംപി അഖിലേഷ് പ്രസാദ് സിങ് എന്നിവർ സഭയിൽ സമർപ്പിക്കും. ധനുഷ് തോക്ക് സംവിധാനത്തിൻ്റെ ഉത്പാദനത്തിലെ കാലതാമസം സംബന്ധിച്ച 48-ാമത് റിപ്പോർട്ട്, വെടിക്കോപ്പുകൾ മാറ്റിനൽകിയതിലെ 62.10 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച 49-ാമത് റിപ്പോർട്ട്, പ്രതിരോധ ഓഫ്‌സെറ്റുകളുടെ മാനേജ്മെൻ്റ് സംബന്ധിച്ച 50-ാമത് റിപ്പോർട്ട്, ഓഡിറ്റ് ഖണ്ഡികകളിന്മേലുള്ള നടപടി റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ വീഴ്ചകൾ സംബന്ധിച്ച 51-ാമത് റിപ്പോർട്ട് എന്നിവയാണ് ഇവ. കൽക്കരി, ഖനി, ഉരുക്ക് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ മൂന്ന് റിപ്പോർട്ടുകളും രാജ്യസഭ പരിഗണിക്കും. ബിജെപി എംപി അനിൽ കുമാർ യാദവ് മന്ദാടി, എംപി മഹുവ മാജി എന്നിവരാണ് ഈ റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കുക. ജൂലൈ 20ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 13 വരെ തുടരും.








