കൊച്ചി: ഇന്ന് കർക്കടകമാസാരംഭം. മലയാളികൾക്ക് ചിങ്ങപ്പുലരിയിലേക്കുള്ള യാത്രയുടെ ആഹ്ലാദം കൂടിയാണ് കർക്കടക രാവുകൾ. കർക്കടകത്തെ ആയുർവ്വേദ ചികിത്സയുടെ കാലമായി കാണുന്നവരും, ഭക്തിയുടെ കാലമായി കാണുന്നവരുമെല്ലാം ഇന്ന് ആഹ്ലാദത്തോടെയാണ് ഈ ദിവസത്തെ വരവേൽക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാലമ്പല ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ദർശനപുണ്യം തേടി തീർത്ഥാടകരെത്തും.
തൃശൂര്‍, എറണാകുളം, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിലെല്ലാം നാലമ്പല ക്ഷേത്രങ്ങളുണ്ട്. തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി , ഇരിങ്ങാലക്കുട കൂടല്‍മാണിക്യം , മുഴിക്കുളം, പായമ്മല്‍ ക്ഷേത്രങ്ങളിലാണ് നാലമ്പല ദർശനമുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാര്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം വഴി തൃപ്രയാറില്‍ തന്നെ തിരിച്ചെത്തി അവസാനിക്കുന്നതാണ് നാലമ്പല ദർശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതാണ് നാലമ്പല ദർശനമെന്ന് പറയുക.





