തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സംസ്ഥാന വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.
9 ജില്ലകളില്‍ മഴ ഉടന്‍: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ മഴയാണ് ഉണ്ടാകുന്നതെങ്കിലും ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. അതുകൊണ്ട് തന്നെ മലയോര, തീരപ്രദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
വിവിധ സമുദ്ര മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന് കിടക്കുന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, വടക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റില്‍ ജാഗ്രത പുലര്‍ത്തണം
- ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകാനും മരച്ചില്ലകള്‍ ഒടിഞ്ഞ് വീഴാനും സാധ്യത കൂടുതലാണ്. അതിനാല്‍ കാറ്റുള്ള സമയങ്ങളില്‍ മരത്തിന് ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
- വീടിന് ചുറ്റും അപകടകരമായ നിലയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുകയും വീടിന് മുകളിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന ശിഖരങ്ങള്‍ വെട്ടിയൊതുക്കുകയും ചെയ്യണം.
- പൊതുയിടങ്ങളില്‍ മരങ്ങള്‍ കടപുഴകാനായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണം.
- റോഡരികിലോ വീടിന് സമീപത്തെ പോസ്റ്റിലോ മതിലിലോ ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. അല്ലെങ്കില്‍ കാറ്റില്‍ വീഴാത്ത വിധം ബലമുള്ള കയര്‍ കൊണ്ട് അവ ബന്ധിക്കണം.
- കാറ്റ് വീശുമ്പോള്‍ വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടേണം.
- ഓല, ഷീറ്റ് എന്നിവ മേഞ്ഞ വീടുകളില്‍ താമസിക്കുന്നവര്‍ ഇത്തരം സാഹചര്യത്തില്‍ അധികാരികളുടെ നിര്‍ദേശം അനുസരിച്ച് മാറി താമസിക്കണം.
- കാറ്റുള്ള സമയത്ത് മത്സ്യബന്ധനത്തില്‍ നിന്നും വിട്ടുനില്‍ക്കണം.
- മത്സ്യ ബന്ധന ബോട്ടുകളോ യാനങ്ങളോ അലക്ഷ്യമായി വയ്‌ക്കരുത്. കാരണം ശക്തമായ കാറ്റില്‍ കൂട്ടിയിടിച്ച് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.








