കണ്ണൂര്‍: മഴക്കാലത്ത് വീണ് നശിച്ചു പോകുന്ന മള്‍ബറി പഴം ആള് ചില്ലറക്കാരനല്ല. രൂപത്തിൽ കുഞ്ഞൻ ആണെങ്കിലും ജീവകം സി, കെ ഭക്ഷ്യനാരുകള്‍ എന്നിവയാൽ സമ്പന്നമാണ് മള്‍ബറി. വീട്ടുവളപ്പിലൊക്കെ കായ്‌ച് പഴുത്ത് കൊഴിയുന്ന ഈ പഴത്തിൻ്റെ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയില്ല.
മള്‍ബറി പഴം ആരോഗ്യദായകമാണെന്ന കാര്യം അധികമാർക്കും അറിയില്ല. എല്ലാവർക്കും മള്‍ബറി എന്ന് കേട്ടാൽ പട്ടുനൂല്‍ വ്യവസായത്തെക്കുറിച്ചാണ് ഓര്‍മ്മ വരിക. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടക അടക്കം പട്ടുനൂല്‍ ഉത്പ്പാദിപ്പിക്കാനാണ് മള്‍ബറി മുഖ്യമായും വളര്‍ത്തുന്നത്. പാകമായാല്‍ മധുരിക്കുന്നതും ആൻ്റി ഓക്‌സൈഡുകളുടെ കലവറയുമാണ് മള്‍ബറി പഴങ്ങള്‍.
മള്‍ബറി കൊണ്ട് ഗുണങ്ങളേറെ
വെളള നിറത്തില്‍ തണ്ടിനോട് ചേര്‍ന്ന് രൂപം കൊളളുന്ന മള്‍ബറി കായ ആദ്യം ചുവപ്പായും പിന്നീട് കറുപ്പായും പാകപ്പെടുകയാണ് പതിവ്. ചുവപ്പ് നിറത്തില്‍ അൽപം പുളിയോടുകൂടി കഴിക്കുന്നതാണ് ചിലർക്ക് ഇഷ്‌ടം. എന്നാല്‍ കറുപ്പുനിറം ആകുമ്പോള്‍ മള്‍ബറി പഴം മധുരിക്കും. മധുരപ്രിയര്‍ക്ക് ഇങ്ങനെ കഴിക്കാനാണിഷ്‌ടം. ജീവകം സി, കെ, ഭക്ഷ്യനാരുകള്‍ എന്നിവയാൽ സമ്പന്നമാണ് ഈ പഴം. ദഹനത്തിനും പൊതുവേയുളള ആരോഗ്യത്തിനും ഈ കുഞ്ഞന്‍ പഴം ഉത്തമം. മാര്‍ക്കറ്റില്‍ നിന്നും പണം കൊടുത്ത് വാങ്ങുന്ന പഴങ്ങള്‍ക്കൊപ്പം ആരോഗ്യ ഗുണങ്ങളുള്ളതാണ് നമ്മുടെ വീട്ടുപറമ്പില്‍ തന്നെയെന്ന് അറിയാതെ പോവുകയാണ്.
യൗവ്വനം നിലനിർത്താൻ മള്‍ബറി
പ്രമേഹ നിയന്ത്രണത്തിനും അകാല വാര്‍ധക്യം തടയാനും മള്‍ബറി മികച്ചതാണ്. മള്‍ബറി പഴത്തില്‍ 9.8 ഗ്രാം അന്നജവും 1.44 ഗ്രാം പ്രോട്ടീന്‍, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊര്‍ജ്ജദായകവും സോഡിയം, കാല്‍സിയം, ഇരുമ്പ്, മെഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നീ ദാതുക്കളും ബീറ്റ കരോട്ടിന്‍, ലൂട്ടിന്‍ എന്നീ ന്യൂട്രിയൻ്റുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ മൃദുവാക്കാനും ചുളിവുകള്‍ ഇല്ലാതാക്കാനും മള്‍ബറിക്ക് കഴിവുണ്ട്.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച തുടങ്ങിയവയ്ക്ക് മിതമായി ഈ പഴം കഴിക്കുന്നത് പരിഹാരമാകും. ഹൃദയാരോഗ്യത്തിനും , രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവക്കുളള സാധ്യത കുറക്കാനും മള്‍ബറി ഉത്തമമാണെന്ന് കാർഷിക സർവകലാശാല ഫാം സൂപ്രണ്ട് ഷഹനാസ് പറയുന്നു.
”കാഴ്‌ച ശക്തി മെച്ചപ്പെടുത്താനും പ്രായമാകുമ്പോഴുള്ള പേശീ നാശവും തിമിരം തടയാനും മള്‍ബറി പഴത്തിന് കഴിവുണ്ട്. ഇതിനെല്ലാം പുറമെ മള്‍ബറി പതിവായി കഴിച്ചാല്‍ പനി, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാം. എല്ലുകളുടെ ആരോഗ്യത്തിനും ധാതുസംമ്പുഷ്‌ടമായ ഈ പഴം കഴിക്കുന്നത് ഉത്തമമാണ്.
കേരളത്തിലെ വീട്ടുപറമ്പുകളില്‍ മള്‍ബറി വളര്‍ത്താന്‍ അനുയോജ്യമാണ്. എല്ലാത്തരം മണ്ണിലും ഇത് വളരാറുമുണ്ട്. കായകള്‍ നിറഞ്ഞ് നില്‍ക്കാന്‍ കൊമ്പുകള്‍ വെട്ടി വൃത്തിയാക്കണം. എയര്‍ ലെയറിങ് നടത്തി ഉത്പ്പാദനശേഷി കൂടിയ തൈകള്‍ ഉണ്ടാക്കി കൃഷി ചെയ്യാവുന്നതുമാണ്”
മള്‍ബറിയുടെ ചെടിക്ക് 30 അടിയോളം ഉയരമുണ്ടാകുമെങ്കിലും വെട്ടി മാറ്റി ഉയരം നിയന്ത്രിക്കാൻ കഴിയും. ഏത് കാലാവസ്ഥയിലും മള്‍ബറി വളരും എന്ന സവിശേഷതയും ഇതിനുണ്ട്. നൂറിലധികം മള്‍ബറി ഇനങ്ങള്‍ ഉണ്ടെങ്കിലും പത്തെണ്ണമാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.








