വിഴിഞ്ഞത്ത് അദാനി-എം.എസ്.സി ഓഹരി കൈമാറ്റം: കരാറിൽ സർക്കാർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

0
3

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും എം.എസ്.സി (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) കമ്പനിയും തമ്മിലുള്ള ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇതിനായി അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനെ സമീപിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും, മാധ്യമ വാർത്തകളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതിയില്ലാതെ ഓഹരി കൈമാറ്റം സാധ്യമല്ല
ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയും അദാനി പോർട്‌സും ചേർന്ന് വിഴിഞ്ഞത്ത് 13,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരുമായി പങ്കാളിത്തമുള്ള പദ്ധതിയായതിനാൽ വിഴിഞ്ഞത്ത് ഏതൊരു പുതിയ നിക്ഷേപത്തിനും സർക്കാരിൻ്റെ ഔദ്യോഗിക അനുമതി ആവശ്യമാണ്. 2080-ൽ പൂർണ്ണമായും സംസ്ഥാന സർക്കാരിന് കൈമാറേണ്ട തുറമുഖമാണിത്. അതിനാൽ വിദേശത്ത് നിന്നടക്കം വൻകിട നിക്ഷേപങ്ങൾ വരുമ്പോൾ സർക്കാരിനെ കൂടി പങ്കാളിയാക്കി മാത്രമേ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പുനരധിവാസത്തിന് പ്രത്യേക പാക്കേജ്
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വികസനത്തിൻ്റെ ഇരകൾക്കുമായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്ന് എം.എൽ.എ സജി ചെറിയാൻ്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഒന്നോ രണ്ടോ സെൻ്റ് ഭൂമിയിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റുകളോ വീടുകളോ നിർമ്മിച്ച് നൽകും. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പാക്കേജ് മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ ചേർത്തുപിടിക്കുന്നതാണ് സർക്കാരിൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

മാരിടൈം മ്യൂസിയവും പുതിയ കോഴ്സുകളും
വിഴിഞ്ഞം തുറമുഖത്തെ അക്കാദമിക മേഖലയുമായി ബന്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എം.എൽ.എ നജീബ് കാന്തപുരത്തിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടങ്ങളിലെ നാവിക ചരിത്രവും കുഞ്ഞാലി മരയ്ക്കാരുടെ പോരാട്ട വീര്യവും പുതിയ തലമുറയ്ക്ക് പകർന്നു നൽകാൻ ഈ മ്യൂസിയം സഹായിക്കും. ഇതിനൊപ്പം മാരിടൈം ലോ, ലോജിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കും.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ മാരിടൈം നിയമവുമായി ബന്ധപ്പെട്ട എൽ.എൽ.എം കോഴ്സ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും, വരും കാലങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അക്കാദമിക പ്രോഗ്രാമുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്തിന് പുറമെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി മലബാറിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം നിയമസഭയിൽ ഉറപ്പുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here