സി എസ് സിദ്ധാര്‍ത്ഥന്‍
തിരുവനന്തപുരം: മൂന്നുവർഷം മുൻപ് എൽഡിഎഫ് സർക്കാർ രൂപീകരിച്ച കേരള പൊതുജനാരോഗ്യ നിയമം (2023) ഫലപ്രദമായി നടപ്പിലാക്കാത്തതാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച ഉന്നതാധികാര സമിതി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി സമർപ്പിച്ച റിപ്പോർട്ടിലാണ് സമിതിയുടെ ഈ നിർണായക കണ്ടെത്തൽ. പ്രശസ്‌ത ആരോഗ്യ വിദഗ്‌ധൻ ഡോ എസ് എസ് ലാൽ ചെയർമാനും, ഡോക്‌ടർമാരായ ശ്രീജിത്ത് എൻ കുമാർ, എ അൽത്താഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർതല ചർച്ചകൾക്ക് ശേഷം അടിയന്തരമായി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം.
‘ഗോൾ- എപ്പിഡെമിക് കൺട്രോൾ’ പബ്ലിക് ഹെൽത്ത് കമാൻഡ് സെൻ്ററും
കേരള പൊതുജനാരോഗ്യ നിയമം അനുസരിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ഒരു മാസത്തിനകം പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ രൂപീകരിക്കണമെന്ന് സമിതി നിർദ്ദേശിച്ചു. ഇതിൻ്റെ മേൽനോട്ട ചുമതല ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് (DMO) ആയിരിക്കും. ആരോഗ്യ വകുപ്പിൻ്റെ ഈ തീവ്ര രോഗപ്രതിരോധ യജ്ഞത്തിന് ‘ഗോൾ- എപ്പിഡെമിക് കൺട്രോൾ’ (GOAL-Epidemic Control) എന്ന് പേരിടാനും ശുപാർശയുണ്ട്.
ചികിത്സാ വിവരങ്ങളും ഫീൽഡ്‌തല പ്രവർത്തനങ്ങളും ഒരേസമയം നിരീക്ഷിക്കാൻ ഒരു ‘ഏകീകൃത പബ്ലിക് ഹെൽത്ത് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ’ സജ്ജമാക്കും. സർക്കാർ സ്വകാര്യ ആശുപത്രികളിലെ പ്രതിദിന രോഗവിവരങ്ങളും, വൺ ഹെൽത്ത് വിവരങ്ങളും, ഹെൽത്ത് ഇൻസ്‌പെക്‌ടർമാരുടെ പരിശോധനാ ഫലങ്ങളും ഒരു ലൈവ് ഡാഷ്ബോർഡിൽ ഏകോപിപ്പിക്കുന്നതിലൂടെ രോഗഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും അതിവേഗ തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കും. കൂടാതെ, വിവരങ്ങൾ കൈമാറുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകളുമായി ചർച്ചകൾ ആരംഭിക്കണം.
മുൻവർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകൾ കുറവാണെങ്കിലും ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ ഈ വർഷം കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും കാരണം വരും മാസങ്ങളിൽ കൊതുകുജന്യ രോഗങ്ങൾ കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് സമിതി ഓർമ്മിപ്പിക്കുന്നു.
ഉന്നതാധികാര സമിതി മുന്നോട്ടുവെച്ച 23 പ്രധാന നിർദ്ദേശങ്ങൾ:
1. വകുപ്പുകളുടെ ഏകോപനവും തീവ്ര ശുചീകരണവും
- ഉന്നതതല യോഗം: രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനത്തിനായി ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഉന്നതതല യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കൂടണം.
- ശുചീകരണ യജ്ഞം: ഡെങ്കിപ്പനിയുൾപ്പടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്നു മാസക്കാലം സംസ്ഥാനത്തുടനീളം കൊതുക് നശീകരണ, മാലിന്യ സംസ്‌കരണ, ശുചീകരണ തീവ്രയജ്ഞം ഈയാഴ്ച തന്നെ തുടങ്ങണം.
- ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തൽ: പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകൾ ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP) രോഗ നിരീക്ഷണ സംവിധാനത്തിൻ്ന്റെറെ സഹായത്തോടെ കണ്ടെത്തി പ്രതിരോധം ഊർജ്ജിതമാക്കണം.
2. ഭക്ഷണ-കുടിവെള്ള സുരക്ഷയും പ്രതിരോധ മാർഗങ്ങളും
- ജലസ്രോതസ്സ് പരിശോധന: ഷിഗെല്ലയുൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ പശ്ചാത്തലത്തിൽ ജലസ്രോതസ്സുകൾ മലിനമായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല അതത് പ്രദേശത്തെ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും ഫുഡ് സേഫ്റ്റി ഓഫീസർക്കും നൽകണം.
- ഹോട്ടൽ പരിശോധനകൾ: റസ്റ്റോറൻ്റുകളുടെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും മൂന്നുമാസത്തിൽ ഒരു തവണയെങ്കിലും കർശന പരിശോധന നടത്തണം.
- തൊഴിലാളികളുടെ സുരക്ഷ: എലിപ്പനി പകരാൻ സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ, കൃഷി, തദ്ദേശ ഭരണ വകുപ്പുകളുടെ സഹകരണത്തോടെ രോഗപ്രതിരോധ മാർഗങ്ങൾ (കൈയുറ, ബൂട്ട്സ് തുടങ്ങിയവ) ലഭ്യമാക്കണം.
3. അടിസ്ഥാന സൗകര്യ വികസനവും നിയമനങ്ങളും
- ലാബുകൾ തുറക്കും: പകർച്ചവ്യാധികൾ കൃത്യമായി നിർണയിക്കാൻ കോട്ടയം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിർമാമ്മാണം പൂർത്തിയായ പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ ഉടനെ തുറന്ന് പ്രവർത്തിക്കണം.
- അടിയന്തര നിയമനം: ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ 800ലധികം ഒഴിവുകൾ അടിയന്തരമായി നികത്തണം. ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേന താൽക്കാലിക നിയമനം നടത്തണം.
- മാസ് മീഡിയ ജീവനക്കാർ: സംസ്ഥാന- ജില്ലാ മാസ് മീഡിയ ഓഫീസർമാരുടെ 20 ഒഴിവുകൾ എത്രയും പെട്ടെന്ന് പരിഹരിക്കണം.
- എപ്പിഡെമിയോളജസ്റ്റ് നിയമനം: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പകർച്ചവ്യാധി കണക്കുകൾക്കായി സ്വകാര്യ മേഖലയുമായി ഏകോപനം നടത്തുന്നതിന് ഓരോ ജില്ലാ മെഡിക്കൽ ഓഫീസിലും ഒരു എപ്പിഡെമിയോളജസ്റ്റിനെ നിയമിക്കണം.
4. നിരീക്ഷണവും ശാസ്ത്രീയ പ്രതിരോധവും
- മൃഗജന്യ രോഗങ്ങൾ : മൃഗജന്യരോഗങ്ങൾ കണ്ടെത്താൻ ഓരോ ജില്ലയിലും വനം, മൃഗസംരക്ഷണ വകുപ്പുകളിൽ നിന്ന് ഒരു വെറ്ററിനറി ഡോക്ടറുടെയോ ഉദ്യോഗസ്ഥൻ്റെയോ സേവനം ആരോഗ്യവകുപ്പിൽ ലഭ്യമാക്കണം.
- ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം: പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആൻ്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
- സംവിധാനങ്ങളുടെ ഏകോപനം: മെഡിക്കൽ കോളജുകളിലെ പ്രിവൻഷൻ ഓഫ് എപ്പിഡേമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് സെല്ലുകൾ, കേരള സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കണം.
- സ്വകാര്യ മേഖലയുടെ പങ്കാളിത്തം: സ്വകാര്യ മേഖലയിൽ നിന്ന് രോഗങ്ങളുടെ സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തവും ഉറപ്പാക്കണം.
- ചികിത്സാ മാർഗരേഖകൾ: പകർച്ചവ്യാധികളുടെ ചികിത്സാ മാർഗരേഖകൾ കാലോചിതമായി പരിഷ്‌കരിക്കണം.
- നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുവരെ രോഗബാധയുണ്ടായ കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകി മുൻകരുതൽ മാർഗങ്ങൾ സ്വീകരിക്കണം.
- എപിരിക് കലണ്ടർ: പൊതുജനാരോഗ്യ വിദഗ്ധരുടെ പങ്കാളിത്തത്തോടെ സംസ്ഥാനത്തിനായി എപിരിക് കലണ്ടർ സമയബന്ധിതമായി തയാറാക്കണം.
5. ഡിജിറ്റൽ സംവിധാനങ്ങളും ജനകീയ പങ്കാളിത്തവും
- ബോധവൽക്കരണം: റസിഡൻ്റ്സ് അസോസിയേഷനുകൾ, കോളനികൾ എന്നിവയ്ക്കായി പൊതുജനാരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.
- പോർട്ടലും ചാറ്റ്‌ബോട്ടും: പൊതുജനങ്ങൾക്ക് ആരോഗ്യ വിവരങ്ങൾ നൽകാനും ജനങ്ങൾക്ക് പ്രതികരിക്കാനും ആരോഗ്യവകുപ്പ് പുതിയ പോർട്ടലും ആപ്പും ചാറ്റ്‌ബോട്ടും രൂപീകരിക്കണം.
- കോൾ സെൻ്റർ: പൊതുജന അഭിപ്രായം സ്വീകരിക്കാൻ ആരോഗ്യ വകുപ്പിൻ്റെ കോൾ സെൻ്റർ പ്രവർത്തനം ശക്തിപ്പെടുത്തണം.
- മാസ് മീഡിയ വിഭാഗം: ആരോഗ്യ വകുപ്പിൻ്റെ മാസ് മീഡിയ വിഭാഗം ആധുനികവത്കരിച്ച് ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കണം.
- ഹെൽത്ത് ബ്രിഗേഡ്: സ്‌കൂളുകൾ, ഓഫീസുകൾ, നിർമാണ മേഖല, മറ്റ് തൊഴിലിടങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേതൃത്വം നൽകാൻ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കണം.
- ആശ പ്രവർത്തകർ: ആശ പ്രവർത്തകരിലേക്കും പൊതുജനങ്ങളിലേക്കും സന്ദേശങ്ങൾ കൃത്യമായി എത്താനുള്ള നടപടികൾ കാര്യക്ഷമമാക്കണം.
- സംയുക്ത ടീമുകൾ: നഗര ആരോഗ്യ വിഭാഗത്തിലേയും ആരോഗ്യ വകുപ്പിലേയും പ്രവർത്തകരുടെ സംയുക്ത ടീമുകൾ ഉണ്ടാക്കണം.








