ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ എല്ലാ സ്വത്തുക്കളും ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയതിന് പിന്നാലെ മുൻ ഡിഎംകെ സർക്കാർ അനുമതി നൽകിയിരുന്ന 46 പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികളാണ് റദ്ദാക്കിയത്.
സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് (HR&CE) വകുപ്പിൽ വരുത്തുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ആദ്യ പടിയായാണ് ഈ നടപടി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമായി നീക്കിവെക്കാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെൻ്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. 115.77 കോടി രൂപ ചെലവിൽ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങൾ, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികൾ എന്നിവയാണ് റദ്ദാക്കിയത്.









