റോട്ടർഡാം: എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിൽ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ പുരുഷ ഹോക്കി ടീം. റോട്ടർഡാം ലെഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ മികച്ച പ്രകടനത്തോടെ ജർമ്മനിയെ കീഴടക്കിയത്.
ഇന്ത്യയ്ക്കായി മൻദീപ് സിംഗ്, ശിലാനന്ദ് ലക്ര, നിലകണ്ഠ ശർമ്മ എന്നിവർ ഗോളുകൾ നേടി. വിജയത്തിനൊപ്പം ഇന്ത്യൻ ടീമിന്‍റെ പ്രതിരോധ നിരയുടെ കരുത്തും തെളിയിക്കുന്നതായിരുന്നു ഈ മത്സരം. മധ്യനിരയിൽ കളി നിയന്ത്രിച്ച ഹാർദിക് സിംഗ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
മൻപ്രീത് സിംഗിന് ചരിത്ര നേട്ടം
ഈ മത്സരം ഇന്ത്യൻ ഹോക്കിക്ക് മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചു. മുൻ നായകൻ മൻപ്രീത് സിംഗ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരമെന്ന ദിലീപ് ടിർക്കിയുടെ (412 മത്സരങ്ങൾ) റെക്കോർഡ് മറികടന്നു. 413-ാം മത്സരത്തിനിറങ്ങിയ മൻപ്രീത് സിംഗ് ഇപ്പോൾ ലോക ഹോക്കി ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ബെൽജിയത്തിന്‍റെ ജോൺ-ജോൺ ഡോഹ്മെൻ (481 മത്സരങ്ങൾ) ആണ് ഈ പട്ടികയിൽ ഒന്നാമത്.
ആദ്യ പകുതിയിലെ ഇന്ത്യൻ ആധിപത്യം
മത്സരത്തിന്‍റെ തുടക്കം മുതൽ പന്ത് കൈവശം വെയ്ക്കുന്നതിൽ ഇന്ത്യ മികച്ച നിയന്ത്രണം പുലർത്തി. അതിന്‍റെ ഫലമായി ഏഴാം മിനിറ്റിൽ തന്നെ മൻദീപ് സിംഗ് ലക്ഷ്യം കണ്ടു. പോസ്റ്റിന് മുന്നിൽ വെച്ച് തകർപ്പൻ ടേണിലൂടെ പന്ത് വലയിലെത്തിച്ച് മൻദീപ് ഇന്ത്യയ്ക്ക് 1-0 ന്റെ ലീഡ് സമ്മാനിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ (13-ാം മിനിറ്റ്) ശിലാനന്ദ് ലക്ര ജർമ്മൻ ഗോൾകീപ്പർ അലക്സാണ്ടർ സ്റ്റാഡ്‌ലറെ മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ജർമ്മനി തിരിച്ചടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അമിത് രോഹിദാസിന്‍റേയും ഗോൾകീപ്പർ മോഹിത്തിന്‍റേയും മികച്ച പ്രതിരോധം ഇന്ത്യയ്ക്ക് തുണയായി.
ലീഡ് ഉയർത്തി ഇന്ത്യ, ജർമ്മനിയുടെ ആശ്വാസ ഗോൾ
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഇന്ത്യ 35-ാം മിനിറ്റിൽ മൂന്നാം ഗോളും നേടി. ഒരു സോളോ റണ്ണിലൂടെ ജർമ്മൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി നിലകണ്ഠ ശർമ്മയാണ് പന്ത് വലയിലെത്തിച്ചത് (3-0). മൂന്നാം ക്വാർട്ടർ അവസാനിക്കാൻ 20 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ റാഫേൽ ഹാർട്ട്കോഫിലൂടെ ജർമ്മനി ഒരു ഗോൾ മടക്കി സ്കോർ 3-1 ആക്കി. അവസാന ക്വാർട്ടറിൽ ജർമ്മനി കളിയിലെ വേഗത കൂട്ടി കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. 59-ാം മിനിറ്റിൽ ജർമ്മനിക്ക് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾലൈൻ തകർക്കാൻ അവർക്കായില്ല. ഇതോടെ ഇന്ത്യ 3-1 ന്റെ അർഹിച്ച വിജയം സ്വന്തമാക്കി.








