ഫുട്ബോളിൽ രാജാക്കന്മാരും പടനായകന്മാരും പലരുമുണ്ടെങ്കിലും ലോക ഫുട്ബോളിന് ഒരേയൊരു മിശിഹയാണുള്ളത്. അവന്റെ പേരാണ് ലയണൽ മെസി . പരിക്കും പ്രായവും വെല്ലുവിളിയാണെന്നും ലാസ്റ്റ് ഡാൻസിൽ ആ ഇടംകാൽ ഷോട്ടുകൾക്ക് താളം പിഴക്കുമെന്നും പറഞ്ഞവരേ നിങ്ങളിത് കാണുക. അൽജീരിയയുടെ നെഞ്ചിലേക്ക് മൂന്ന് ബുള്ളറ്റുകൾ പായിച്ച് മെസി എല്ലാ വിമർശകരുടേയും വായടിപ്പിച്ചിരിക്കുകയാണ്.
ഫ്രഞ്ച് ടീമിനൊപ്പം ഇരട്ട ഗോളുകളോടെ എംബാപ്പെ അവതരിച്ചപ്പോൾ ഫുട്ബോളിന്റെ ഒരേയൊരു രാജാവ് എങ്ങനെ ഹാട്രിക്ക് നേടാതിരിക്കും?. വീണ്ടുമൊരു മെസി മാജിക്ക് ആ മെെതാനത്തെ ആവേശഭരിതമാക്കിയപ്പോൾ വമ്പൻ ചില റെക്കോഡുകളും അതോടൊപ്പം കുറിക്കപ്പെട്ടു. ഖത്തറിൽ മെസി വിശ്വകിരീടം ചൂടി ബൂട്ടഴിക്കുമ്പോൾ 13 ഗോളുകളായിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്.
എന്നാൽ നാല് വർഷങ്ങൾക്കിപ്പുറം അമേരിക്കയിൽ ആദ്യ മത്സരത്തിൽ മെസി ബൂട്ടണിഞ്ഞിറങ്ങിയപ്പോൾ മൂന്ന് ഗോളുകളാണ് ആ ഇതിഹാസത്തോടൊപ്പം നിന്നത്. ഇതോടെ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്താൻ മെസിക്ക് സാധിച്ചിരിക്കുകയാണ്. 24 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 16 ഗോളുകളായിരുന്നു ക്ലോസെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 27ാം മത്സരത്തിലൂടെ മെസി ക്ലോസെക്കൊപ്പമെത്തിയിരിക്കുന്നത്.
ഈ ലോകകപ്പിൽ ഇനിയും മത്സരങ്ങൾ ശേഷിക്കെ ലോകകപ്പിലെ ഓൾടെെം ഗോൾവേട്ടക്കാരന്റെ സിംഹാസനത്തിൽ മെസി ഒറ്റക്കിരിക്കുമെന്നതിൽ തർക്കമില്ല. മെസി തന്റെ കരിയറിൽ നേടിയെടുക്കാത്തതായി ഒന്നും തന്നെയില്ലെന്ന് പറയാം. ഖത്തറിലൂടെ ലോകകപ്പ് എന്ന മോഹവും അദ്ദേഹം പൂവണിയിച്ചെങ്കിലും ഇതുവരെ ലോകകപ്പിൽ ഹാട്രിക്ക് നേടാൻ മെസിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആ കാത്തിരിപ്പിനും മെസി വിരാമമിട്ടിരിക്കുകയാണ്.
17ാം മിനുട്ടിൽ റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ ലയണൽ മെസി അൽജീരിയൻ വല കുലുക്കിയപ്പോൾ കൻസാസ് സിറ്റിയിലെ അരോവിഡ് സ്റ്റേഡിയത്തിലെ 69045 ആരാധകരും ആവേശത്തിൽ ആർത്തു വിളിക്കുകയായിരുന്നു. അഞ്ചാം മിനുട്ടിലെ മെസിയുടെ ഗോൾനേട്ടം ഓഫ്സെെഡ് കുരുക്കിൽ അകപ്പെട്ടപ്പോൾ നിരാശരായ ആരാധകരോട് ഒന്നും ഭയപ്പെടേണ്ട താൻ ഇവിടെയുണ്ടെന്ന് വിളിച്ച് പറയുകയായിരുന്നു മെസി.
60ാം മിനുട്ടിൽ മെസിയുടെ ഇടം കാൽ ഷോട്ട് വീണ്ടും അൽജീരിയൻ വലകുലുക്കിയതോടെ ആ സ്വപ്ന ഹാട്രിക്കിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ 76ാം മിനുട്ടിൽ ആ നേട്ടവും മെസിയുടെ ഇടംകാൽ മാന്ത്രികതയ്ക്കൊപ്പം നിന്നു. നിക്കോളാസ് ഗോൺസാലസിന്റെ അസിസ്റ്റിൽ മെസിയുടെ സിഗ്നേച്ചർ ഷോട്ട് അൽജീരിയൻ ഗോൾപോസ്റ്റിലേക്ക് പറന്നിറങ്ങുമ്പോൾ ഒരു കാഴ്ചക്കാരനായി നിൽക്കാൻ ലൂക്കാ സിദാൻ എന്ന ഗോൾകീപ്പർക്ക് സാധിച്ചുള്ളൂ.
തന്റെ ലാസ്റ്റ് ഡാൻസ് വെറുതെ അങ്ങ് അവസാനിപ്പിക്കാൻ മെസി ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തം. ഖത്തറിൽ പൊരുതിനേടിയ ആ കനകക്കിരീടം ആർക്കും വിട്ടുനൽകാൻ തങ്ങൾക്ക് വിട്ടുനൽകാൻ മനസില്ലെന്ന് ഓരോ അർജന്റീന താരവും വിളിച്ച് പറയുന്നതായിരുന്നു ഈ ജയം. ഇതൊരു സാമ്പിൾ മാത്രമാണ്. വെടിക്കെട്ട് പിന്നാലെയുണ്ടെന്ന് ആരാധകരോട് കെെകളുയർത്തി ഉറപ്പ് നൽകിയാണ് 80ാം മിനുട്ടിൽ മെസി തിരിച്ചു കയറിയത്.
ആറ് ലോകകപ്പ് കളിക്കുന്ന ആദ്യത്തെ താരമെന്ന തലയെടുപ്പോടെ അൽജീരിയക്കെതിരേ ഇറങ്ങിയ മെസി അഞ്ച് ലോകകപ്പിലും ഗോൾനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയെന്നതും എടുത്തു പറയണം. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ 200 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയും മെസിക്കൊപ്പം നിന്നു.
പോർച്ചുഗലിനൊപ്പം 228 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ റെക്കോഡിൽ തലപ്പത്ത് നിൽക്കുമ്പോൾ 202 മത്സരങ്ങൾ കളിച്ച കുവെെത്തിന്റെ ബാദർ അൽ മുതാവ രണ്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിലെ മൂന്നാമനായാണ് മെസി ഇപ്പോൾ പേര് ചേർത്തിരിക്കുന്നത്.
എന്തായാലും ഖത്തറിൽ മാത്രമല്ല അമേരിക്കയിലും സിംഹരാജാവാന്റെ എഴുന്നള്ളത്താണ് കാണാനായത്. തന്റെ അവസാന ലോകകപ്പിൽ മെസി പന്ത് തട്ടി മുന്നേറുമ്പോൾ ആ വിശ്വകിരീടം ഒരിക്കൽക്കൂടി ആ ഇടംകാലുകൾക്കൊപ്പം നിന്നാൽ അതൊരു ചരിത്രമാവും. ലോകഫുട്ബോളിനെ ഇത്രയധികം വിസ്മയിപ്പിച്ച ആ മനുഷ്യൻ ഒരിക്കൽക്കൂടി ആ കിരീടം അർഹിക്കുന്നുണ്ട്. അത് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.






