തിരുവനന്തപുരം: യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. മുഖ്യമന്ത്രി വിഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നേരത്തെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നായിരുന്നു കോൺഗ്രസിൻ്റെ വാഗ്ദാനം.
ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചതുപോലെ ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. പിന്നീട് വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസുകളിലും അനുവദിക്കണമോയെന്നതിൽ തീരുമാനമെടുക്കും.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തിയിട്ടുണ്ട്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 3 മാസം 112 കോടിരൂപ നഷ്ടം വരുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷണം കഴിഞ്ഞശേഷമാകൂ, ഏതൊക്കെ ബസിൽ സൗജന്യം എന്ന് തീരുമാനിക്കൂ.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരൻ്റി’യിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് വനിതകളുടെ സൗജന്യ യാത്ര. കെഎസ്ആർടിസി നടത്തിയ പഠനങ്ങളുടെയും കണക്കെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിക്കുന്നത്. നേരത്തെ ദൂരപരിധിയോ, ബസ് വേർതിരിവോ ഇല്ലാതെ കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സൗജന്യ യാത്ര നൽകുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നത്.
എന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകൾ മാത്രം തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഓർഡിനറി ബസുകളിൽ മാത്രമായി പദ്ധതി പരിമിതപ്പെടുത്തില്ലെന്നും ഘട്ടംഘട്ടമായി വിപുലീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നിയന്ത്രണങ്ങളും സംബന്ധിച്ച വ്യക്തത ഈ യോഗത്തിന് ശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.









