കണ്ണൂർ സർവ്വകലാശാലയിൽ ഇനി കളരിയും പഠന വിഷയം

0
7

കണ്ണൂർ : രാജ്യത്തുതന്നെ ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ കളരിപ്പയറ്റ് പഠനവിഷയമാവുകയാണ്. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സും ആണ് തുടങ്ങുന്നത്. കേരള സാംസ്‌കാരിക വകുപ്പിന്‍റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സർവ്വകലാശാല പഠനവകുപ്പുകൾ കേന്ദ്രീകരിച്ച് ആയിരിക്കും കോഴ്‌സുകൾ.

പെൺകുട്ടികൾ ഉൾപ്പെടെ രണ്ട് കോഴ്‌സിനും കൂടി ഒരു ബാച്ചിൽ 3000 ത്തോളം പേർക്ക് പ്രവേശനം നൽകാനാണ് പദ്ധതി. ഡിപ്ലോമ കോഴ്‌സിൽ പത്താം ക്ലാസ് ജയിച്ചവർക്കാണ് പ്രവേശനം. ഡിപ്ലോമ കോഴ്‌സിൽ പ്ലസ് ടുവും സർട്ടിഫിക്കറ്റ് കോഴ്‌സിൽ പത്താം ക്ലാസ് ജയിച്ചവർക്കാണ് പ്രവേശനം.

വളരെക്കാലമായി കളരി പരിശീലിപ്പിക്കുന്ന വിദഗ്‌ദ്ധരായ കളരി ഗുരുക്കന്മാരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സർവകലാശാല പ്രൊഫസർമാരായി അംഗീകാരം നൽകും ഇവരായിരിക്കും അധ്യാപകർ ആഴ്‌ചയിൽ ആറുദിവസം ക്ലാസ് ഉണ്ടാകും. ജൂലായിൽ ക്ലാസുകൾ തുടങ്ങും. പ്രായോഗിക പരിശീലനം കളരികളിൽ നടക്കും. രണ്ടുമണിക്കൂർ വിധമുള്ള പരീക്ഷകൾ യുജിസി മാർക്ക് നിർദ്ദേശം പ്രകാരമായിരിക്കും. കളരി ഗുരുക്കന്മാരുടെ നിർദേശത്തോടെ യുജിസി മാർഗ്ഗ നിർദ്ദേശപ്രകാരം വിവിധ സർവകലാശാലകളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരാണ് ഒരു വർഷത്തിലേറെ സമയം എടുത്ത് സിലബസ് തയ്യാറാക്കിയത്. പാരമ്പര്യം, ശരീരഘടന എന്നിവയും വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനമായ കോൽത്താരി, ആയുധങ്ങൾ കൊണ്ടുള്ള അങ്കത്താരി, കൈപ്രയോഗങ്ങളായ വെറും കൈ തുടങ്ങിയവയും സിലബസിൽ ഉണ്ട്.

അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഒരാഴ്‌ചക്കുള്ളിൽ ഉണ്ടാവും എന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. ആയോധനകലയായ തൈക്കോണ്ടോ ഒളിമ്പിക്‌സിനമായി പരിഗണിച്ചിട്ടുണ്ട്. കളരിപ്പയറ്റിനും ആ പരിഗണന കിട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായുള്ള ചൂടുവയ്‌പ്പാണ് ഇത്. കോഴ്‌സ് വിജയകരമാണെന്ന് കണ്ടാൽ പിന്നീട് ബിരുദ കോഴ്‌സും തുടങ്ങുമെന്ന് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്‌ടര്‍ ഡോ. പ്രവീൺ പറഞ്ഞു.

എതിർത്തും അനുകൂലിച്ചും

കലാലയങ്ങളിൽ കളരി ഉപരി വിഷയമായി പഠിപ്പിക്കുന്നതിനോട് പല അഭിപ്രായങ്ങളുണ്ട്. കണ്ണൂരിലെ പ്രമുഖ കളരി അഭ്യാസി രാഹുൽ പറയുന്നത് കളരിയുടെ പൈതൃകം പതിയെ ഇല്ലാതാവും എന്നാണ്. കളരി ചുരുക്കം കാലയളവിനുള്ളിൽ പഠിച്ചെടുക്കേണ്ടതല്ല. എത്രയോ കാലത്തെ ആയാസമുറകൾക്ക് ശേഷമാണ് ഒരു കളരിപ്പയറ്റ് കലാകാരൻ പൂർണ്ണതയിൽ എത്തുന്നത്. എന്നാൽ ഇത് ചുരുങ്ങിയ സമയം കൊണ്ട് പഠിപ്പിക്കുക എന്നത് ഇതിന്‍റെ പൈതൃകം നഷ്‌ടപ്പെടുന്നതിന് തുല്യമാണ് എന്നാണ് രാഹുലിന്‍റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here