ഹൈദരാബാദ് : കാൻസർ ചികിത്സാ രംഗത്ത് അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഹൈദരാബാദിലെ നിംസ് (നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്). നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (NGS) സാങ്കേതികവിദ്യയോടെയുള്ള ‘ക്യാൻസർ ജീനോമിക്സ് സെൻ്റർ’ ആരംഭിച്ച നിംസ്, ഇതിൻ്റെ അടിസ്ഥാനത്തിൽ നിരവധി പുതിയ ചികിത്സകൾ രോഗികൾക്ക് ലഭ്യമാക്കും. ഇതിൻ്റെ ഭാഗമായി ‘ലിക്വിഡ് ബയോപ്സി’ സേവനങ്ങളും ഉടൻ തന്നെ ആരംഭിക്കുമെന്ന് നിംസ് ഡയറക്ടർ ഡോ. ബീരപ്പ മാധ്യമങ്ങളോടു പറഞ്ഞു.
”നിലവിൽ, എൻജിഎസ് സാങ്കേതികവിദ്യയിലൂടെ കാൻസറിന് കാരണമാകുന്ന ജനിതക മാറ്റങ്ങളെ ഡിഎൻഎ, ആർഎൻഎ തലങ്ങളിൽ തിരിച്ചറിയാനും, അതനുസരിച്ച് രോഗിക്ക് കൃത്യമായ ടാർഗെറ്റഡ് തെറാപ്പി നൽകാനും സാധിക്കുന്നുണ്ട്. സെൻ്ററിൻ്റെ കീഴിലുള്ള ഡയമണ്ട് പ്രോജക്റ്റിൻ്റെ ഭാഗമായാണ് ഈ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 2024 മുതൽ ഇതുവരെ 1443 പേർക്ക് ഈ പരിശോധനകൾ സൗജന്യമായി ചെയ്തുകൊടുത്തിട്ടുണ്ട്,” ഡോ. ബീരപ്പ പറഞ്ഞു.
ഇതോടൊപ്പം, വെറുമൊരു തുള്ളി രക്തം കൊണ്ട് കാൻസർ കണ്ടെത്താൻ കഴിയുന്ന ലിക്വിഡ് ബയോപ്സി പരിശോധനകൾ ഉടൻ ലഭ്യമാക്കുമെന്ന് നിംസ് പതോളജി വിഭാഗം മേധാവി ഡോ. ശാന്തവീർ ജി. ഉപ്പിൻ അറിയിച്ചു. ശരീരത്തിൽ നിന്ന് ടിഷ്യു ശേഖരിക്കാതെ തന്നെ, ഒരു സാധാരണ രക്തപരിശോധനയിലൂടെ കാൻസറിൻ്റെ സ്റ്റേജ് നിർണയിക്കാൻ ലിക്വിഡ് ബയോപ്സിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്താണ് ലിക്വിഡ് ബയോപ്‌സി?
നിലവിൽ ശരീരത്തിൽ കാൻസർ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ഭാഗത്തുനിന്നും സൂചിയോ ചെറിയ ശസ്‌ത്രക്രിയയോ വഴി കോശങ്ങൾ മുറിച്ചെടുത്ത് മാത്രമാണ് പരിശോധന നടത്താറുള്ളത്. ഇത് രോഗികൾക്ക് കടുത്ത വേദനയ്ക്കും പ്രയാസങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ പുതിയ ലിക്വിഡ് ബയോപ്‌സിയിൽ സാധാരണ രക്തപരിശോധന പോലെ മാത്രം ശേഖരിച്ച് ശരീരത്തിലെ കാൻസറിൻ്റെ ഘട്ടവും വ്യാപ്‌തിയും കൃത്യമായി നിർണയിക്കാൻ സാധിക്കും.
ലിക്വിഡ് ബയോപ്‌സിയുടെ പ്രധാന നേട്ടങ്ങൾ
ശ്വാസകോശ കാൻസർ, മസ്തിഷ്ക മുഴകൾ (Brain Tumors), എല്ലുകളിലേക്ക് പടർന്ന കാൻസറുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ശരീരത്തിനുള്ളിൽ നിന്ന് ട്യൂമർ ടിഷ്യു ബയോപ്സിക്കായി ശേഖരിക്കുന്നത് തികച്ചും സങ്കീർണമാണ്. ഇത്തരം സന്ദർഭങ്ങളിൽ ലിക്വിഡ് ബയോപ്സി ഏറെ പ്രയോജനകരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയകൾ ഒഴിവാക്കി ലളിതമായ രക്തപരിശോധനയിലൂടെ രോഗബാധ കണ്ടെത്താം. ആരോഗ്യശ്രീ പദ്ധതിക്ക് കീഴിലുള്ള രോഗികൾക്ക് ഈ പരിശോധനകളെല്ലാം പൂർണമായും സൗജന്യമായി നൽകുമെന്നും ഡോ. ബീരപ്പ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ലിക്വിഡ് ബയോപ്‌സി കൂടി എത്തുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് രോഗികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും ഡയറക്‌ടർ കൂട്ടിച്ചേർത്തു.





