ചെന്നൈ: സംസ്ഥാനത്തെ ചെറുകിട കർഷകരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് . വലിയ കർഷകരുടെ 5,000 രൂപ വരെയുള്ള സഹകരണ ബാങ്ക് കാർഷിക വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതുവഴി സംസ്ഥാനത്തെ 14.22 ലക്ഷം കർഷകർക്ക് ആശ്വാസമാകും. ഈ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് 2,044 കോടി രൂപയുടെ അധികച്ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കടങ്ങൾ എഴുതിത്തള്ളുമെന്നത്. സഹകരണ ബാങ്കുകളിലെ കടമാണ് എഴുതിത്തള്ളുക. സംസ്ഥാന സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് 50,000 രൂപ വരെയെന്ന പരിധി നിശ്ചയിക്കിരിക്കുന്നത് സർക്കാര്‍ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ സൂചനയുണ്ട്. 2025 മെയ് 1 മുതൽ 2026 ഫെബ്രുവരി 28 വരെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത വായ്പകളാണ് എഴുതിത്തള്ളുക.
സർക്കാരിന്റെ ഈ നടപടി അടുത്ത കൃഷിയിറക്കാൻ കർഷകരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. നാമമാത്ര കർഷകരുടെ വായ്പ 50,000 രൂപയുടെ പരിധിക്കുള്ളിൽ നിന്ന് 50 ശതമാനം വരെ എഴുതിത്തള്ളും. ചെറുകിട കർഷകരാണെങ്കിൽ 20,000 വരെയും ഇളവ് ലഭിക്കും.
50,000 രൂപയിൽ താഴെ കടമുള്ള നാമമാത്ര കർഷകർക്ക് പൂർണ്ണമായ ഇളവ് നൽകുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ചെറുകിട കർഷകർക്ക് 50,000 രൂപയിൽ താഴെ കടമുണ്ടെങ്കിൽ, കടത്തിന്റെ 50 ശതമാനം എഴുതിത്തള്ളും. തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, സർക്കാർ വെച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകൾ പ്രകാരം കടം എഴുതിത്തള്ളും. 50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും 60,001 മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയും ഇളവ് ലഭിക്കും.
സിനിമകളുടെ പ്രദർശനങ്ങളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി വിജയ് ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തിൽ തീരുമാനമായി. റിലീസ് ചെയ്ത ആദ്യത്തെ ആഴ്ചയിൽ തമിഴ് സിനിമകൾക്ക് ഒരു ദിവസം അഞ്ച് പ്രദർശനങ്ങൾ വരെ നടത്താൻ തിയേറ്ററുകൾക്ക് സാധിക്കും.
അതെസമയം വിജയ്‌യുടെ കടം എഴുതിത്തള്ളൽ പ്രഖ്യാപനത്തിൽ കർഷകർ നിരാശരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ്‌യുടെ വാഗ്ദാനത്തിൽ ഇപ്പോഴത്തെ എഴുതിത്തള്ളലിൽ വന്നിട്ടുള്ള പരിധി ഉണ്ടായിരുന്നില്ല. അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കടം പൂർണ്ണമായ തോതിൽ എഴുതിത്തള്ളുമെന്ന് ടിവികെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കാൻ ടിവികെക്ക് സാധിച്ചില്ലെന്ന് വിമർശനം ഉയരുന്നുണ്ട്. ടിവികെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.







