കണ്ണൂര്‍ പരിയാരത്ത് ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത നൂറിലേറെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. പലരും തുക ലഭിക്കാത്തതിനാല്‍ പുതിയ താമസ സ്ഥലങ്ങള്‍ പോലും കണ്ടെത്താനാവാത്ത സ്ഥിതിയിലാണ്. തൊട്ടടുത്തുള്ള മേഖലയിലുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടും കുറച്ച് പേരെ മാത്രം മാറ്റി നിര്‍ത്തിയെന്നാണ് പരാതി. എന്നാല്‍ തുക ഇതുവരെ എത്തിയില്ലെന്നാണ് അധികൃതരുടെ മറുപടി.
തൊട്ടടുത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് അടക്കം നഷ്ടപരിഹാരം ലഭിച്ചു. പരിയാരത്തെ എമ്ബേറ്റ് മുതല്‍ ചുടല വരെയുള്ള കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പല വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. സ്ഥലം ഏറ്റെടുത്തതിനാല്‍ അറ്റക്കുറ്റപ്പണികള്‍ ചെയ്യാനുമാകില്ല.സ്ഥലം ഏറ്റെടുക്കുന്നതിനായി ആവശ്യപ്പെട്ട രേഖകളെല്ലാം ദേശീയപാതാവിഭാഗം ഓഫീസില്‍ ഏല്‍പ്പിച്ചിട്ട് ഇരുപത് മാസത്തിലേറെയായി. വീടും സ്ഥലവും വിട്ടുനല്‍കിയവര്‍ താമസം മാറാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ചിലര്‍ വായ്പയെടുത്തും മറ്റും പുതിയ സ്ഥലം വാങ്ങുകയും വീടുനിര്‍മാണം തുടങ്ങുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ക്കും പുതിയ സ്ഥലം കണ്ടെത്താനായിട്ടില്ല.
ഫണ്ട് എത്തിയില്ലെന്ന മറുപടിയാണ് തളിപ്പറമ്ബിലെ ദേശീയ പാതാ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചത്.2014ലാണ് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയത്.