വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്താൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നു. യുഎസ് മാധ്യമമായ ആക്സിയോസാണ് ട്രംപിൻ്റെ നിർണായക നീക്കം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ അദ്ദേഹം വൈറ്റ് ഹൗസിൽ മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
സമാധാന നീക്കങ്ങളുമായി പാകിസ്ഥാനും ഖത്തറും
യുദ്ധം ഒഴിവാക്കുന്നതിനായി അവസാനവട്ട ചർച്ചകളും നയതന്ത്ര നീക്കങ്ങളും അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തിൽ സജീവമായി നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ടെഹ്റാനിൽ സന്ദർശനം നടത്തി. ഖത്തറിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡറും നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ സ്വാധീനമുള്ള വ്യക്തിയുമായ ജനറൽ അഹമ്മദ് വാഹിദിയുമായി ശനിയാഴ്ച മുനീർ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ നയതന്ത്ര നീക്കങ്ങൾ ഏറെ ദുഷ്കരമാണെന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഉടമ്പടിയുടെ കരട് രൂപം ദിവസവും പരസ്പരം കൈമാറുന്നുണ്ടെങ്കിലും ചർച്ചകളിൽ കാര്യമായ യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
ആണവായുധം അനുവദിക്കില്ലെന്ന് ട്രംപ്
ഇറാനെതിരെയുള്ള ആക്രമണം സംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് തുടങ്ങിയ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇറാൻ നിലവിൽ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും വരുംദിവസങ്ങളിൽ കാര്യങ്ങൾ എങ്ങനെ മാറുമെന്ന് കാത്തിരുന്ന് കാണാമെന്നും വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.
ഇറാന് ആണവായുധം കൈവശം വയ്ക്കാൻ സാധിക്കില്ലെന്നും, മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് കനത്ത ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, സ്വീഡനിൽ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മാധ്യമങ്ങളോട് കാര്യങ്ങൾ പെരുപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മകൻ്റെ വിവാഹത്തിൽ പങ്കെടുക്കില്ല
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇറാനുമായുള്ള ചർച്ചകളിൽ ട്രംപ് കടുത്ത നിരാശയിലാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നയതന്ത്ര നീക്കങ്ങൾക്ക് ഒരു അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നേരിട്ട് പറഞ്ഞിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ഇറാനിൽ സൈനിക നടപടിക്ക് ഉത്തരവിടാൻ ട്രംപ് തീരുമാനിച്ചതായാണ് രണ്ട് ഉദ്യോഗസ്ഥർ റിപ്പോർട്ടർമാരോട് പറഞ്ഞത്.
വിജയപ്രഖ്യാപനം നടത്തിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ പര്യാപ്തമായ നിർണായകവും അന്തിമവുമായ സൈനിക നടപടിക്കാണ് ഇപ്പോൾ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനിടെ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോർക്കിലെ രാഷ്ട്രീയ റാലിയിൽ ട്രംപ് പങ്കെടുത്തിരുന്നു. ശനിയാഴ്ച ന്യൂജേഴ്സിയിലെ ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബിൽ ചെലവഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ യാത്ര മാറ്റിവെച്ച് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങി.
രാജ്യത്തോടുള്ള സ്നേഹവും സർക്കാരുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളും മുൻനിർത്തി ഈ വാരാന്ത്യത്തിൽ നടക്കുന്ന തൻ്റെ മകൻ ഡോൺ ജൂനിയറിൻ്റെ വിവാഹച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ട്രംപ് തൻ്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. രാജ്യത്തിന് ഏറെ നിർണായകമായ ഈ സമയത്ത് വാഷിങ്ടണിലെ വൈറ്റ് ഹൗസിൽ തന്നെ തുടരേണ്ടത് തൻ്റെ കടമയാണെന്നും അത്യാവശ്യമാണെന്നും അദ്ദേഹം കുറിച്ചു.







