തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം 112 കോടി രൂപ നഷ്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഗതാഗത സെക്രട്ടറിക്ക് കൈമാറിയ കണക്കാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്നും ഇതിൻ്റെ മാനദണ്ഡങ്ങൾ പിന്നീട് പുറത്തുവിടുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
വരുമാന നഷ്ടം സംബന്ധിച്ച കണക്ക് സർക്കാരിന് സമർപ്പിച്ചതോടെ ഇതിനെ അടിസ്ഥാനമാക്കിയാകും ഏതൊക്കെ ബസുകളിലാണ് സൗജന്യ യാത്ര എന്ന് തീരുമാനിക്കുക. നിലവിലെ റിപ്പോർട്ട് അനുസരിച്ച്, ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയുമാകും നഷ്ടം.
മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയതെന്നാണ് റിപ്പോർട്ട്. സർക്കാർ ചുമതലയേറ്റതിന് പിന്നാലെ തന്നെ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസിയോട് സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ബജറ്റ് ടൂറിസം, ചാർട്ടേഡ് , എസി , അന്തർ സംസ്ഥാന സർവീസുകളെ ഒഴിവാക്കി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിലാകും സൗജന്യം നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗതാഗത മന്ത്രിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാവും. സിപി ജോൺ ആണ് പുതിയ ഗതാഗത മന്ത്രി. കേരള ജനതയുടെ വിശ്വാസവും പ്രതീക്ഷകളും നിറവേറ്റാനുള്ള വലിയ ഉത്തരവാദിത്വമാണ് തനിക്ക് വന്ന് ചേർന്നതെന്നാണ് സിപി ജോൺ പറഞ്ഞത്. സുരക്ഷിതവും സമയബന്ധിതവും ആധുനികവുമായ പൊതുഗതാഗത സംവിധാനമാണ് ഒരു വികസിത കേരളത്തിൻ്റെ അടിത്തറ. ആ ലക്ഷ്യം കൈവരിക്കാൻ സാങ്കേതിക വിദ്യയും കാര്യക്ഷമമായ ഭരണ സംവിധാനവും ജനകീയ ഇടപെടലും ഏകോപിപ്പിച്ച് പ്രവർത്തിക്കും.
സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ ശക്തിപ്പെടുത്തുക, കെഎസ്ആർടിസിയെ കൂടുതൽ ശക്തവും , ജനസൗഹൃദവുമുള്ള സ്ഥാപനമാക്കുക എന്നിവയാണ് എന്റെ പ്രധാന പ്രതിബദ്ധതകൾ. ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യുഡിഎഫ് നേതൃത്വത്തിനും പ്രവർത്തകർക്കും കേരളത്തിലെ ഓരോ പൗരനും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നെന്നും സിപി ജോൺ പറഞ്ഞു.









