മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്‌ക്കളെ കൊല്ലാം’: മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി, ഹർജികള്‍ തള്ളി

0
21

ന്യൂഡൽഹി : തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതും വന്ധ്യംകരണം ചെയ്യുന്നതും സംബന്ധിച്ച സുപ്രീം കോടതിയുടെ 2025 നവംബർ 7 ലെ ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള എല്ലാ ഹർജികളും, ഭേദഗതികൾക്കായുള്ള ഹർജികളും, പുനഃപരിശോധനാ ഹർജികളും തള്ളി സുപ്രീം കോടതി. തെരുവ് മൃഗങ്ങളെ സംബന്ധിച്ച് ഇന്ത്യൻ മൃഗക്ഷേമ ബോർഡ് പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്ന മുഴുവൻ ഹർജികളുമാണ് സുപ്രീം കോടതി ഇന്ന് (മെയ് 19) തള്ളിയത്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കാമ്പസുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയ 2025 നവംബറിലെ ഉത്തരവ് പാലിക്കുന്നതിലെ വീഴ്‌ച സുപ്രീം കോടതി നിരീക്ഷിച്ചു. തെരുവ് നായ്ക്കളുടെ എണ്ണത്തിലെ വർധനവ് കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭാഗത്തുനിന്ന് തുടർച്ചയായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും വിഷയത്തില്‍ ഫലപ്രദമായ നടപടികളുടെ അഭാവം ഉണ്ടെന്നും കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു. എബിസി ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉണ്ടായ അനാസ്ഥ ഭീതിയുണ്ടാക്കുന്നു എന്നും ബെഞ്ച് വ്യക്തമാക്കി.

തെരുവ് നായ്ക്കളുടെ എണ്ണം കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഏകോപിത ശ്രമങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. “അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നത് നായ്ക്കളുടെ ഭീഷണിയില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെയും ഉൾക്കൊള്ളുന്നു” എന്ന് കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് നേരെയടക്കം ഉണ്ടായ തെരുവ് നായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുട്ടികള്‍ക്കും യാത്രക്കാർക്കും പ്രായമായവർക്കും നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളിലെ കഠിനമായ അടിസ്ഥാന യാഥാർഥ്യങ്ങൾ കോടതിക്ക് അവഗണിക്കാൻ കഴിയില്ല, എന്നും ബെഞ്ച് വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ സമർപ്പിക്കപ്പെട്ട ഹർജികള്‍ എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമത്തെ ചോദ്യം ചെയ്‌തുള്ളതായിരുന്നു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ തള്ളിയത്. മനുഷ്യന്‍റെ ജീവന് ഭീഷണി ആകുന്ന തെരുവ് നായ്‌ക്കളെ കൊല്ലാം എന്നും സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്ന് ഹൈക്കോടതി നിരീക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതിനായി രണ്ടംഗ ബെഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here