പ്രമുഖ തമിഴ് നിർമാതാവ് കെ. രാജനെ (85) ചെന്നൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡയാർ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. ചെന്നൈയിലെ അടയാർ പാലത്തിൽ നിന്ന് കെ. രാജൻ പുഴയിലേക്ക് ചാടിയെന്നാണ് തമിഴ് വൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ് സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് കെ. രാജൻ നിരന്തരം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്താറുണ്ട്. നിർമ്മാതാക്കളുടെ സാമ്പത്തിക നഷ്ടം, അഭിനേതാക്കളുടെ ശമ്പളം തുടങ്ങി അദ്ദേഹത്തിന്റെ പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്.
1983ൽ ലാണ് കെ. രാജന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ഗണേഷ് സിനി ആർട്സിന്റെ ബാനറിലാണ് അദ്ദേഹം സിനിമകൾ നിർമിച്ചത്. അബ്ബാസ്, കുനാൽ എന്നിവരെ അഭിനയിച്ച ഉനാർക്കിഗൽ ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകൻ കൂടിയാണ് അദ്ദേഹം.നിർമാണത്തിന് പുറമേ വിതരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 2000 ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ പ്രഭുകാന്തും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.








