ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി പുറത്തു വിട്ട ഇറാൻ്റെ ഉപഗ്രഹ ചിത്രങ്ങൾ തെളിവുകൾ. ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടയിലാണ് ഇരു രാജ്യങ്ങളുടേയും നീക്കങ്ങൾ.
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ സമാനമായ സംഘർഷത്തിന് സാധ്യതയൊരുക്കി അമേരിക്കയും ഇറാനും. അമേരിക്കയുടെ ആക്രമണത്തിൽ തകർന്ന ആണവ കേന്ദ്രങ്ങൾ പുനർനിർമിക്കാൻ ഇറാൻ തയാറെടുക്കുന്നതായും ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി പുറത്തു വിട്ട ഇറാൻ്റെ ഉപഗ്രഹ ചിത്രങ്ങളിലാണ് ആണവ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതായി കണ്ടെത്തിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് ഉപഗ്രഹ ചിത്രം പ്രചരിക്കുന്നത്.
ഇറാൻ- അമേരിക്ക പോര് മുറുകുന്നതിന് തെളിവാണ് ഇറാൻ്റെ ഈ നീക്കമെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. ഇറാൻ്റെ സെൻസിറ്റീവ് സൈനിക കേന്ദ്രത്തിന് മുകളിലായി കോൺക്രീറ്റ് കവചം നിർമിച്ച് മണ്ണിട്ട് മൂടിയതായാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാന് നേരെ നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ തകർന്ന ഒരു ആണവ കേന്ദ്രത്തിലേയ്ക്കുള്ള തുരങ്കങ്ങൾ കണ്ടെടുത്തെന്നും നതാൻസിനടുത്തുള്ള തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ ശക്തിപ്പെടുത്തുന്നതായും വിവിധ വൃത്തങ്ങൾ രേഖപ്പെടുത്തുന്നു. ആക്രമണങ്ങളിൽ തകർന്ന മിസൈൽ താവളങ്ങൾ ഇറാൻ പുനർനിർമിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടി ഇറാന് നേരെ ഉണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ ഭാഗത്തു നിന്നും അനിഷ്‌ട നീക്കങ്ങൾ ഉണ്ടായാൽ അമേരിക്കയുടെ യുദ്ധകപ്പലുകൾ കടലിൽ മുക്കിക്കളയുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചിരുന്നു.
ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് പോർവിളിയ്ക്കുള്ള തയ്യാറെടുപ്പോ?
ഇറാൻ്റെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ശത്രുരാജ്യത്തിൻ്റെ ദൃഷ്‌ടിയിൽപ്പെടാതിരിക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്‌ചകളായി ആണവ കേന്ദ്രങ്ങൾ മണ്ണിട്ട് മൂടി ഒളിപ്പിക്കുന്ന തിരക്കിലാണ് ഇറാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി വിലയിരുത്തി.
ടെഹ്‌റാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പാർച്ചിൻ സമുച്ചയം ഇറാൻ്റെ ഏറ്റവും അതിസംവേദന ക്ഷമതയുള്ള സൈനിക കേന്ദ്രങ്ങളിൽ ഒന്നാണ്. 2024 ഒക്ടോബറിലാണ് ഇസ്രയേൽ പാർച്ചിൻ സമുച്ചയത്തെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു.
ആക്രമണത്തിനുശേഷം എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ പാർച്ചിൻ സമുച്ചയത്തിൽ വിപുലമായ പുനർനിർമ്മാണം വ്യക്തമാക്കുന്നു. കോൺക്രീറ്റും മണ്ണും നിറഞ്ഞ “സാർക്കോഫാഗസ്” കൊണ്ടാണ് ഇപ്പോൾ ആണവ കേന്ദ്രത്തെ പൂർണ്ണമായും മറച്ചതെന്ന് വിദഗ്‌ധർ വ്യക്തമാക്കി.
വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനാണ് ഇറാൻ ആണവ കേന്ദ്രങ്ങൾ ഒളിപ്പിക്കുന്നതെന്ന് അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും ആയുധ വിദഗ്‌ധനും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) സ്ഥാപകനുമായ ഡേവിഡ് ആൽബ്രൈറ്റ് പറഞ്ഞു.
മണ്ണിട്ട് മൂടുന്ന കേന്ദ്രം ഇറാൻ്റെ ബങ്കറായി മാറാൻ സാധ്യതയുണ്ടെന്നും ഡേവിഡ് ആൽബ്രൈറ്റ് കൂട്ടിച്ചേർത്തു. കോൺക്രീറ്റ് ചെയ്‌ത ഭാഗം മറയ്ക്കാനാണ് മണ്ണിട്ട് മൂടിയതെന്നും ഫോറൻസിക് ഇമേജറി അനലിസ്റ്റ് വില്യം ഗുഡ്ഹൈൻഡ് പറഞ്ഞു. മണ്ണിട്ട് മൂടിയ സ്ഥലത്തിൻ്റെ സമീപമുള്ള മൺകൂനകൾ ആണവ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ തെളിവാണെന്നാണ് ഉപഗ്രഹ ചിത്രം വ്യക്തമാകുന്നതെന്നും വില്യം ഗുഡ്ഹൈൻഡ് കൂട്ടിച്ചേർത്തു. 2025 ജൂണിലാണ് ഇറാന്‍റെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളായ ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നിവയിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്.
അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ നിർദേശം: ശക്തമായ സൈനിക നടപടിയെ കുറിച്ച് സൂചന നൽകിയതോടെ സംഘർഷം ഇല്ലാതാക്കാനുള്ള കരാറിൽ ഒപ്പു വയ്ക്കാൻ ഇറാനോട് നിർദേശം നൽകി അമേരിക്ക. ഇറാനും അമേരിക്കയും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നിർദേശം.
സംഘർഷം ഇല്ലാതാക്കാൻ ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ അമേരിക്കയുമായുള്ള ഭാവി ചർച്ചകൾക്കായി ഇറാൻ പദ്ധതി തയാറാക്കുകയാണെന്ന് ഇറാൻ്റെ ഉന്നത നയതന്ത്രജ്ഞൻ അബ്ബാസ് അരഗ്‌ചി പ്രതികരിച്ചു.
യുദ്ധം വേണ്ടെന്ന് മസൂദ് പെഷേഷ്‌കിയാൻ: യുദ്ധം തങ്ങൾക്ക് വേണ്ടെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയാൻ. എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങില്ലെന്നും മസൂദ് പെഷേഷ്‌കിയാൻ കൂട്ടിച്ചേർത്തു. താൻ അധികാരമേറ്റ അന്ന് മുതൽ യുദ്ധം നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ താത്പര്യങ്ങൾ ഇറാൻ്റെ മേൽ അടിച്ചേൽപ്പിക്കാനും അപമാനിക്കാനും ശ്രമിക്കുകയാണെങ്കിൽ അംഗീകരിക്കില്ലെന്നും മസൂദ് പെഷേഷ്‌കിയാൻ കൂട്ടിച്ചേര്‍ത്തു.
അരയും തലയും മുറുക്കി അമേരിക്ക?
യുദ്ധ സാഹചര്യം സൃഷ്‌ടിക്കാൻ സജ്ജമായി അമേരിക്കയെന്ന് വിവധ മാധ്യമങ്ങൾ. ഇറാൻ്റെ അതിർത്തിയിൽ അമേരിക്ക സൈനിക വിന്യാസം നടത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ സൈനിക നടപടി.
ഇറാന് സമീപം അമേരിക്കയുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് യുദ്ധ വിമാന വാഹിനി കപ്പൽ ഇറാൻ്റെ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. എഫ് 35, എഫ് 22, എഫ് 16 എന്നിവയുടെ 50 വിമാനങ്ങളാണ് ഇറാൻ അതിർത്തിയിൽ അമേരിക്ക വിന്യസിച്ചിട്ടുള്ളത്.
അമേരിക്കൻ യുദ്ധക്കപ്പലായ എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ളവ ഇറാൻ അതിർത്തിയിൽ വിന്യസിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി ഇറാൻ്റെ അന്തർദേശീയ ജലപാതയിൽ സൈനിക അഭ്യാസങ്ങൾ സേന നടത്തിയതായും വിവിധ മാധ്യമങ്ഹൾ റിപ്പോർട്ട് ചെയ്‌തു.






