തമിഴ്‌നാട്ടിൽ ഇന്ന് നിർണ്ണായക വിശ്വാസ വോട്ടെടുപ്പ്

0
43

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് നിയമസഭയിൽ നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിനെ നേരിടുന്നു. അധികാരമേറ്റ ശേഷം വിജയ് നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. സഭയിലെ ഭൂരിപക്ഷ കണക്കുകൾ വിജയ്‌ക്ക് അനുകൂലമാണെങ്കിലും, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സഖ്യകക്ഷികളുടെ നീക്കങ്ങളും പ്രതിപക്ഷമായ എഐഎഡിഎംകെയിലെ (AIADMK) ആഭ്യന്തര കലഹവും തമിഴ് രാഷ്ട്രീയത്തെ കലുഷിതമാക്കിയിട്ടുണ്ട്.

234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്. വിജയ് രണ്ട് സീറ്റുകളിൽ വിജയിച്ചതിനാൽ അതിലൊന്ന് രാജിവെക്കുന്നതോടെ ഭൂരിപക്ഷത്തിനായി 11 എംഎൽഎമാരുടെ പിന്തുണ കൂടി ആവശ്യമായി വരുന്നു. കോൺഗ്രസ് (5), ഐയുഎംഎൽ (2), സിപിഐ (2), സിപിഎം (2), വിസികെ (2) എന്നീ പാർട്ടികളുമായി സഖ്യം ചേർന്നതോടെ ഭരണകക്ഷിയുടെ അംഗബലം 120 ആയി ഉയർന്നിട്ടുണ്ട്.

ടിവികെ സർക്കാരിന് വിസികെ (VCK) അധ്യക്ഷൻ തോൾ തിരുമാവളവൻ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത് വിജയത്തിന് വലിയ കരുത്തായി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാനാണ് തങ്ങൾ ഈ മതേതര സർക്കാരിനെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതി സന്ദർശിച്ച വിജയ്‌യുടെ നിലപാടിനെ സ്വാഗതം ചെയ്ത തിരുമാവളവൻ, സഭയിൽ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ തന്റെ എംഎൽഎമാർക്ക് നിർദ്ദേശം നൽകി.

എഐഎഡിഎംകെയിൽ പൊട്ടിത്തെറി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയിലെ പ്രമുഖ നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുമായി വിജയ് കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ ക്യാമ്പിനെ ഞെട്ടിച്ചു. എടപ്പാടി പളനിസാമിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഷൺമുഖത്തിന്റെയും വേലുമണിയുടെയും നേതൃത്വത്തിൽ 30 എംഎൽഎമാർ വിജയ് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ജയലളിതയുടെ ഭരണം (അമ്മ ഭരണം) വീണ്ടെടുക്കാൻ വിജയ്‌യെ പിന്തുണയ്ക്കണമെന്നാണ് വിമത പക്ഷത്തിന്റെ വാദം. എന്നാൽ പളനിസാമി വിഭാഗം എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിടേണ്ടി വരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.

നിയമക്കുരുക്കും തിരിച്ചടിയും

തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിന് വിജയിച്ച ടിവികെ എംഎൽഎ ആർ. സീനിവാസ സേതുപതിയെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി തടഞ്ഞത് സർക്കാരിന് ചെറിയ തിരിച്ചടിയായി. ഡിഎംകെയിലെ കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ ഭരണപക്ഷത്തിന്റെ വോട്ട് നില 119 ആയി കുറഞ്ഞു. ഈ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.

മറ്റ് നാടകീയ നീക്കങ്ങൾ

എഎംഎംകെ (AMMK) എംഎൽഎ കാമരാജിന്റെ പിന്തുണയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നു. വ്യാജ കത്തും എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയും ഉപയോഗിച്ചാണ് വിജയ് തന്റെ എംഎൽഎയുടെ പിന്തുണ അവകാശപ്പെടുന്നതെന്ന് ടിടിവി ദിനകരൻ ആരോപിച്ചു. എന്നാൽ കത്തിൽ എംഎൽഎ ഒപ്പിടുന്ന ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു. ഇതിന് പിന്നാലെ കാമരാജിനെ എഎംഎംകെയിൽ നിന്ന് പുറത്താക്കി.

നിലവിൽ 119 എംഎൽഎമാരുടെ പിന്തുണയുള്ള വിജയ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അവസാന നിമിഷം നിയമപരമായോ രാഷ്ട്രീയമായോ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാതിരുന്നാൽ വിജയ് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here