വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി വി ഷണ്മുഖത്തിൻ്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ

0
56

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ രംഗത്തെത്തി.

ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യമുണ്ടാക്കാൻ നീക്കം നടക്കുന്നു എന്ന റിപ്പോർട്ടുകളിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്ന് ഷണ്മുഖം ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ എഐഎഡിഎംകെയെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 234 സീറ്റുകളിൽ വെറും 47 എണ്ണത്തിൽ മാത്രമാണ് എഐഎഡിഎംകെ വിജയിച്ചത്. 2019, 2021, 2024 തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയ ഷണ്മുഖം, ജനവിധി വിജയിക്കൊപ്പമാണെന്ന് തുറന്നുപറഞ്ഞു.

“വിജയ് മുഖ്യമന്ത്രിയാകണമെന്നതാണ് ജനവിധി. അത് നമ്മൾ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി വിജയിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. എഐഎഡിഎംകെ പാർലമെന്ററി പാർട്ടി വിജയ് സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇപിഎസ് ഒറ്റപ്പെടുന്നു

ടിവികെ സഖ്യത്തെ നേരിടാൻ എടപ്പാടി കെ. പളനിസ്വാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിക്കുന്നു എന്ന വാർത്തകൾ എംഎൽഎമാരെ പ്രകോപിപ്പിച്ചു. നിർദ്ദിഷ്ട സഖ്യത്തിന്റെ മുഖ്യമന്ത്രിയാകാൻ പളനിസ്വാമി ആഗ്രഹിച്ചിരുന്നതായും എന്നാൽ മിക്ക അംഗങ്ങളും ഇത് അംഗീകരിച്ചില്ലെന്നും ഷണ്മുഖം വെളിപ്പെടുത്തി. ഷണ്മുഖത്തിനൊപ്പം 30 എംഎൽഎമാർ പോയതോടെ പളനിസ്വാമിക്കൊപ്പം ഇനി വെറും 17 പേർ മാത്രമാണുള്ളത്.

പാർട്ടിയെ രക്ഷിക്കാനുള്ള നീക്കം

എംജിആർ സ്ഥാപിച്ച പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ഡിഎംകെ സഖ്യമെന്ന് ഷണ്മുഖം ആരോപിച്ചു. “ഡിഎംകെ എന്ന തിന്മയെ തമിഴ്‌നാട്ടിൽ നിന്ന് വേരോടെ പിഴുതെറിയാനാണ് എഐഎഡിഎംകെ രൂപീകരിച്ചത്. അവരുമായി കൈകോർക്കുന്നത് പാർട്ടിയുടെ അന്ത്യത്തിന് വഴിവെക്കും. പാർട്ടിയെ നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അതുകൊണ്ടാണ് നിയമസഭാ കക്ഷി യോഗത്തിൽ ഇത്തരം സഖ്യനീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്,” അദ്ദേഹം വ്യക്തമാക്കി.

എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി എസ്.പി. വേലുമണിയെയും ഡെപ്യൂട്ടി നേതാവായി ജി. ഹരിയെയും തിരഞ്ഞെടുത്തതായും ഷണ്മുഖം അറിയിച്ചു. തുടർച്ചയായ പരാജയങ്ങളുടെ കാരണം ചർച്ച ചെയ്യാൻ ജനറൽ കൗൺസിൽ യോഗം വിളിക്കണമെന്ന് തങ്ങൾ ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജയലളിതയുടെ മരണശേഷം പ്രതിസന്ധിയിലായ എഐഎഡിഎംകെയ്ക്ക് ഷണ്മുഖത്തിന്റെ ഈ നീക്കം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here