ഏറെ നേരം മൂത്രം പിടിച്ച് വയ്ക്കുന്നത് ഗുരുതര മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഹൈദരാബാദ് യശോദ ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. എം ഗോപിചന്ദ് പറയുന്നത്…
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് നിരവധി വിദഗ്‌ധര്‍ പറയുന്നുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് ഒട്ടനവധി പഠന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് ഏവരെയും ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗം കൗമാരക്കാരില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അതെങ്ങനെ അങ്ങനെ അസുഖം വരുമെന്ന് കരുതിയിരിക്കേണ്ട. മൊബൈലില്‍ ഫോണില്‍ കളിച്ചിരുന്ന് മിനിറ്റുകളും മണിക്കൂറുകളും മാറിമറിയുന്നത് പലരും അറിയാറില്ല. അതിനിടെ മൂത്രാശയത്തില്‍ നിന്നും തലച്ചോറിലേക്ക് നല്‍കുന്ന മൂത്രമൊഴിക്കണമെന്ന സന്ദേശവും പലരും അവഗണിക്കുന്നു.
ഏറെ നേരത്തിന് ശേഷമായിരിക്കും പലരും പിന്നീട് മൂത്രമൊഴിക്കാന്‍ പോകുന്നത്. അപ്പോഴേക്കും മൂത്രസഞ്ചി വലിയൊരു അളവ് മൂത്രത്തെ വഹിച്ച് ഏറെ നേരം പിന്നിട്ടിട്ടുണ്ടാകും. ഇത് പിന്നീട് വലിയ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഫോണില്‍ കണ്ട് കൊണ്ടിരിക്കുന്ന വീഡിയോ അല്ലെങ്കില്‍ ചാറ്റ് അല്‍പ നേരത്തേക്ക് മാറ്റി വയ്‌ക്കാന്‍ പോലും കഴിയാത്തതാണ് കൗമാരക്കാരെ രോഗികളാക്കുന്നത്. അഥവാ ഫോണില്‍ നിന്നും മാറുന്ന സമയത്തായിരിക്കും പ്രധാനപ്പെട്ട വിഷയം വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയാകുക, അല്ലെങ്കില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സീന്‍ ഇതിനിടെ വിട്ടു പോയേക്കാം… എന്നിങ്ങനെയുള്ള ചിന്തകളാണ് പലരെയും ഫോണിന് മുന്നില്‍ തന്നെ തളച്ചിടുന്നത്.
ഇത്തരത്തില്‍ കൗമാരക്കാരിലുള്ള ഈ പ്രവണതയെ വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് എന്നാണ് അറിയപ്പെടുന്നതെന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ് ഡോ.എം ഗോപിചന്ദ് പറഞ്ഞു. മൂത്രമൊഴിക്കാന്‍ തോന്നിയിട്ടും ഏറെ നേരം അതിനെ പിടിച്ചുവച്ച് മറ്റെന്തെങ്കിലും പ്രവര്‍ത്തികളില്‍ മുഴുകുന്നതിനെയാണ് വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് എന്ന് പറയുന്നത്. കുട്ടികളിലും ഇത്തരം പ്രവണതകള്‍ കാണുന്നുണ്ട്. സമയത്ത് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത അത്രയും തിരക്കിലാണ് കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൗമാരക്കാരിലും വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റുള്ളവര്‍ കുറവൊന്നുമില്ല.
സ്ഥിരമായി മൂത്രമൊഴിക്കാന്‍ വൈകുന്നവരിലെ മൂത്രാശയത്തില്‍ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകും. തുടര്‍ച്ചയായി ഇത് തുടര്‍ന്നാല്‍ മറ്റ് ഏത് അവയവങ്ങളെ പോലെ തന്നെ മൂത്രാശയത്തിലും രോഗങ്ങള്‍ക്ക് കാരണമാകുന്നു. അറിയാതെ മൂത്രം പോകുന്ന അവസ്ഥ, മൂത്രാശയത്തിന്‍റെ പേശികളുടെ ശേഷി കുറയല്‍ എന്നിവയ്‌ക്ക് ഇത് കാരണമാകും.
- അറിയാതെ മൂത്രം പോകുന്ന അവസ്ഥ.
- മൂത്ര തടസം.
- അമിതമായതും പെട്ടെന്നുള്ളതുമായ മൂത്രാശങ്ക.
- മൂത്രാശയത്തിലെ അണുബാധ.
- മൂത്രാശയത്തിലെ കല്ല്.
തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഡോ. ഗോപിചന്ദ് പറയുന്നു. മൂത്രാശയത്തില്‍ കൂടുതല്‍ സമയം മൂത്രം പിടിച്ച് നിര്‍ത്തുന്നത് ബാക്‌ടീരിയ പെരുകാന്‍ കാരണമാകും. തന്മൂലമാണ് മൂത്രാശയത്തില്‍ അണുബാധയുണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല കുട്ടികളിലെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
സ്‌ക്രീന്‍ സമയം കുറയ്‌ക്കാനും അതില്‍ നിന്നും ബ്രേക്ക് എടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം. മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം കുടിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്‌ക്രീന്‍ കാരണം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കാമെന്നും ഡോ. ഗോപിചന്ദ് പറയുന്നു.









