ഭരണം തുടങ്ങി ആദ്യ തീരുമാനം; തമിഴ്നാട്ടിൽ 717 സർക്കാർ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

0
20

ചെന്നൈ: തമിഴ്നാട്ടിൽ 717 സർക്കാർ മദ്യശാലകൾ അടിയന്തരമായി പൂട്ടാൻ പുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഉത്തരവാണിത്. അടുത്ത രണ്ടാഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. സംസ്ഥാനത്തെ ഭരണമാറ്റത്തിൻ്റെ വ്യക്തമായ സൂചന നൽകുന്നതാണ് പുതിയ തീരുമാനം.

പൊതുജന താത്പര്യം മുൻനിർത്തിയാണ് കടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4765 ചില്ലറ മദ്യശാലകളാണുള്ളത്. ഇവയെല്ലാം തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ്റെ (ടാസ്മാക്) പൂർണ നിയന്ത്രണത്തിലാണ്. ഇതിൽ ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യശാലകൾ ആദ്യം പൂട്ടും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകൾക്കും ഉടൻ പൂട്ടുവീഴും. ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും ഇതോടൊപ്പം പൂട്ടാനാണ് നിർദേശം. കഴിഞ്ഞ ദിവസം മദ്യശാലകൾ സംബന്ധിച്ച് ജനകീയ സർവേ നടത്താൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ജനത്തിരക്കുള്ള ഇടങ്ങളുടെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലുള്ള മദ്യശാലകളെയാണ് പൂട്ടാനായി നിലവിൽ കണ്ടെത്തിയിരിക്കുന്നത്.

തമിഴ്നാട് സർക്കാരിൻ്റെ നിർണായക വരുമാന സ്രോതസ്സാണ് ടാസ്മാക് മദ്യശാലകൾ. പ്രതിവർഷം കോടികളാണ് ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത്. അതിനാൽ വലിയ സാമ്പത്തിക രാഷ്ട്രീയ ചർച്ചകൾക്കും പുതിയ നീക്കം വഴിവച്ചിട്ടുണ്ട്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന മദ്യശാലകൾ പൂട്ടാൻ സന്നദ്ധ സംഘടനകൾ സർക്കാരിനോട് കാലങ്ങളായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ടാസ്മാക് നടത്തിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അന്വേഷണവും ഇപ്പോൾ നടക്കുന്നുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാന വ്യാപകമായി അനേകം സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമായിരുന്നു നടപടി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡും അന്വേഷണ പരിധിയിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഏജൻസി നിരീക്ഷിക്കുന്നുണ്ട്.

മയക്കുമരുന്ന് രഹിത തമിഴ്നാട് എന്നത് പുതിയ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന് ഭരണത്തിൽ മുൻഗണന നൽകുമെന്നത് പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. വലിയൊരു വ്യവസ്ഥിതി മാറ്റത്തിലേക്കുള്ള ആദ്യ പടിയായാണ് പുതിയ നടപടിയെ നാട് ഒന്നാകെ വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് ജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപായി തമിഴക വെട്രി കഴകം (ടിവികെ) പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇത് അസന്ദിഗ്ദ്ധമായി പറയുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മദ്യശാലകൾ പൂട്ടാൻ പുതിയ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനൊപ്പം സംസ്ഥാനത്തെ ലഹരി മാഫിയകളെ പൂർണമായും ഇല്ലാതാക്കാൻ പോലീസ് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കും.

മദ്യപാനം പരമാവധി കുറയ്ക്കുന്നതിനായി കടകളുടെ പ്രവർത്തന സമയത്തിലും ഉടൻ മാറ്റങ്ങൾ വരുത്തിയേക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം കൊണ്ടുവരിക എന്നതാണ് ടിവികെ സർക്കാരിൻ്റെ ശക്തമായ നയം.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

തമിഴ്നാട് നിയമസഭയിൽ പുതിയ ടിവികെ സർക്കാരിൻ്റെ ആദ്യ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്കാണ് നിയമസഭയിൽ നിർണായക വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ഡിഎംകെ നിലവിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. അതിനാൽ ഭരണകക്ഷിയായ ടിവികെ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നത് ഏതാണ്ട് ഉറപ്പായി.

മുതിർന്ന പാർട്ടി നേതാവ് ജെ സി ഡി പ്രഭാകർ ആണ് ടിവികെയുടെ ഔദ്യോഗിക സ്പീക്കർ സ്ഥാനാർഥി. സഭയിൽ മികച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. അതേസമയം മുൻ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ഇന്നത്തെ നിലപാടുകളും നീക്കങ്ങളും നിർണായകമാണ്. പുതിയ മുഖ്യമന്ത്രി അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിൽ അവർ സ്വീകരിക്കുന്ന നയം രാഷ്ട്രീയ ലോകം വലിയ താത്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here