ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടർന്ന് ‘ഭരതനാട്യം 2 മോഹിനിയാട്ടം’. തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. റിലീസ് ആയി അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നെറ്റ്‌ഫ്ലിക്സിലൂടെ സിനിമയുടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ ട്രെൻഡിങ് ലിസ്റ്റിൽ ‘മോഹിനിയാട്ടം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൃഷ്ണദാസ് മുരളിയാണ് ‘മോഹിനിയാട്ടം’ സംവിധാനം ചെയ്തിരിക്കുന്നത്. 2024ൽ റിലീസ് ആയ ‘ഭരതനാട്യം’ സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ‘മോഹിനിയാട്ടം’ നിർമിച്ചിരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.







